

കൊച്ചി: മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രമാണ് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്'. 2022ൽ റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ പരാജയമായിരുന്നു. ആക്ഷൻ നിറഞ്ഞ ഫൺ എന്റർടെയ്‌നറായി എത്തിയ ചിത്രം വലിയ തോതിൽ ട്രോളുകൾക്കും കാരണമായി. സിനിമയുടെ തീം സോങ് 'തലയുടെ വിളയാട്ട്' പല ട്രോൾ വീഡിയോകളിലും ഉപയോഗിച്ചു കാണാറുണ്ട്. ഇത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് പറയുകയാണ് ഗാനത്തിന്റെ വരികൾ എഴുതുകയും റാപ്പ് ഭാഗങ്ങൾ പാടുകയും ചെയ്ത റാപ്പർ ഫെജോ.
"എനിക്ക് ചെയ്തപ്പോൾ പേഴ്സണലി യങ്കര സന്തോഷം കിട്ടിയ പാട്ടും കൂടിയാണ് 'തലയുടെ വിളയാട്ട്'. കാരണം എനിക്ക് ലാലേട്ടന് വേണ്ടി പാട്ട് ചെയ്യാൻ പറ്റുന്നു. രാഹുൽ രാജിനൊപ്പം ചെയ്യാൻ പറ്റി. എം.ജി. ശ്രീകുമാറിന് ഒപ്പമാണ് ഞാൻ ആ പാട്ട് പാടിയത്. അവസാനം നിമിഷം ലഭിച്ച ഓഫർ ആയിരുന്നു.
പക്ഷേ 'ആറാട്ട്' എന്ന സിനിമ പരാജയമായതുകൊണ്ട് ആളുകൾ ആ പാട്ടിനെ ട്രോൾ ആക്കാൻ ഉപയോഗിച്ചു. അപ്പോൾ എനിക്ക് ഭയങ്കര വിഷമമായി. കാരണം ആ വരികൾ ഒരു പക്കാ ട്രിബ്യൂട്ട് ആയിരുന്നു. 'നാട്യം കൊണ്ട് മായാജാലം കാട്ടും വിശ്വസാമ്രാട്ട്' - എന്നൊക്കെയാണ് ആ ക്യാരക്ടറിനെപ്പറ്റി പറയുന്നത്. ഭയങ്കര ലിറിക് ആണ്. പക്ഷേ ട്രോൾ ആക്കുമ്പോൾ ഭയങ്കര വിഷമമായി. 'തക തക തക' എന്ന ചെറിയ പോർഷനാണ് ട്രോളിന് ഉപയോഗിക്കുന്നത്. ഒരു പടം പരാജയപ്പെടുമ്പോൾ ആ പാട്ടിനെ എന്തിനാണ് ട്രോളുന്നതെന്ന് മനസിലായില്ല. പിൽക്കാലത്ത് ആൾക്കാരത് സ്വീകരിച്ചു," ഫെജോയുടെ വാക്കുകൾ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫെജോ.
ബി. ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്ത 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' സിനിമയുടെ തിരക്കഥ എഴുതിയത് ഉദയ കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.