നടനാകാനാണോ ആഗ്രഹം എന്ന് ആദ്യമായി എന്നോട് ചോദിച്ചത് വിജയ് സർ: ഫഹദ് ഫാസിൽ

പുതിയ തെലുങ്ക് ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിളി'ന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ
നടനാകാനാണോ ആഗ്രഹം എന്ന് ആദ്യമായി എന്നോട് ചോദിച്ചത് വിജയ് സർ: ഫഹദ് ഫാസിൽ
Published on: 
Updated on: 

ഇരുപതാം വയസിലായിരുന്നു ഫഹദ് ഫാസിൽ എന്ന നടന്റെ സിനിമാപ്രവേശം. പിതാവ് ഫാസിലിന്റെ സംവിധാനത്തിൽ 2002ൽ പുറത്തിറങ്ങിയ 'കൈയെത്തും ദൂരത്ത്' ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെന്ന് മാത്രല്ല ആ പുതുമുഖ നടന് വിമർശനങ്ങളും നേടിക്കൊടുത്തു. പിന്നീട് പഠനത്തിനായി വിദേശത്തേക്ക് പോയ ഫഹദിനെ മലയാളി മറന്നു എന്നുതന്നെ പറയാം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവ് ഗംഭീരമാക്കി എന്നുതന്നെ പറയണം.

'കേരള കഫേ' എന്ന ആന്തോളജിയിലെ 'മൃത്യുഞ്ജയം' എന്ന ഹ്രസ്വചിത്രത്തിലെ നടന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പിന്നങ്ങോട്ട് ഫഹദ് ഫാസിൽ എന്ന നടൻ മലയാള സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കളുടെ നിരയിലേക്ക് പടിപടിയായി ഉയരുന്നതിനാണ് പ്രേക്ഷകർ സാക്ഷിയായത്.'ചാപ്പാ കുരിശ്', '22 ഫീമെയിൽ കോട്ടയം', 'ഇയ്യോബിന്റെ പുസ്തകം', 'കുമ്പളങ്ങി നെറ്റ്സ്', 'അന്നയും റസൂലും', 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'ആവേശം' എന്നിങ്ങനെ വൈവിധ്യമാർന്ന സിനിമകളിലൂടെ മലയാള സിനിമയിലെ നവതരംഗത്തിന്റെ മുഖമായി നടൻ മാറി. ഇന്ന് മലയാളത്തിനപ്പുറം തമിഴ്, തെലുങ്ക്, ഹിന്ദി ഇൻഡസ്ട്രികളിലും പേരെടുത്ത നടനാണ് ഫഹദ് ഫാസിൽ.

നടനാകാനാണോ ആഗ്രഹം എന്ന് ആദ്യമായി എന്നോട് ചോദിച്ചത് വിജയ് സർ: ഫഹദ് ഫാസിൽ
"ആയോധനകലകൾ എന്റെ മാനസിക സമ്മർദം ഇല്ലാതാക്കി"; 'വേട്ടുവം' റിലീസിനായി കാത്തിരിക്കുന്നുവെന്ന് ശോഭിത ധുലിപാല

ഇപ്പോഴിതാ, ജീവിതത്തിൽ ആദ്യമായി തന്നോട് നടനാകാനാണോ ആഗ്രഹം എന്ന് ചോദിച്ചത് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ്. അന്ന് 'കാതലുക്ക് മരിയാതൈ' എന്ന ഫാസിൽ ചിത്രത്തിൽ അഭിനയിക്കുകയാണ് വിജയ്. ഫഹദ് ആ സംഭവത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെ:

"വിജയ് സാറിനെ ആദ്യമായി കാണുന്നത് 'കാതലുക്ക് മരിയാതൈ'യുടെ സെറ്റിലാണ്. ഞങ്ങളുടെ വീട്ടിൽ വച്ച് തന്നെയായിരുന്നു ഷൂട്ടിങ്. ഞാൻ വെക്കേഷന് വന്നതായിരുന്നു. എനിക്ക് അന്ന് 12-13 വയസുണ്ടാകും. ഉപ്പ വിജയ് സാറിനെ വച്ച് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ ആദ്യമായി 'നിനക്ക് നടനാകാനാണോ ആഗ്രഹം' എന്ന് എന്നോട് ചോദിച്ചത് വിജയ് സാർ ആണ്," നടൻ പറയുന്നു.

"ആ സമയത്ത് രാഷ്ട്രീയമൊന്നും ആഴത്തിൽ സംസാരിച്ചിരുന്നില്ല.സിനിമ മാത്രമാണ് സംസാരിക്കുക. 'കണ്ണുക്കുൾ നിലവ്' സിനിമയുടെ സമയത്താണ് 'ഖുശി' പ്ലാൻ ചെയ്തുകൊണ്ടിരുന്നത്. അതിന്റെ ഐഡിയ ഒക്കെ സംസാരിച്ചിരുന്നു," ഫഹദ് കൂട്ടിച്ചേർത്തു. തന്റെ പുതിയ തെലുങ്ക് ചിത്രമായ 'ഡോണ്ട് ട്രബിൾ ദ ട്രബിളി'ന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് കുട്ടിക്കാലത്തെ ഓർമകൾ നടൻ പങ്കുവച്ചത്.

ഫഹദിന്റെ ഫാന്റസി എന്റർടെയ്‌നർ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ രണ്ടിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. ആർക്ക മീഡിയ വർക്ക്സ്, ഷോയിങ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

News Malayalam 24x7
newsmalayalam.com