ആ പാട്ടിന്റെ 'പകർപ്പവകാശി' ഇളയരാജ അല്ല; സുപ്രധാന ഉത്തരവുമായി ഡൽഹി ഹൈക്കോടതി

'എൻ ഇനിയ പൊൻനിലാവേ' എന്ന പ്രശസ്തമായ തമിഴ് ഗാനത്തിന്റെ വരികൾക്കും ശബ്ദരേഖയ്ക്കും ഇളയരാജയ്ക്ക് പകർപ്പവകാശമില്ല
ഇളയരാജ
ഇളയരാജ
Published on
Updated on

ന്യൂ ഡൽഹി: 'എൻ ഇനിയ പൊൻനിലാവേ' എന്ന പ്രശസ്തമായ തമിഴ് ഗാനത്തിന്റെ വരികൾക്കും ശബ്ദരേഖയ്ക്കും സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന് ഡൽഹി ഹൈക്കോടതി. സംഗീത സംവിധായകൻ എന്ന നിലയിൽ ഇളയരാജയ്ക്ക് ഗാനത്തിന്റെ ഈണത്തിന് മേൽ അവകാശമുണ്ടെങ്കിലും യഥാർഥ ശബ്ദരേഖയ്ക്കും വരികൾക്കുമുള്ള അവകാശം ചിത്രത്തിന്റെ നിർമാതാവിനാണെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം, റിലീസ് ആയ 'അഗതിയ' എന്ന തമിഴ് ചിത്രത്തിൽ ഈ പാട്ട് പുനരാവിഷ്കരിച്ചിരുന്നു. ഇത് പകർപ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. ഗാനത്തിന്റെ വരികളിലോ സൗണ്ട് റെക്കോർഡിങ്ങിലോ ഇളയരാജയ്ക്ക് പകർപ്പവകാശം ഉന്നയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി. ഹരി ശങ്കർ, ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഇളയരാജ
MELODIA | ബംഗാളി കവിതയുടെ ഈണത്തില്‍ പിറന്ന മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ്

ഈ ഗാനരംഗം ഉൾപ്പെടെയുള്ള പകർപ്പവകാശം ചിത്രത്തിന്റെ നിർമാതാക്കളായ രാജ സിനി ആർട്‌സിനാണ്. നിർമാതാവിൽ നിന്നും ഈ അവകാശങ്ങൾ 'സരിഗമ ഇന്ത്യ ലിമിറ്റഡ്' എന്ന സംഗീതക്കമ്പനിക്ക് നിയമപരമായി ലഭിച്ചതാണെന്നും കോടതി സ്ഥിരീകരിച്ചു.

2025 ജനുവരിയിൽ വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡ് നിർമിച്ച 'അഗതിയ' എന്ന ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പാണ് തർക്കങ്ങൾ ആരംഭിച്ചത്. 'എൻ ഇനിയ പൊൻനിലാവേ' എന്ന ഗാനത്തിന്റെ റീക്രിയേറ്റഡ് വേർഷൻ ചിത്രത്തിൽ ഉപയോഗിച്ചത് ശ്രദ്ധയിൽപ്പെട്ട സരിഗമ, ലീഗൽ നോട്ടീസ് അയയ്‌ക്കുകയായിരുന്നു. ഈ ഗാനം ചിട്ടപ്പെടുത്തിയ ഇളയരാജയിൽ നിന്ന് ലൈസൻസ് കൃത്യമായി വാങ്ങിയിട്ടുണ്ടെന്നായിരുന്നു വേൽസ് ഫിലിംസ് നൽകിയ മറുപടി. ഇതിന് പിന്നാലെ, സരിഗമ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും, ഏതെങ്കിലും തരത്തിലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഗാനം റിലീസ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് ജനുവരി 16ന് ഇടക്കാല ഉത്തരവ് വാങ്ങുകയും ചെയ്തു.

ഇളയരാജ
MELODIA | ദേശവിരുദ്ധമെന്ന് സെന്‍സര്‍ ബോര്‍ഡ്; തിരുത്തിയ പാട്ടിന് കിട്ടി രണ്ട് ദേശീയ പുരസ്കാരം

തുടർന്ന് ജനുവരി 30ന് കേസ് പരിഗണിച്ച ജസ്റ്റിസ് മിനി പുഷ്കർണ, ഈ ഗാനത്തിന്റെ വിരകളിൽ ഉൾപ്പെടെ പകർപ്പവകാശം സരിഗമയ്ക്കുള്ളതാണെന്ന് നിരീക്ഷിച്ചു. ഇതിന് എതിരെയാണ് ഇളയരാജ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത 'മൂടുപനി' എന്ന ചിത്രത്തിലെ ഗാനമാണ് 'എൻ ഇനിയ പൊൻ നിലാവേ'.

News Malayalam 24x7
newsmalayalam.com