സ്‌പോൺസർഷിപ്പ് വാങ്ങാൻ നിർബന്ധിച്ചത് ശ്വേതയെന്ന് കുക്കു പരമേശ്വരൻ; 'അമ്മ'യിലെ സാമ്പത്തിക തർക്കം മുറുകുന്നു

ഇക്കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് കുക്കു പരമേശ്വരൻ
സ്‌പോൺസർഷിപ്പ് വാങ്ങാൻ നിർബന്ധിച്ചത് ശ്വേതയെന്ന് കുക്കു പരമേശ്വരൻ; 'അമ്മ'യിലെ സാമ്പത്തിക തർക്കം മുറുകുന്നു
Published on
Updated on

എറണാകുളം: താരസംഘടനയായ 'അമ്മ'യുടെ കുടുംബ സംഗമത്തിന് സ്പോൺസർഷിപ്പ് വാങ്ങിയതിൽ തർക്കം മൂർച്ഛിക്കുന്നു. സ്‌പോൺസർഷിപ്പ് വാങ്ങാൻ നിർബന്ധിച്ചത് പ്രസിഡൻ്റ് ശ്വേത മേനോനാണെന്നാണ് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ്റെ വാദം. ഇക്കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് കുക്കു പരമേശ്വരൻ. എക്സിക്യൂട്ടിവ് കമ്മിറ്റി ഉടൻ ചേരുമെന്നാണ് വിവരം. അതേസമയം വിവാദങ്ങൾ കടുത്തതോടെ 'അമ്മ'യിൽ പരസ്യ പ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എക്‌സിക്യൂട്ടിവ് അംഗങ്ങൾ മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് നിർദേശം. പ്രസിഡൻ്റ് ശ്വേത മേനോനാണ് നിർദേശം നൽകിയത്.

'അമ്മ'യുടെ കുടുംബ സം​ഗമം സംഘടിപ്പിച്ചത് ദല്ലാൾ നന്ദകുമാറിൻ്റെ സഹായത്തോടെയാണെന്ന് വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ കഴിഞ്ഞ ദിവസം ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു. നന്ദകുമാറിന്റെ വെണ്ണലയിലെ ക്ഷേത്രമായിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറുമാണ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചത്. 'അമ്മ'യിൽ തർക്കങ്ങൾ മുറുകുന്നതിനിടെയാണ് വിവാദ സ്പോൺസർഷിപ്പിന്റെ വിവരങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടത്.

സ്‌പോൺസർഷിപ്പ് വാങ്ങാൻ നിർബന്ധിച്ചത് ശ്വേതയെന്ന് കുക്കു പരമേശ്വരൻ; 'അമ്മ'യിലെ സാമ്പത്തിക തർക്കം മുറുകുന്നു
റിലീസ് ദിനം മുതൽ ഒരാഴ്ചത്തേക്ക് പ്രതിദിനം അഞ്ച് ഷോ നടത്താം; തമിഴ്‌ സിനിമാ മേഖലയ്ക്ക് ആശ്വാസം, ഉത്തരവിറക്കി വിജയ്‌ സർക്കാർ

'അമ്മ'യുടെ ബൈ ലോ അനുസരിച്ച് സ്പോൺസർഷിപ്പ് പുറത്തുള്ളവരിൽ നിന്ന് വാങ്ങാനാകില്ല. 75 ലക്ഷം രൂപയായിരുന്നു നന്ദകുമാർ വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ 30 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളൂ. ഇനിയും 40 ലക്ഷം രൂപ നൽകാനുണ്ടെന്നാണ് അംഗങ്ങളിൽ നിന്ന് അറിയുന്നത്. കരാറിന് ചുക്കാൻ പിടിച്ചത് 'അമ്മ'യുടെ പ്രസിഡൻ്റ് ശ്വേതാ മേനോനും കരാറിൽ ഒപ്പുവച്ചത് കുക്കു പരമേശ്വരനുമാണ്.

കമ്മിറ്റികളിൽ കൂടിയാലോചന നടത്താതെയാണ് സ്പോൺസർഷിപ്പ് വാങ്ങിയതെന്നാണ് അംഗങ്ങൾക്കിടയിലെ പ്രധാന വിമർശനം. കുടുംബമേളയ്ക്ക് പിന്നാലെയാണ് ഈ പ്രശ്നങ്ങളെല്ലാം തുടങ്ങിയത്. കുടുംബമേളയുടെ സൗണ്ട് സിസ്റ്റം വാടകയ്ക്ക് എടുത്തതിൽ വൻ തുക വെട്ടിപ്പ് നടത്തിയെന്ന് ഒരു വിഭാഗം ആരോപിച്ചു. സംഗീത പരിപാടിയുടെ പേരിലും വെട്ടിപ്പ് നടന്നെന്ന് ആക്ഷേപമുണ്ട്. കാറ്ററിങ്ങിൻ്റെ പേരിൽ അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് മറ്റൊരു ആരോപണം.

News Malayalam 24x7
newsmalayalam.com