

അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവർ ഒന്നിക്കുന്ന 'ഹേര ഫേരി 3' എന്ന ബോളിവുഡ് ചിത്രത്തെച്ചൊല്ലി നിയമപോരാട്ടം മുറുകുന്നു. 'ഹേര ഫേരി' എന്ന കൾട്ട് സിനിമയുടെ മൂന്നാം ഭാഗമാണ് ഈ ചിത്രം. ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് നിർമാതാവ് ഫിറോസ് നദിയാദ് വാലയും മലയാളി നിർമാതാവായ വിജയ് കുമാറും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് 'ഹേര ഫേരി 3' നിയമകുരുക്കിൽ പെട്ടിരിക്കുന്നത്.
1989ൽ പുറത്തിറങ്ങിയ സിദ്ദിഖ് - ലാൽ ചിത്രം 'റാംജി റാവു സ്പീക്കിംഗ്' എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു 'ഹേര ഫേരി'. ഈ സിനിമ നിർമിക്കാൻ മാത്രമാണ് അനുമതി നൽകിയതെന്നാണ് സെവൻ ആർട്സ് ഇന്റർനാഷണൽ അവകാശപ്പെടുന്നത്. എന്നാൽ, അനുമതിയില്ലാതെ രണ്ടാം ഭാഗം നിർമിച്ചെന്നും, ഇപ്പോൾ മൂന്നാം ഭാഗം നിർമിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് വിജയ് കുമാറിന്റെ വാദം.
ഫിറോസ് നദിയാദ്‌വാല മനപ്പൂർവം കോടതി നടപടികൾ വൈകിപ്പിക്കുകയാണെന്നും വിജയ് കുമാർ ആരോപിക്കുന്നു. പകർപ്പവകാശം തങ്ങൾക്കാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
"...അദ്ദേഹത്തിന് ഞങ്ങൾ കത്തെഴുതിയിരുന്നു. എന്നാൽ അദ്ദേഹം ഞങ്ങളെ ഒഴിവാക്കിക്കൊണ്ടേയിരുന്നു. ഒടുവിൽ ഞങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. പകർപ്പവകാശം ഞങ്ങളുടെ പക്കലാണെന്ന് കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്... ഹിന്ദി പതിപ്പിനായി ഒരു തവണ മാത്രമേ ഞങ്ങൾ റീമേക്ക് അവകാശം നൽകിയിരുന്നുള്ളൂ. അദ്ദേഹം അത് നിർമിച്ചു. പക്ഷേ പിന്നീട് ഞങ്ങളുടെ സമ്മതമോ അറിവോ ഇല്ലാതെ രണ്ടാമതൊരു ചിത്രം കൂടി എടുത്തു. എന്ത് കാരണത്താലായാലും, അന്ന് ഞങ്ങൾ ആ വിഷയം പിന്തുടർന്നില്ല, അത് വിട്ടുകളഞ്ഞു. എന്നാൽ, അദ്ദേഹം മൂന്നാമതൊരു ചിത്രത്തിന് ശ്രമിച്ചപ്പോൾ, അദ്ദേഹത്തിന് ഇതിൽ അവകാശമില്ലെന്നും രണ്ടാമത്തെ ചിത്രം പോലും നിയമലംഘനമായിരുന്നു എന്നും വ്യക്തമാക്കി ഞങ്ങൾ നോട്ടീസ് അയച്ചു." പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയകുമാർ പറഞ്ഞു.
"മൂന്നാം ഭാഗത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമല്ല ഉണ്ടായത്. പകരം, സിനിമയുടെ അവകാശം മറ്റേതെങ്കിലും മൂന്നാം കക്ഷിക്ക് വിൽക്കാനോ കൈമാറാനോ ആണ് അദ്ദേഹം ശ്രമിച്ചത്. ആ സാഹചര്യത്തിലാണ് ഞങ്ങൾ കോടതിയെ സമീപിക്കുകയും ഐപിആർ (Intellectual Property Rights) കേസ് ഫയൽ ചെയ്യുകയും ചെയ്തത്. അദ്ദേഹം കോടതിയിൽ ഹാജരായെങ്കിലും നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്. എന്താണ് അദ്ദേഹം ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് എനിക്കറിയില്ല, എന്നാൽ പകർപ്പവകാശം ഞങ്ങളുടെ പക്കലാണെന്ന് കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അനുകൂലമായ വിധി ലഭിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്," വിജയകുമാർ കൂട്ടിച്ചേർത്തു.
പ്രിയദർശൻ സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ 'ഹേര ഫേരി' വലിയ വിജയമായിരുന്നു. പരേഷ് റാവൽ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. തുടർന്ന് 2006ൽ നീരജ് വോറയുടെ സംവിധാനത്തിൽ 'ഫിർ ഹേര ഫേരി' പുറത്തിറങ്ങി. ഇപ്പോൾ വർഷങ്ങൾക്ക് ശേഷമാണ് മൂന്നാം ഭാഗത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
അടുത്തിടെ, ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതിനെക്കുറിച്ച് 'ദ കോമഡി ഫാക്ടർ' എന്ന പരിപാടിയിൽ നടൻ പരേഷ് റാവൽ പ്രതികരിച്ചിരുന്നു. നിർമാതാവും അക്ഷയ് കുമാറും തമ്മിലുള്ള സാങ്കേതികമായ ചില പ്രശ്നങ്ങളാണ് ചിത്രീകരണം വൈകാൻ കാരണമെന്നും അവ പരിഹരിച്ചാൽ ഉടൻ ഷൂട്ടിങ് ആരംഭിക്കുമെന്നുമാണ് നടൻ പറഞ്ഞത്.