

വാഷിങ്ടൺ: പ്രശസ്ത കനേഡിയൻ നടിയും എമ്മി പുരസ്കാര ജേതാവുമായ കാതറിൻ ഒഹാര (71) അന്തരിച്ചു. അസുഖത്തെ തുടർന്ന് ലോസ് ആഞ്ചലസിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
ഹാസ്യവേഷങ്ങളിലൂടെ ഹോളിവുഡ് സിനിമകളിൽ ശ്രദ്ധേയയായ താരമാണ് കാതറിൻ. ഹോളിവുഡ് ചിത്രം 'ഹോം എലോണിലെ' അമ്മ വേഷവും സിബിസി പരമ്പര 'ഷിറ്റ്സ് ക്രീക്കിലെ' കഥാപാത്രവും ഏറെ ശ്രദ്ധ നേടിക്കൊടുത്തു.
1954 മാർച്ച് നാലിന് ടൊറന്റോയിലാണ് കാതറിന്റെ ജനനം. 1970 കളിൽ ടൊറന്റോയിലെ 'സെക്കൻഡ് സിറ്റി ടെലിവിഷൻ' എന്ന സ്കെച്ച് കോമഡി പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ആദ്യ എമി അവാർഡ് ലഭിക്കുന്നത് ഈ പരമ്പരയിലൂടെയാണ്.
'ആഫ്റ്റർ അവേഴ്‌സ്' (1985), 'ഹാർട്ട്‌ബേൺ' (1986) 'ബീറ്റിൽജ്യൂസ്' (1988), 'ഹോം എലോൺ' (1990), 'ഹോം എലോൺ 2' (1992) തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 'ഷിറ്റ്സ് ക്രീക്ക്' എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പ്രൈംടൈം എമ്മി അവാർഡും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'ദ ലാസ്റ്റ് ഓഫ് അസ്', 'ദ സ്റ്റുഡിയോ' എന്നീ പരമ്പരകളിലെ പ്രകടനത്തിനും എമ്മി നാമനിർദേശങ്ങൾ ലഭിച്ചിരുന്നു.