

'ദേവര: പാർട്ട് 1' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ചുട്ടമല്ലെ'യിലെ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അപകീർത്തികരമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ നടൻ ജൂനിയർ എൻടിആർ. എഐ ദുരുപയോഗത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട നടൻ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം.
"സ്ത്രീകളെ അമ്മമാരായും ദേവിമാരായും പൂജിക്കുന്ന, 'മാതൃദേവോ ഭവ' എന്നത് വെറുമൊരു വാക്കല്ല, സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് കരുതുന്ന ഒരു നാട്ടിൽ, ചില ആളുകൾ എഐ ഉപയോഗിച്ച് ഒരു സ്ത്രീയെ ഏറ്റവും നീചമായ രീതിയിൽ അപമാനിക്കാൻ തക്കവണ്ണം അധഃപതിച്ചിരിക്കുന്നു. ഇത്തരമൊരു മോശം പ്രവൃത്തിക്കായി എഐ ഉപയോഗിക്കുന്നത് നാണക്കേടാണ്," ജൂനിയർ എൻടിആർ എക്സിൽ കുറിച്ചു.
വീഡിയോ നിർമിച്ചവർക്കും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കും നടൻ ശക്തമായ മുന്നറിയിപ്പ് നൽകി. "ഈ മോർഫ് ചെയ്ത 'ചുട്ടമല്ലെ' വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ച നീചന്മാരോട് എനിക്ക് പറയാനുള്ളത് - നിങ്ങളിൽ ഒരാളെപ്പോലും ഞാൻ വെറുതെ വിടില്ല. ഇത് ഉണ്ടാക്കിയവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും സാധ്യമായ എല്ലാ നിയമനടപടികളും ഞാൻ സ്വീകരിക്കും."
ഇത്തരം വീഡിയോകൾ കാണുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് നടൻ എല്ലാവരോടുമായി അഭ്യർത്ഥിച്ചു. ഇന്ന് മറ്റൊരു സ്ത്രീക്കാണ് ഇത് സംഭവിച്ചതെങ്കിൽ നാളെ അത് നിങ്ങളുടെ അമ്മയ്‌ക്കോ സഹോദരിക്കോ ഭാര്യക്കോ മകൾക്കോ സംഭവിക്കാമെന്നും നടൻ ഓർമിപ്പിച്ചു.
അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം ചെയ്ത 'ദേവര' എന്ന ചിത്രത്തിലെ 'ചുട്ടമല്ലെ' എന്ന ഗാനം ചാർട്ട്ബസ്റ്റർ ഹിറ്റായിരുന്നു. ജൂനിയർ എൻടിആറും ജാൻവിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം 2024ലാണ് തിയേറ്ററുകളിലേക്ക് എത്തിയത്.