

പോപ്പ് സംഗീത ചക്രവർത്തി മൈക്കിൾ ജാക്സണിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'മൈക്കിൾ'. മൈക്കിൾ ജാക്സന്റെ അനന്തരവനായ ജാഫർ ജാക്സനാണ് ചിത്രത്തിൽ മൈക്കിളായി എത്തുന്നത്. പോപ്പ് ഇതിഹാസമായുള്ള ജാഫറിന്റെ പകർന്നാട്ടം ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു.
'മൈക്കിൾ ആകുക എന്നത് എളുപ്പമായിരുന്നില്ല' എന്നാണ് ജാഫർ പറയുന്നത്. അതിനായി നടൻ നടത്തിയ തയ്യാറെടുപ്പുകൾ ആവിഷ്കരിക്കുന്ന ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വേദിയിൽ ഊർജം പ്രസരിപ്പിച്ച് അനായാസമായി ഒഴുകുന്ന ജാക്സണിന്റെ ശൈലി പഠിച്ചെടുക്കാൻ പരിശീലിക്കുന്ന ജാഫറിനെ ഈ വീഡിയോയിൽ കാണാം.
"മൈക്കിൾ ജാക്സണിനെപ്പോലെയൊരു ഇതിഹാസത്തെ അവതരിപ്പിക്കുക എന്നത് എത്ര വലിയ വെല്ലുവിളിയാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. അത് ഒട്ടും എളുപ്പമായിരുന്നില്ല. എനിക്ക് വെല്ലുവിളികൾ വളരെ ഇഷ്ടമാണ്. എനിക്കും എന്റെ കുടുംബത്തിനും ഈ സിനിമയുടെ അണിയറപ്രവർത്തകർക്കും ഞാൻ ഇതിന് പ്രാപ്തനാണെന്ന് തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചു. ചുവടുകൾ ശരിയാകാൻ മണിക്കൂറുകളോളം ഞാൻ പരിശീലിച്ചു. കാലുകൾ മരവിച്ച് പോകും വരെ, ചോര വരും വരെ, ഞാൻ നൃത്തം ചെയ്തു. പലപ്പോഴും രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാത്ത വേദന തോന്നും, അപ്പോൾ, "ഇന്ന് പരിശീലനത്തിന് പോകണോ? അതോ വിശ്രമിക്കണോ?," എന്ന് ചിന്തിക്കും. പക്ഷേ മനസിന്റെ മറ്റൊരു ഭാഗം ഉടൻ ചോദിക്കും - "അല്ല, മൈക്കിൾ എന്താകും ചെയ്യുക?," എന്നാണ് ജാഫർ വീഡിയോയിൽ പറയുന്നത്.
"സ്റ്റേജിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് കണ്ണാടിയിലേക്ക് നോക്കിയ ആ നിമിഷം ഞാൻ ഓർക്കുന്നു. മുടിയും മേക്കപ്പും വസ്ത്രങ്ങളുമെല്ലാം പൂർണമായി മൈക്കിളിനെപ്പോലെ തന്നെയായിരുന്നു. ഞാൻ എന്നോട് തന്നെ പറഞ്ഞു , "അത്ഭുതകരം, ഞാൻ ശരിക്കും ഇവിടെ എത്തിയിരിക്കുന്നു. ഇനി തിരിച്ചുപോകാൻ വഴിയില്ല. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള സമയമാണിത്," ജാഫർ ജാക്സൺ കൂട്ടിച്ചേർത്തു.
ഗായകനും നർത്തകനുമാണ് 29 വയസുള്ള ജാഫർ. മൈക്കിളിന്റെ മൂത്ത സഹോദരനും ‘ജാക്സൺ 5’ ലെ അംഗവുമായിരുന്ന ജെർമെയ്ൻ ജാക്സന്റെ മകനാണ്. ജാഫറിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. മുമ്പ് ജാക്സൺ കുടുംബത്തിന്റെ റിയാലിറ്റി ടിവി ഷോകളിൽ മാത്രമാണ് നടൻ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
'ട്രെയിനിങ് ഡേ', 'ദ ഇക്വലൈസർ' തുടങ്ങിയ ചിത്രങ്ങൾ ചെയ്ത അന്റോയിൻ ഫുക്വയാണ് 'മൈക്കിൾ' സിനിമയുടെ സംവിധാനം. ജോൺ ലോഗൻ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജാഫറിന് പുറമേ കോൾമാൻ ഡൊമിംഗോ, നിയ ലോങ്, ലോറ ഹരിയർ, മൈൽസ് ടെല്ലർ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
സിനിമ പക്ഷപാതരഹിതമായാകും മൈക്കിൾ ജാക്സണിന്റെ കഥ പറയുക എന്നാണ് അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാൽ, താരത്തിന് എതിരെ ഉയർന്നിരുന്ന ബാലപീഡനാരോപണങ്ങൾ ഫൈനൽ കട്ടിൽ നിന്ന് നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. കോടികൾ മുടക്കി ചില ഭാഗങ്ങൾ റീ ഷൂട്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. നിർമാതാക്കളുടെ നിർദേശത്തെ തുടർന്നാണ് ഈ നടപടി. യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് സിനിമയുടെ നിർമാണം. ഏപ്രിൽ 24ന് 'മൈക്കിൾ' ആഗോളതലത്തിൽ റിലീസ് ചെയ്യും.