

ന്യൂഡൽഹി: 'ധുരന്ധർ' സിനിമയെ പ്രശംസിച്ച ബോളിവുഡ് താരം ഹൃത്വിക് റോഷന് മറുപടിയുമായി സംവിധായകൻ ആദിത്യ ധർ. സിനിമയുടെ രാഷ്ട്രീയവുമായി വിയോജിപ്പുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമായിരുന്നു സിനിമയെ പ്രശംസിച്ചുകൊണ്ടുള്ള നടന്റെ പോസ്റ്റ്. ഡിസംബർ അഞ്ചിന് ആണ് സിനിമ റിലീസ് ചെയ്തത്.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധറി'ന്റെ കഥപറച്ചിൽ രീതി ഇഷ്ടപ്പെട്ടെങ്കിലും രാഷ്ട്രീയവുമായി ഒത്തുപോകാനാകില്ലെന്നാണ് ഹൃത്വിക് ഡിസംബർ 10ന് അഭിപ്രായപ്പെട്ടത്. എന്നാൽ പിന്നീട് സിനിമയേയും അണിയറപ്രവർത്തകരേയും പ്രകീർത്തിച്ചു കൊണ്ട് നടൻ രംഗത്തെത്തി. 'ധുരന്ധർ' മനസിൽ നിന്ന് പോകുന്നില്ല എന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ഹൃത്വിക് കുറിച്ചത്.
സിനിമയുടെ രണ്ടാം ഭാഗത്തിനായി അണിയറപ്രവർത്തകർ കഠിനമായി പരിശ്രമിക്കുമെന്നാണ് ആദിത്യ ധറിന്റെ മറുപടി. "താങ്കളുടെ അഭിനന്ദനം മുഴുവൻ ടീമിനും വലിയ പ്രോത്സാഹനമാണ്. അവരുടെ ക്രാഫ്റ്റിനെ അഭിനന്ദിച്ചതിന് നന്ദി. രണ്ടാം ഭാഗം വരികയാണ്...ഈ പ്രോത്സാഹനത്തിന് അനുസൃതമായി മുന്നോട്ടുപോകാൻ ഞങ്ങൾ പരമാവധി ശ്രമിക്കും," ആദിത്യ എക്സിൽ കുറിച്ചു.
അതേസമയം, രൺവീർ സിംഗ് നായകനായ 'ധുരന്ധർ' ബോക്സ്ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ 239 കോടി രൂപയാണ് സിനിമയുടെ ആഭ്യന്തര കളക്ഷൻ. ആദ്യ ദിനത്തിൽ 28 കോടി രൂപയാണ് 'ധുരന്ധർ' ഇന്ത്യയിൽ നിന്ന് കളക്ട് ചെയ്തത്. എന്നാൽ, ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത് ആഗോള തലത്തിൽ സിനിമയുടെ കളക്ഷനെ ബാധിച്ചേക്കും. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് സിനിമയ്ക്ക് പ്രദർശന വിലക്കുള്ളത്.
ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ രൺവീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാറ അർജുൻ ആണ് നായിക.