എന്റെ കരിയർ നശിപ്പിക്കാനും 'ധ്രുവ നച്ചത്തിരം' റിലീസ് തടയാനും ചിലർ ശ്രമിച്ചു: ഗൗതം മേനോൻ

നിയമപരവും സാമ്പത്തികവുമായ പ്രതിസന്ധികൾ നീങ്ങി 'ധ്രുവ നച്ചത്തിരം' റിലീസിന് ഒരുങ്ങുകയാണ്
'ധ്രുവനച്ചത്തിരം' സിനിമയിൽ വിക്രം, ഗൗതം മേനോൻ
'ധ്രുവനച്ചത്തിരം' സിനിമയിൽ വിക്രം, ഗൗതം മേനോൻSource: Instagram / gauthamvasudevmenon
Published on
Updated on

തന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചെന്ന ആരോപണവുമായി സംവിധായകൻ ​ഗൗതം വാസുദേവ മേനോൻ. 'ധ്രുവ നച്ചത്തിരം' സിനിമയുടെ റിലീസ് തടയാൻ ശ്രമിച്ചുവെന്നും സംവിധായകൻ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം, സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന്റെ പ്രസ്താവന.

വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കിയ സ്പൈ ത്രില്ലറാണ് 'ധ്രുവ നച്ചത്തിരം'. 2017ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. എന്നാൽ, കോവിഡ് മഹാമാരിയും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. 2023ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണമായും പൂര്‍ത്തിയാകുന്നത്. പിന്നാലെ, സിനിമയുടെ റിലീസും പ്രഖ്യാപിച്ചു. എന്നാൽ, തങ്ങളുടെ കൈയിൽനിന്നു വാങ്ങിയ പണത്തിന്റെ കുടിശിക തീർക്കുന്നതുവരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് 2023ൽ കെ. പുണ്യമൂർത്തി, കെ. പ്രേംകുമാർ എന്നിവർ കോടതിയെ സമീപിച്ചതോടെ സ്ഥിതിഗതികൾ വഷളായി. ഇതോടെ സിനിമയുടെ റിലീസ് പ്രതിസന്ധിയിലായി.

പലവട്ടം റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം പുറത്തിറക്കാനായില്ല. നിയമപരവും സാമ്പത്തികവുമായ പ്രധാന തടസങ്ങളെല്ലാം മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിലൂടെ നീങ്ങിയതോടെയാണ് 'ധ്രുവ നച്ചത്തിരം' റിലീസ് ഉറപ്പായത്.

'ധ്രുവനച്ചത്തിരം' സിനിമയിൽ വിക്രം, ഗൗതം മേനോൻ
"ചിന്നത്തമ്പി, ഉന്നൈ നമ്പി..."; ഇളയരാജയുടെ പിന്തുണ വിജയ്‌ക്ക്? ചർച്ചയായി 'എങ്കൾ നീതി'യിലെ ഗാനം

ഗൗതം വാസുദേവ മേനോൻ പങ്കുവച്ച കുറിപ്പ്:

"ചിലർ എന്റെ കരിയർ നശിപ്പിക്കാനും എന്റെ സിനിമയുടെ റിലീസ് തടയാനും ശ്രമിച്ചു. നൂറിലധികം ആളുകളുടെ അധ്വാനം അടങ്ങിയ ഒരു ചിത്രമായിരുന്നു അത്.

എന്നാൽ എന്റെ നിയമോപദേശകനായ സീനിയർ അഡ്വക്കേറ്റ് അബ്ദുൾ ഹമീദ്, മുന്നോട്ട് ഒരു വഴിയുണ്ടെന്ന് എനിക്ക് ഉറപ്പുനൽകുകയും എന്നെ അതിലൂടെ നയിക്കുകയും ചെയ്തു. ഇപ്പോൾ ബഹുമാനപ്പെട്ട ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എനിക്കായി വഴി തെളിച്ചിരിക്കുന്നു; ഒടുവിൽ ആ തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചം കണ്ടുതുടങ്ങിയിരിക്കുന്നു. 'ധ്രുവ നച്ചത്തിരം' റിലീസ് ചെയ്യുന്നതിനായി പുറപ്പെടുവിച്ച ഈ സുപ്രധാന വിധി, കൃത്യമായ ഫണ്ട് മാനേജ്‌മെന്റോ ഘടനയോ ഇല്ലാത്ത ഒരു ഇൻഡസ്ട്രിയിൽ, കുടുങ്ങിക്കിടക്കുന്ന ഏതൊരു സിനിമയ്ക്കും ഒരു മാതൃകയായിരിക്കും. ഇവിടെ നിന്ന് ഇനി മുന്നോട്ട്, ഉയരങ്ങളിലേക്ക്"

'ജോൺ' എന്ന സ്പൈയുടെ വേഷത്തിലാണ് വിക്രം 'ധ്രുവ നച്ചത്തിര'ത്തിൽ എത്തുന്നത്. ഋതു വര്‍മ, സിമ്രാന്‍, പാര്‍ഥിബന്‍, രാധിക ശരത്കുമാര്‍, വിനായകന്‍, ദിവ്യദര്‍ശിനി, വംശി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മനോജ് പരമഹംസയും ജോമോൻ ടി. ജോണും ആണ് ഛായാഗ്രഹണം. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജൂൺ 15ന് മുൻപായി ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് അണിയറപ്രവർത്തകർ.

News Malayalam 24x7
newsmalayalam.com