"ജാൻവിയെ അല്ല, 'പെദ്ധി' അണിയറപ്രവർത്തകരെയാണ് കുറ്റപ്പെടുത്തേണ്ടത്"; വിമർശനങ്ങളിൽ ഡിംബിൾ ഹയാത്തി

'പെദ്ധി'യിൽ നടിയെ വെറും ഉപഭോഗവസ്തുവായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പ്രധാന വിമർശനം
ഡിംബിൾ ഹയാത്തി, ജാൻവി കപൂർ
ഡിംബിൾ ഹയാത്തി, ജാൻവി കപൂർ
Published on
Updated on

മുംബൈ: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് 'പെദ്ധി'. ചിത്രം ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുമ്പോഴും നായികയായ ജാൻവി കപൂറിനെ അവതരിപ്പിച്ച വിധത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. നടിയെ വെറും ഉപഭോഗവസ്തുവായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പ്രധാന വിമർശനം. ജാൻവി ഇത് തിരിച്ചറിയാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദ്യങ്ങളുയരുന്നുണ്ട്. എന്നാൽ ഇതിൽ, സിസ്റ്റത്തേയും അണിയറപ്രവർത്തകരേയുമാണ് കുറ്റപ്പെടുത്തേണ്ടതെന്നാണ് നടി ഡിംബിൾ ഹയാത്തിയുടെ വാദം.

വലിയ സിനിമകളുടെ ഭാഗമായി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ ആഗ്രഹിച്ച്, നടിമാർ ലഭിക്കുന്ന അവസരം മികച്ചതാക്കാൻ പരമാവധി ശ്രമിക്കുക മാത്രമാണെന്ന് ഡിംബിൾ അഭിപ്രായപ്പെട്ടത്. "നടിമാരെ കുറ്റപ്പെടുത്തരുത്, മറിച്ച് ഇത്തരം കാര്യങ്ങളാണ് വിറ്റഴിയുന്നത് എന്ന് വിചാരിച്ചുവച്ചിരിക്കുന്ന ഇവിടുത്തെ സിസ്റ്റത്തെയും സിനിമയുടെ അണിയറപ്രവർത്തകരെയുമാണ് കുറ്റപ്പെടുത്തേണ്ടത്. സിനിമകളിൽ വലിയ വിജയങ്ങൾ നേടണമെന്നും, കൂടുതൽ വലിയ സിനിമകളുടെ ഭാഗമായി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരണമെന്നും ആഗ്രഹിച്ച്, ലഭിക്കുന്ന അവസരങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി മികച്ചതാക്കാൻ ശ്രമിക്കുക മാത്രമാണ് അഭിനേതാക്കളായ ഞങ്ങൾ ചെയ്യുന്നത്.

ഒരു കഥാപാത്രത്തിന് വേണ്ടത്ര ആഴമില്ലെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ആ വേഷം ചെയ്യുന്ന സ്ത്രീക്കല്ല, മറിച്ച് അതിന്റെ എഴുത്തിലും സിനിമയുടെ മേക്കിങ്ങിലും എടുത്ത തീരുമാനങ്ങൾക്കാണ്. നിർഭാഗ്യവശാൽ, നമ്മുടെ പൂർണമായ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നതിന് മുൻപ് തന്നെ, നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ രീതിയും അത് എങ്ങനെ വരുന്നു എന്നതും വച്ച് ആളുകൾ നമ്മളെ സ്റ്റീരിയോടൈപ്പിലേക്ക് ഒതുക്കുന്നു. അതേസമയം, നായക കേന്ദ്രീകൃതമായ സിനിമകളാകുമ്പോൾ അവർക്ക് പ്രോജക്ട് ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും ലഭിക്കുന്നുമുണ്ട്. നമ്മൾ എന്താണോ കാണുന്നത്, അത് നമ്മൾ വിശ്വസിക്കുന്നു. നിർഭാഗ്യവശാൽ അതാണ് സത്യം.

ഡിംബിൾ ഹയാത്തി, ജാൻവി കപൂർ
"സായ്‌ പല്ലവിയെയാണ് ഈ റോളിലേക്ക് ആദ്യം ആലോചിച്ചിരുന്നത്"; വെളിപ്പെടുത്തി സമാന്ത

ഒരു സിനിമ നിർമ്മിക്കുന്നതിന് പിന്നിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ആർക്കും അറിയില്ല, അത് ഒരാളുടെ മാത്രം തീരുമാനവുമല്ല. എങ്കിലും, ഇതിലും മികച്ച അനുഭവങ്ങളും ഇതിലും മികച്ച സിനിമകളും നമ്മൾ അർഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ഒരേ അഭിപ്രായത്തിൽ നിൽക്കാൻ സാധിക്കും," നടി എക്സിൽ കുറിച്ചു.

ഡിംബിൾ ഹയാത്തി, ജാൻവി കപൂർ
236 കോടിക്ക് മുകളിൽ ആഗോള ഗ്രോസുമായി 'പെദ്ധി'; മൂന്ന് ദിനം കൊണ്ട് റെക്കോർഡ് കളക്ഷനുമായി രാം ചരൺ ചിത്രം

വിമർശനങ്ങൾ ഉയർന്നതോടെ സിനിമയിലെ ചില സീനുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചതായി 'പെദ്ധി' സംവിധായകൻ ബുച്ചി ബാബു സന ശനിയാഴ്ച അറിയിച്ചിരുന്നു. "'പെദ്ധി'യിലെ ചില രംഗങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ ഞങ്ങൾ കേൾക്കുകയും അത് വളരെ ഗൗരവമായി എടുക്കുകയും ചെയ്തിട്ടുണ്ട്. സ്‌ക്രീനിലും ജീവിതത്തിലും സ്ത്രീകൾക്ക് എന്നും ഞാൻ വലിയ ബഹുമാനമാണ് നൽകിയിട്ടുള്ളത്. ഏതെങ്കിലും ഒരു സ്ത്രീ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കാനോ അവഹേളിക്കാനോ ഞങ്ങൾ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. സിനിമയുടെ ഏതെങ്കിലും ഒരു ഭാഗം അങ്ങനെയാണ് ആളുകൾക്ക് അനുഭവപ്പെട്ടതെങ്കിൽ, ആ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നു. ആശങ്കകൾ മനസിലാക്കിക്കൊണ്ട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു," എന്നാണ് സംവിധായകന്റെ പ്രസ്താവന. അതേസമയം, വിവാദങ്ങളിൽ ഇതുവരെ ജാൻവി കപൂർ പ്രതികരിച്ചിട്ടില്ല.

News Malayalam 24x7
newsmalayalam.com