

ക്രിട്ടിക് ചോയ്സ് അവാർഡിൽ മികച്ച ടോക് ഷോ അവതാരകനായി തെരഞ്ഞെടുക്കപ്പെട്ട് ജിമ്മി കിമ്മല്‍. പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം ജിമ്മി കിമ്മല്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ചായിരുന്നു ജിമ്മിയുടെ പ്രസംഗം. ട്രംപ് ഇല്ലായിരുന്നെങ്കില്‍ അവാര്‍ഡ് നേടാനാകാതെ വെറും കയ്യോടെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നേനെയെന്ന് ജിമ്മി കിമ്മല്‍ പറഞ്ഞു.
ഞായറാഴ്ചയായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ജിമ്മി കിമ്മലും ട്രംപും തമ്മില്‍ വര്‍ഷങ്ങളായി വലിയ വാക്‌പോര് നടക്കുന്നുണ്ട്. ഓസ്‌കാര്‍ ചടങ്ങുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇവര്‍ പരസ്പരം വിമര്‍ശിക്കാറുണ്ട്. ട്രംപിനെ പരിഹസിക്കാന്‍ കിട്ടുന്ന ഒരു അവസരം പോലും ജിമ്മി നഷ്ടപ്പെടുത്താറില്ല.
ട്രംപിനെ 'ഡൊണാള്‍ഡ് ജെന്നിഫര്‍ ട്രംപ്' എന്നാണ് പരിഹാസരൂപേണ ജിമ്മി വിളിക്കാറ്. ഇതേ പേര് പരാമര്‍ശിച്ചായിരുന്നു കഴിഞ്ഞ ദിവസത്തേയും പരിഹാസം. 'അവാര്‍ഡ് നേടിയതില്‍ നമ്മുടെ പ്രസിഡന്റ്, ഡൊണാള്‍ഡ് ജെന്നിഫര്‍ ട്രംപിനോടും ഞാന്‍ നന്ദി പറയുന്നു. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഇന്ന് വെറും കയ്യോടെ വീട്ടിലേക്ക് പോകേണ്ടി വന്നേനെ. ഓരോ ദിവസവും വിഡ്ഢിത്തം വിളമ്പുന്നതിന് അദ്ദേഹത്തോട് നന്ദി പറയുന്നു'. ഇതായിരുന്നു ജിമ്മിയുടെ വാക്കുകള്‍.
ട്രംപിന്റെ മിഡില്‍ നെയിം ആയ 'ജെ' എന്ന അക്ഷരത്തെ പരിഹസിക്കാനാണ് ജിമ്മി കിമ്മല്‍ 'ജെന്നിഫര്‍' എന്ന് പ്രയോഗിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ മുഴുവന്‍ പേര് ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്നാണ്. ജിമ്മി കിമ്മല്‍ തന്റെ ഷോ ആയ 'ജിമ്മി കിമ്മല്‍ ലൈവ്' ല്‍ പലപ്പോഴും ഈ 'ജെ' എന്നതിനെ 'ജെന്നിഫര്‍' എന്നാണ് തമാശയായി പറയാറ്.
മുന്‍പ് ഒരു പ്രസംഗത്തിനിടെ ട്രംപ് തന്റെ പേരിനിടയിലെ 'ജെ' എന്നതിനെക്കുറിച്ച് സംസാരിക്കുകയും, അത് എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് തനിക്കറിയാം എന്ന് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജിമ്മി ഇത് ഏറ്റുപിടിച്ചത്.
ജിമ്മി കിമ്മലും ട്രംപും തമ്മിലുള്ള തര്‍ക്കം വര്‍ഷങ്ങളായി അമേരിക്കന്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. 2024-ലെ ഓസ്‌കാര്‍ ചടങ്ങിനിടെ ട്രംപ് സോഷ്യല്‍ മീഡിയയില്‍ കിമ്മലിനെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായി വേദിയില്‍ വെച്ച് തന്നെ കിമ്മല്‍ ചോദിച്ചത്, 'മിസ്റ്റര്‍ പ്രസിഡന്റ്, നിങ്ങളുടെ ജയില്‍ സമയം കഴിഞ്ഞില്ലേ' എന്നായിരുന്നു.
ട്രംപിന്റെ രാഷ്ട്രീയ നയങ്ങളെ കഠിനമായി വിമര്‍ശിക്കുന്ന ജിമ്മിയെ കഴിവില്ലാത്തവനെന്നും റേറ്റിങ് കുറഞ്ഞവനെന്നുമായിരുന്നു ട്രംപ് വിളിച്ചത്.