

'സിഗ്മ' സിനിമയുടെ കഥ ആദ്യം പറഞ്ഞത് ദുൽഖർ സൽമാനോടാണെന്ന് സംവിധായകൻ ജേസൺ സഞ്ജയ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകനായ ജേസന്റെ ആദ്യ ചിത്രമാണ് 'സിഗ്മ'. ദുൽഖറിന് സിനിമയുടെ കഥ ഇഷ്ടപ്പട്ടിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ലെന്നും ജേസൺ പറഞ്ഞു. ഭാവിയിൽ ദുൽഖറിനൊപ്പം സിനിമ ചെയ്യാൻ താൽപ്പര്യമുണ്ടെന്നും ജേസൺ സഞ്ജയ് കൂട്ടിച്ചേർത്തു.
"ദുൽഖർ സൽമാൻ സാറിനോടാണ് ഞാൻ ആദ്യം 'സിഗ്മ'യുടെ കഥ പറയുന്നത്; എന്റെ ടീമും കുടുംബവും അല്ലാതെ. അപ്പോൾ അദ്ദേഹം ചെന്നൈയിലുണ്ട്. അദ്ദേഹത്തിനെ കാണാൻ എനിക്ക് അവസരം കിട്ടി. ആ സമയത്ത്, എന്നെ അദ്ദേഹത്തിന് അറിയാമോ എന്നോ അദ്ദേഹത്തിന് ഡേറ്റ് ഉണ്ടാകുമോ എന്നൊന്നും എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. എനിക്ക് അദ്ദേഹം സിനിമ തിരഞ്ഞെടുക്കുന്നത് ഭയങ്കര ഇഷ്ടമാണ്. വിവിധ ഴോണറുകളിലുള്ള സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. കഥ പറയാം, അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കാം, ബാക്കിയൊക്കെ പിന്നെയെന്നൊരു ചിന്തയിലാണ് ഞാൻ പോയത്. ഞാൻ ഒരു രണ്ട് മണിക്കൂർ കഥ പറഞ്ഞു. ആ അനുഭവമാണ് എനിക്ക് ആത്മവിശ്വാസം തന്നത്. അദ്ദേഹത്തിന് സിനിമ ചെയ്യണമെന്ന് താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ, ദൗർഭാഗ്യം എന്ന് പറയട്ടെ ഡേറ്റ് ഉണ്ടായിരുന്നില്ല. ഭാവിയിൽ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം," ജേസൺ പറഞ്ഞു.
അതേസമയം, ആക്ഷൻ ഹീസ്റ്റ് കോമഡി ഴോണറിലുള്ള 'സിഗ്മ' ഒക്ടോബർ രണ്ടിന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിൽ സന്ദീപ് കിഷനും ഫാരിയ അബ്ദുള്ളയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ മലയാളം ഭാഷകളിലായി വൻ റിലീസിനാണ് 'സിഗ്മ' തയ്യാറെടുക്കുന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗി ബാബു, മഹാലക്ഷ്മി, ഷീല രാജ്കുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമൻ ആണ് സംഗീതം ഒരുക്കുന്നത്.
വിവേക്, സൂപ്പർ സുബ്ബു എന്നിവരുടെ വരികൾക്ക് തമൻ എസ് ആണ് സംഗീതം പകർന്നിരിക്കുന്നത്. കൃഷ്ണൻ വസന്ത് ആണ് 'സിഗ്മ'യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ: പ്രവീൺ കെ.എൽ, കോ ഡയറക്ടർ: സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ്: അരുൺ പ്രസാദ്.