

കൊച്ചി: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമാണ് 'നേര്'. കോർട്ട് റൂം ഡ്രാമ ഴോണറിൽ അണിയിച്ചൊരുക്കിയ സിനിമയിൽ വിജയ്‌മോഹനൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. സിനിമയിലെ അനശ്വര രാജന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരൂപക പ്രശംസയും മികച്ച ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമോ എന്നത് വളരെക്കാലമായി ആരാധകർ ഉന്നയിക്കുന്ന ചോദ്യമാണ്. ഇപ്പോഴിതാ ചർച്ചകൾക്ക് വിരാമമട്ട് ജീത്തു ജോസഫ് തന്നെ രംഗത്തെത്തിയിരിക്കുന്നു.
സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും എന്നാൽ മോഹൻലാൽ അവതരിപ്പിച്ച വിജയ്‌മോഹൻ എന്ന കഥാപാത്രത്തെ മറ്റൊരു കഥയിൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി. റെഡിറ്റിൽ നടന്ന സംവാദത്തിലാണ് 'നേരി'ന് രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യം ഉയർന്നുവന്നത്. "ആ കഥയ്ക്ക് തുടർച്ചയുണ്ടാകില്ല. പക്ഷേ, സിനിമയിലെ ലീഡ് കഥാപാത്രത്തെ മറ്റൊരു കഥയിൽ ഉപയോഗിച്ചേക്കും," എന്നായിരുന്നു ജീത്തു ജോസഫിന്റെ മറുപടി.
100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ 'നേര്', ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്.
ക്രൈം ഡ്രാമ ഴോണറിൽ ഒരുക്കുന്ന 'വലതുവശത്തെ കള്ളൻ' ആണ് ഏറ്റവും പുതിയ ജീത്തു ജോസഫ് ചിത്രം. ബിജു മേനോനും ജോജു ജോർജും ആണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടേയും വേറിട്ട അഭിനയ മുഹൂർത്തങ്ങളുമായാണ് ചിത്രം പുറത്തിറങ്ങുന്നതാണ് ടീസർ നൽകിയിട്ടുള്ള സൂചന. ജനുവരി 30ന് സിനിമ തിയേറ്ററുകളിൽ എത്തും. ബിജു മേനോന്റെയും ജോജു ജോർജിന്റെയും വേറിട്ട അഭിനയ മുഹൂർത്തങ്ങളുമായാണ് ചിത്രം പുറത്തിറങ്ങുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന.