

മുന്‍ ചിത്രങ്ങളെ പോലെ ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം നേടി ജെയിംസ് കാമറൂണ്‍ ചിത്രം 'അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്'. അവതാര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായ ഫയര്‍ ആന്‍ഡ് ആഷസ് ആഗോള ബോക്‌സ് ഓഫീസില്‍ ഇതുവരെ നേടിയത് 1.03 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,500 കോടി രൂപ) ആണ്. ഇതോടെ ഫ്രാഞ്ചൈസിയിലെ മൂന്ന് ചിത്രങ്ങളും കൂടി ആകെ 6.35 ബില്യണ്‍ ഡോളറാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്.
ചൈനീസ് ചിത്രമായ 'നെ ഷാ 2', ഡിസ്‌നിയുടെ തന്നെ 'സൂട്ടോപ്പിയ 2' എന്നിവയ്ക്ക് ശേഷം 2025-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി 'ഫയര്‍ ആന്‍ഡ് ആഷ്' മാറി.
അവതാര്‍ മൂന്നാം ഭാഗത്തിന്റെ വിജയത്തോടെ, നാല് സിനിമകള്‍ ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ എത്തിക്കുന്ന ആദ്യത്തെ സംവിധായകന്‍ എന്ന റെക്കോര്‍ഡും ജെയിംസ് കാമറൂണിന്റെ പേരിലായി. 1997 ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം 'ടൈറ്റാനിക്' ആണ് ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ കാമറൂണ്‍ ചിത്രം.
ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമായി 2009 ല്‍ പുറത്തിറങ്ങിയ അവതര്‍. 2.92 ബില്യണ്‍ ഡോളറാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്.
2022 ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗം 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍' 2.3 ബില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടി.
രണ്ടാം ഭാഗമായ 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍' അവസാനിച്ചയിടത്തു നിന്നാണ് ഫയര്‍ ആന്‍ഡ് ആഷസ് തുടങ്ങുന്നത്. മകന്റെ മരണത്തില്‍ ഉലഞ്ഞ ജേക്ക് സുള്ളിയും നെയ്തിരിയും നേരിടുന്ന പുതിയ വെല്ലുവിളികളാണ് മൂന്നാം ഭാഗത്തില്‍ കാമറൂണ്‍ പറയുന്നത്.
ഫ്രാഞ്ചൈസിയിലെ നാലാം ചിത്രം 2029 ഡിസംബര്‍ 21 ന് തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ മൂന്നിലൊന്ന് ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി. കുട്ടികളായ അഭിനേതാക്കളുടെ പ്രായം കൂടുന്നതിനാല്‍ രണ്ടാം ഭാഗത്തോടൊപ്പം തന്നെ നാലാം ഭാഗത്തിന്റെ ചില രംഗങ്ങളും ജെയിംസ് കാമറൂണ്‍ ചിത്രീകരിക്കുകയായിരുന്നു. ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം 2026-ല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.