ഐഎഫ്എഫ്കെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം, വിലക്കിയ സിനിമകൾ പ്രദർശിപ്പിക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം: കമൽ

പലസ്തീൻ, ഫാഷിസ്റ്റ് വിരുദ്ധ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചലച്ചിത്രങ്ങൾക്ക് ഉൾപ്പെടെയാണ് മേളയിൽ പ്രദർശനാനുമതി ലഭിക്കാതിരുന്നത്
സംവിധായകൻ കമൽ
സംവിധായകൻ കമൽ
Published on
Updated on

തിരുവനന്തപുരം: 30ാമത് ഐഎഫ്എഫ്കെയില്‍ സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശന അനുമതി നിഷേധിച്ചതിൽ പ്രതികരിച്ച് സംവിധായകൻ കമൽ. വിലക്കിന് പിന്നിലെ കാരണം കേന്ദ്രം വ്യക്തമാക്കുന്നില്ല. ഐഎഫ്എഫ്കെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ കമൽ പ്രത്യേക രാഷ്ട്രീയമുള്ള സിനിമകളെയാണ് വിലക്കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പലസ്തീൻ, ഫാഷിസ്റ്റ് വിരുദ്ധ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചലച്ചിത്രങ്ങൾക്കാണ് ചലച്ചത്രമേളയിൽ പ്രദർശനാനുമതി ലഭിക്കാതിരുന്നത്. കേന്ദ്രത്തിൽ നിന്ന് സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സിനിമകൾ പ്രദർശിപ്പിക്കുന്നതിന് തടസം നേരിട്ടത്.

ഉദ്യോഗസ്ഥ തലത്തിലുള്ള പ്രശ്നം മാത്രമല്ല, വിഷയം രാഷ്ട്രീയം കൂടിയാണെന്ന് അഭിപ്രായപ്പെട്ട കമൽ വിലക്ക് മറികടന്ന് സിനിമകൾ പ്രദർശിപ്പിക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണമെന്നും പറഞ്ഞു. ബംഗാളിൽ മമതാ ബാനർജി ചെയ്തത് സംസ്ഥാന സർക്കാർ ചെയ്യണം. ഗോവ ചലച്ചിത്രമേളയിൽ പ്രൊപ്പഗണ്ട സിനിമകളെ കുത്തിനിറച്ചത് നമ്മൾ കണ്ടതാണ്. അതുപോലെ ഐഎഫ്എഫ്കെ മാറ്റാനാണ് ശ്രമം. അത് പ്രബുദ്ധരായ മലയാളികൾ അനുവദിക്കില്ലെന്ന് കമൽ കൂട്ടിച്ചേർത്തു.

വിലക്കിയ പല സിനിമകൾക്കും ഇപ്പോൾ അനുമതി ലഭിക്കുന്നുണ്ട്. അവർ പെട്ടുപോയെന്നാണ് തോന്നുന്നത്. പ്രമേയത്തെ പറ്റി മനസിലാക്കാതെയാണ് തീരുമാനങ്ങൾ എടുത്തതെന്നും കമൽ പറഞ്ഞു.

സംവിധായകൻ കമൽ
30ാമത് ഐഎഫ്എഫ്കെ; വിലക്കിയ നാല് ചിത്രങ്ങൾക്ക് പ്രദർശനാനുമതി

കേരള രാജ്യാന്തര ചലച്ചിത്ര മേള നടക്കുമ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാന്റെ അസാന്നിധ്യത്തെപ്പറ്റിയും കമൽ ചൂണ്ടിക്കാട്ടി. ഇതുവരെ ഒരു ഐഎഫ്എഫ്കെയിലും അക്കാദമി ചെയർമാൻ ഇല്ലാതിരുന്നിട്ടില്ല. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ സർക്കാരിനെക്കാൾ അധികാരം ചെയർമാനാണ്. മുൻകൂട്ടി തീരുമാനിച്ച പരിപാടിക്കാണ് റസൂൽ പൂക്കുട്ടി പോയത്. ഇത്രയും തിരക്കുള്ളയാൾ ചെയർമാൻ ആകണമോയെന്ന ചോദ്യം ഉണ്ടെന്നും കമൽ പറഞ്ഞു.

സംവിധായകൻ കമൽ
മുൻകൂട്ടി അനുമതി ലഭിക്കാതെ സിനിമകൾ എന്തുകൊണ്ട് ഷെഡ്യൂൾ ചെയ്തു? മേള നടക്കുമ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ പരിസരത്തില്ല: ഡോ. ബിജു

അതേസമയം, ചലച്ചിത്ര മേളയിൽ കേന്ദ്രം വിലക്കിയ 19 ചിത്രങ്ങളിൽ നാല് എണ്ണത്തിന് പ്രദർശനാനുമതി ലഭിച്ചു. ബീഫ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, ഈഗ്‌‌ൾസ് ഓഫ് ദ റിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വൂൾഫ്, എന്നീ ചിത്രങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. എ പോയറ്റ്: അൺകൺസീൽഡ് പൊയട്രി, ആൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബാമാകോ, ബാറ്റിൽഷിപ്പ് പൊടെംകിൻ, ക്ലാഷ്, പലസ്തീൻ 36, റെഡ് റെയിൻ, റിവർസ്റ്റോൺ, ദ അവർ ഓഫ് ദ ഫർണസസ്, ടണൽസ്: സൺ ഇൻ ദ ഡാർക്ക്, യെസ്, ഫ്ലെയിംസ്, തിംബക്തു, വാജിബ്, സന്തോഷ് എന്നീ ചിത്രങ്ങൾക്കാണ് ഇനി അനുമതി ലഭിക്കാനുള്ളത്. സാധാരണഗതിയിൽ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് സെൻസർ അനുമതി ആവശ്യമില്ല. എന്നാൽ, കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നും സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. എന്നാൽ, മാത്രമേ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com