"നിവിൻ - മമിത കോംബോയ്ക്ക് പകരം മഞ്ജുവും നസ്‌ലനുമാണെങ്കിലോ? ഇതേ സ്വീകാര്യത ലഭിക്കുമോ"; കുറിപ്പുമായി ധന്യ വർമ

നിവിൻ, മമിത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തെ മുൻനിർത്തി കുറിപ്പുമായി ധന്യ വർമ
"നിവിൻ - മമിത കോംബോയ്ക്ക് പകരം മഞ്ജുവും നസ്‌ലനുമാണെങ്കിലോ? ഇതേ സ്വീകാര്യത ലഭിക്കുമോ"; കുറിപ്പുമായി ധന്യ വർമ
Published on
Updated on

നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി ഒരുക്കിയ ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'. ഓണം റിലീസായി എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ആദ്യ ദിനം മുതൽ ലഭിക്കുന്നത്. മുപ്പതുകളുടെ മധ്യത്തിൽ എത്തിനിൽക്കുന്ന ഒരു പുരുഷനും അയൽവാസിയായ കൗമാരക്കാരിയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. എന്നാൽ, ഈ സിനിമയിൽ സ്ത്രീക്കാണ് പ്രായക്കൂടുതൽ എങ്കിൽ ഇപ്പോൾ ലഭിക്കുന്ന സ്വീകര്യത ലഭിക്കുമായിരുന്നോ എന്ന് ചോദിക്കുകയാണ് യൂട്യൂബർ ധന്യ വർമ.

പ്രായമേറിയ ഒരു സ്ത്രീയും കൗമാരക്കാരും തമ്മിലുള്ള പ്രണയമായിരുന്നു 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്റെ ഇതിവൃത്തമെങ്കിൽ ആ സിനിമ പരിഹസിക്കപ്പെടുമെന്നും പ്രധാന സ്ത്രീ കഥാപാത്രം 'സ്ലട്ട് ഷെയ്മിംഗിന്' ഇരയാവുമെന്നും ധന്യ വർമ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

"നിവിൻ - മമിത കോംബോയ്ക്ക് പകരം മഞ്ജുവും നസ്‌ലനുമാണെങ്കിലോ? ഇതേ സ്വീകാര്യത ലഭിക്കുമോ"; കുറിപ്പുമായി ധന്യ വർമ
പ്രണയവും ചിരിയും നിറഞ്ഞ നിവിന്റെയും മമിതയുടേയും 'ബെത്ലഹേം'; Bethlehem Kudumba Unit Review

ധന്യ വർമയുടെ കുറിപ്പിന്റെ പൂർണരൂപം:

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയിൽ സ്ത്രീക്ക് പ്രായം കൂടുതൽ ഉള്ള രീതിയിൽ കഥാപാത്രങ്ങളെ പരസ്പരം മാറ്റിയാൽ കാര്യങ്ങൾ എങ്ങനെയായിരിക്കും എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു... സിനിമയിലെ നിവിൻ പോളിയെപ്പോലെ തന്നെ ആ സ്ത്രീയും മനംകവർന്നാലും... നമ്മുടെ സമൂഹവും സംസ്കാരവും വലിയൊരു അളവുവരെ ആ സിനിമയെ അംഗീകരിക്കുമോ...തീർച്ചയായും ആ സിനിമ പരിഹസിക്കപ്പെടുകയും കളിയാക്കപ്പെടുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പാണ്. മിക്കവാറും ആ പ്രധാന സ്ത്രീ കഥാപാത്രം 'സ്ലട്ട് ഷെയ്മിംഗിന്' ഇരയാവുകയും ചെയ്യും. ഒന്ന് ആലോചിച്ചു നോക്കൂ.

എന്റെ ഒരു സുഹൃത്ത് അയച്ച മെസ്സേജ് പോലെ: മഞ്ജു, നവ്യ, പൂർണിമ, ആശ എന്നിവരിൽ ആരെങ്കിലും ഒരാൾ റോഷൻ, ഷെയ്ൻ, അർജുൻ, ആസിഫ്, നസ്‌ലൻ അല്ലെങ്കിൽ മാത്യു എന്നിവർക്കൊപ്പം പ്രണയജോഡികളായി അഭിനയിക്കുന്ന ഒരു സിനിമ സങ്കൽപ്പിച്ചു നോക്കൂ! അത് എങ്ങനെയായിരിക്കും? ഒന്ന് ചിന്തിച്ചു നോക്കൂ. മമിത - നിവിൻ പോളി കോംബോയ്ക്ക് ലഭിച്ച അതേ സ്വീകാര്യത അതിന് ലഭിക്കുമോ?

പ്രായവും വൈകാരികമായ പക്വതയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നത് സത്യമാണ്. നാല്പതുകളിലും അമ്പതുകളിലും അതിനുമുകളിലും പ്രായമുള്ള സ്ത്രീപുരുഷന്മാരേക്കാൾ തലച്ചോറിൽ ഏറെ പക്വതയുള്ള ഇരുപതുകളിലെ പെൺകുട്ടികളെയും ആൺകുട്ടികളെയും ഞാൻ കണ്ടിട്ടുണ്ട്.

ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ, ആരോഗ്യകരമായ ഒരു ബന്ധത്തിന് ഏറ്റവും അത്യാവശ്യമായ പ്രാഥമിക ഘടകം ഈ വൈകാരിക പക്വതയാണ് എന്നതാണ്. നമ്മളിൽ ഭൂരിഭാഗം ആളുകളും ഇതിന്റെ അർത്ഥം എന്താണെന്ന് പോലും മനസിലാക്കാതെയാണ് ബന്ധങ്ങളിലേക്ക് കടക്കുന്നത്, അല്ലേ?

എന്നെ വ്യക്തിപരമായി സംബന്ധിച്ചിടത്തോളം, ബന്ധങ്ങളിൽ പ്രായം ഒരു മാനദണ്ഡമേ അല്ല. ആണുങ്ങൾക്ക് പ്രായം കൂടുതലായാലും / പെണ്ണുങ്ങൾക്ക് 10, 20, 30ഓ അതിലധികമോ വർഷം പ്രായം കൂടുതലായാലും അതെന്നെ ബാധിക്കുന്നേയില്ല. ആ ബന്ധം പരസ്പരമുള്ള കരുതൽ, ബഹുമാനം, തുറന്ന ആശയവിനിമയം എന്നിവയിൽ അധിഷ്ഠിതമായിരിക്കുന്നിടത്തോളം കാലം.

ബന്ധത്തിലുള്ള ആളുകൾക്ക് പ്രായം ഒരു വിഷയമല്ലെങ്കിൽ, മറ്റാർക്കും അത് ഒരു വിഷയമാകേണ്ടതില്ല.

News Malayalam 24x7
newsmalayalam.com