കൊച്ചി: നടി ഹണി റോസ് അഭിനയരംഗത്തേക്ക് എത്തിയിട്ട് 20ഓളം വർഷങ്ങളായി. 2005ൽ ഇറങ്ങിയ വിനയൻ ചിത്രം 'ബോയ് ഫ്രണ്ടി'ലൂടെയാണ് അരങ്ങേറ്റം. എന്നാൽ, താൻ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് 'റേച്ചല്‍' എന്ന പുതിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് ന്യൂസ് മലയാളത്തോട് ഹണി റോസ് പറഞ്ഞു. ഇറച്ചിവെട്ടുകാരിയായ 'റേച്ചൽ' എന്ന ടൈറ്റിൽ റോളിൽ ആണ് ഹണി ഈ സിനിമയിൽ എത്തുന്നത്.
"ഒത്തിരി ഷേഡ്‌സ് ഉള്ള, ലെയറുകളുള്ള കഥാപാത്രമാണ് റേച്ചൽ. ഞാൻ ഇതിന് മുൻപ് ഇത്തരത്തിൽ ഒരു കഥാപാത്രത്തെ കണ്ടിട്ടില്ല. ശക്തമായ കഥാപാത്രമാണ്. ജീവിതം ആയിരിക്കാം ആ കഥാപാത്രത്തെ അങ്ങനെ പരുവപ്പെടുത്തിയത്," ഹണി തന്റെ കഥാപാത്രത്തെപ്പറ്റി പറഞ്ഞു.
"തുടക്കം മുതൽ ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. ആ സമയം മുതൽ എനിക്ക് റേച്ചലിനെ അറിയാം. അതിന് വേണ്ടി കുറേ കാര്യങ്ങൾ പഠിക്കേണ്ടി വന്നു. ഇറച്ചി വെട്ടുന്നത്, നാടൻ തോക്ക് ഉപയോഗിക്കുന്നത്...അങ്ങനെ കുറേ ഹോം വർക്ക് ഈ സിനിമയ്ക്ക് വേണ്ടി ചെയ്യേണ്ടി വന്നു. അതൊക്കെ ഭയങ്കര റിയലിസ്റ്റിക് ആയാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്," ഹണി റോസ് കൂട്ടിച്ചേർത്തു.
ആനന്ദിനി ബാല സംവിധാനം ചെയ്ത 'റേച്ചൽ' ഡിസംബർ 12ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ട്രെയ്‌ലറും പാട്ടുകളും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ബാബുരാജ്, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറാണ് ചിത്രം.
ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ 'റേച്ചലിന്റെ' സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.