

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇതില്‍ പല സിനിമകളും താന്‍ കണ്ടിട്ടുള്ളതാണെന്നും അതില്‍ അനുമതി നിഷേധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രമേളയെക്കുറിച്ച് ധാരണയില്ലാത്തവരാണ് തീരുമാനമെടുക്കുന്നത്. കാണിക്കാന്‍ പാടില്ലെന്ന് പറയുന്നത് അറിവുകേടുകൊണ്ടാണ്. ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് അവര്‍ എന്നും അടൂര്‍ പ്രതികരിച്ചു.
ബീഫ് എന്ന് പേര് കാണുമ്പോഴേക്ക് അനുമതി നിഷേധിക്കുന്നത് അറിവുകേട് കൊണ്ടാണ്. ഞങ്ങള്‍ അടക്കം അനലൈസ് ചെയ്ത് പാഠിച്ച സിനിമകളാണ് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിക്കുന്നത്. തീര്‍ച്ചയായും പ്രതിഷേധം ഉണ്ടാകും. സിനിമയുടെ ചരിത്രത്തിലെ ക്ലാസിക്ക് ചിത്രങ്ങള്‍ക്കാണ് അനുമതി നഷേധിക്കുന്ന സാഹചര്യമുണ്ടാകുന്നത് അത് ശരിയല്ല. സിനിമയുടെ പാഠപുസ്തകമാണ് ഇത്തരം സിനിമകള്‍. ഒരു സിനിമയെയും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്‍പത് ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നതെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍ പറഞ്ഞു. ബാക്കി ചിത്രങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു.
ഇത് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്ന് വന്ന പിഴവല്ലെന്നും എന്നാല്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും നടന്‍ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും സന്തോഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതികരിച്ച് ടിവി ചന്ദ്രനും രംഗത്തെത്തി. ഇത് തുടക്കം മാത്രമാണ്. കാര്യങ്ങള്‍ ഇതിനപ്പുറം പോകും. സിനിമയെ മൊത്തമായി നിരാകരിക്കുകയാണ്. ഇനി ഗാന്ധിയെപ്പറ്റി സംസാരിക്കരുതെന്ന് പറയും. അതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും ടിവി ചന്ദ്രന്‍ പറഞ്ഞു.
ഭയാനകമാണ് കാര്യങ്ങളുടെ പോക്ക്. ക്ലര്‍ക്കുമാരാണ് ഇതൊക്കെ നോക്കുന്നത്. അവര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും? നമ്മള്‍ പ്രതികരിക്കണം എന്നും ടിവി ചന്ദ്രന്‍ പറഞ്ഞു.
19 സിനിമകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രദര്‍ശനാനുമതി നിഷേധിച്ചതായുള്ള വാര്‍ത്തകള്‍ വന്നത്. ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ അടക്കമുള്ള ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ ഭൂരിപക്ഷവും പലസ്തീന്‍ അനുകൂല ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.