മുൻകൂട്ടി അനുമതി ലഭിക്കാതെ സിനിമകൾ എന്തുകൊണ്ട് ഷെഡ്യൂൾ ചെയ്തു? മേള നടക്കുമ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ പരിസരത്തില്ല: ഡോ. ബിജു

ഐഎഫ്എഫ്കെയില്‍ 19 സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശന അനുമതി നിഷേധിച്ചതിൽ ഡോ. ബിജു
സംവിധായകൻ ഡോ. ബിജു
സംവിധായകൻ ഡോ. ബിജു
Published on
Updated on

തിരുവനന്തപുരം: 30ാമത് ഐഎഫ്എഫ്കെയില്‍ 19 സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശന അനുമതി നിഷേധിച്ചതിൽ പ്രതികരിച്ച് സംവിധായകൻ ഡോ. ബിജു. മുൻകൂട്ടി അനുമതി ലഭിക്കാതെ സിനിമകൾ എന്തുകൊണ്ട് ഷെഡ്യൂൾ ചെയ്തുവെന്നാണ് സംവിധായക്റെ ചോദ്യം. മുൻകൂട്ടി അപേക്ഷ നൽകിയിട്ടും കേന്ദ്രം അനുമതി നൽകാത്തതാണെങ്കിൽ വിമർശിക്കാം. എന്നാൽ, മുൻകൂട്ടി അപേക്ഷ നൽകിയിരുന്നോ എന്നുള്ളത് പരിശോധിക്കണമെന്നും ഡോ. ബിജു ആവശ്യപ്പെട്ടു.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ഇല്ലാതെ ചലച്ചിത്രമേള നടക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും ഡോ. ബിജു ചൂണ്ടിക്കാട്ടി. അതിഥിയായി വന്നു പോകാനുള്ള ആളല്ല ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ (റസൂൽ പൂക്കുട്ടി). ഡമ്മി പോലൊരു ചെയർമാൻ ചലച്ചിത്ര അക്കാദമിക്ക് എന്തിനെന്നും വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

എ പോയറ്റ്: അൺകൺസീൽഡ് പൊയട്രി, ആൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബാമാകോ, ബാറ്റിൽഷിപ്പ് പൊടെംകിൻ, ബീഫ്, ക്ലാഷ്, ഈഗ്‌‌ൾസ് ഓഫ് ദ റിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വൂൾഫ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, പലസ്തീൻ 36, റെഡ് റെയിൻ, റിവർസ്റ്റോൺ, ദ അവർ ഓഫ് ദ ഫർണസസ്, ടണൽസ്: സൺ ഇൻ ദ ഡാർക്ക്, യെസ്, ഫ്ലെയിംസ്, തിംബക്തു, വാജിബ്, സന്തോഷ് എന്നീ ചിത്രങ്ങൾക്കാണ് കേന്ദ്ര സർക്കാർ പ്രദർശന അനുമതി നിഷേധിച്ചത്.

സംവിധായകൻ ഡോ. ബിജു
ബീഫ് എന്ന് കാണുമ്പോഴേക്ക് അനുമതി നിഷേധിക്കുന്നത് അറിവുകേട് കൊണ്ട്; ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ അടൂര്‍

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഐഎഫ്എഫ്കെയില്‍ 19 സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശന അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത കാണുന്നു . പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഒക്കെ ഉണ്ടാവുന്നു . എന്താണ് ഇതിന്റെ പിന്നില്‍ . എന്തൊക്കെ ആവാം കാരണങ്ങള്‍ . സാധാരണ രീതിയില്‍ ഒരു അന്താരാഷ്‌ട്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി ആണ് പ്രദര്‍ശിപ്പിക്കേണ്ടത് . ഇന്ത്യയില്‍ സെന്‍സര്‍ ചെയ്തിട്ടില്ലാത്ത വിദേശ സിനിമകള്‍ ആണെങ്കില്‍ ആ സിനിമകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ് മിനിസ്ട്രിയുടെ അനുമതി ലഭ്യമായാല്‍ മാത്രമേ ആ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കൂ . ഇതിനു മുന്‍പും അങ്ങനെ തന്നെയാണ് കേരള മേളയും ഗോവ മേളയും പൂനയും കൊല്‍കത്തയും ബംഗ്ലൂരും ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ മേളകളും ചെയ്യുന്നത്.

സാധാരണ നിലയില്‍ ഇത്തരത്തില്‍ കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സിനിമകള്‍ മാത്രമേ മേളയിലേക്ക് ഷെഡ്യൂള്‍ ചെയ്യുകയുള്ളൂ . അനുമതി ലഭിക്കാതെ മുന്‍കൂട്ടി സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യാറില്ല . ഇവിടെ എന്തുകൊണ്ടാണ് അനുമതി ലഭിക്കാതെ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യാനുണ്ടായ സാഹചര്യം എന്നത് വ്യക്തമല്ല . ഇന്ത്യയില്‍ സെന്‍സര്‍ഷിപ്‌ ഇല്ലാത്ത വിദേശ സിനിമകള്‍ വളരെ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി നല്‍കുകയും മേള ആരംഭിക്കുന്നതിനു മുന്‍പ് തന്നെ അനുമതി ലഭ്യമാക്കി സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്യുക എന്ന പ്രോസസ് ഇവിടെ കൃത്യമായി നടക്കാഞ്ഞതിനു കാരണങ്ങള്‍ എന്താവാം.

ചലച്ചിത്ര അക്കാദമി കുറഞ്ഞത് ഒരു മാസത്തിനു മുന്‍പെങ്കിലും അനുമതി ആവശ്യമായ സിനിമകളുടെ ലിസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടതുണ്ട് . അങ്ങനെ മുന്‍കൂട്ടി സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനു കാലതാമസം വരുത്തിയോ എന്നതാണ് ഒന്നാമതായി പരിശോധിക്കേണ്ടത് . അങ്ങനെ വളരെ മുന്‍പേ സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ സമയ ബന്ധിതമായി അനുമതി നല്‍കാന്‍ താമസം വരുത്തിയെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള ശരിയായ ഒരു രീതി അല്ല.

ഇനി കേന്ദ്ര സര്‍ക്കാരിന് ഈ അപേക്ഷകള്‍ പ്രോസസിങ് ചെയ്യുവാനുള്ള സ്വാഭാവികമായ സമയം ലഭിക്കാത്ത രീതിയില്‍ ഫെസ്റ്റിവൽ നടക്കുന്നതിനു ഏതാനും ആഴ്ചകള്‍ മുന്‍പ് മാത്രമാണോ അക്കാദമി സിനിമകള്‍ അനുമതിക്കായി സമര്‍പ്പിച്ചത് എന്നതും അറിയേണ്ടതുണ്ട് . ഇതില്‍ എന്ത് കാരണങ്ങള്‍ കൊണ്ടാണ് അനുമതി ലഭിക്കുന്നതോ നിഷേധിക്കുന്നതോ ഇത്ര കാലതാമസം വന്നത് എന്ന് മനസ്സിലാവേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സിനിമകള്‍ക്കും കലകള്‍ക്കും നേരെയുള്ള രാഷ്ട്രീയവും കടന്നുകയറ്റവും വേറെ തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല . പക്ഷെ എന്തുതന്നെ ആയാലും അനുമതി ലഭിക്കാതെ സിനിമകള്‍ ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് ഷെഡ്യൂള്‍ ചെയ്യുന്ന രീതി ശരിയല്ല . അതിനു മാറ്റം വരുത്തേണ്ടതുണ്ട്.

ഇതോടൊപ്പം മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാനുള്ളത്, ഇത്തരം കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടത് ഒരു ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും , അക്കാദമി ചെയര്‍മാനും ആണ് . ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ കേരള ചലച്ചിത്ര മേളയുടെ മുപ്പതു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറും ഇല്ലാത്ത ഒരു ചലച്ചിത്ര മേള നടക്കുന്നത്. ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ ആയി ഇല്ല . ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആകട്ടെ ഈ വർഷത്തെ ഐഎഫ്എഫ്കെ നടക്കുമ്പോള്‍ ഈ പരിസരത്തെ ഇല്ല . സമാപന സമ്മേളനത്തില്‍ വിശിഷ്ട അതിഥിയെ പോലെ എത്തും എന്നാണ് ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരിക മന്ത്രി പ്രസ്താവിച്ചത് . ഐഎഫ്എഫ്കെ യുടെ നടത്തിപ്പിൽ പ്രധാന പങ്കു വഹിക്കേണ്ട അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു ,ഇങ്ങനെ അതിഥി ആയി വന്നു പോകാന്‍ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെ ആണ് ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തുന്നത് എന്നത് തന്നെ അക്കാദമിയെ സര്‍ക്കാര്‍ എത്രമാത്രം ​ഗൗരവത്തില്‍ എടുത്തിട്ടുണ്ട് എന്നതിന് തെളിവാണ്.

അക്കാദമി ചെയര്‍മാന്‍ സ്ഥലത്ത് എത്തിയില്ലെങ്കിലും ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ഇല്ലെങ്കിലും ചലച്ചിത്ര മേള ഒരു ഇവന്റ് പോലെ ഉദ്ധ്യോഗസ്ഥര്‍ നടത്തികൊള്ളും എന്ന ലാഘവമായ കാഴ്ചപ്പാടും ഉള്‍കാഴ്ച ഇല്ലായ്മയും ആണ് ഈ മുപ്പതാം ചലച്ചിത്ര മേള നമുക്ക് നല്‍കുന്ന കാഴ്ച . അനുമതി ലഭ്യമാകാതെ സിനിമകള്‍ ഷെഡ്യൂ ള്‍ ചെയ്യുക എന്ന ഒരു മേളയും ചെയ്യാത്ത കാര്യം ചെയ്യുന്നതും ഷെഡ്യൂള്‍ ചെയ്തതിനു ശേഷം ഒറ്റയടിക്ക് 19 സിനിമകള്‍ കേന്ദ്ര അനുമതി ലഭിക്കാതെ പോകുന്നതും ഒക്കെ അസാധാരണമായ രീതികള്‍ ആണ് . എന്താണ് ഈ വിഷയത്തില്‍ സംഭവിച്ചത് എന്ന് ആധികാരികമായ ഒരു മറുപടി നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട ചെയര്‍മാന്‍ ഈ മേള നടക്കുമ്പോള്‍ സ്ഥലത്തില്ല . ആര്‍ട്ടി സ്റ്റിക്ക് ഡയറക്ടര്‍ എന്ന പോസ്റ്റ്‌ നിലവിലില്ല . കേരള ചലച്ചിത്ര മേള മുപ്പതാം വര്‍ഷത്തില്‍ എവിടെ ആണ് എത്തി നില്‍ക്കുന്നത് ..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com