രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് പ്രധാന പരിപാടികൾ മാറ്റിവച്ച് വിനോദമേഖല. സൽമാൻ ഖാൻ പങ്കെടുക്കുന്ന ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിംഗ് ലീഗിൻ്റെ ലോഞ്ചും കണ്ണപ്പ സിനിമയുടെ ട്രെയിലർ ലോഞ്ചുമാണ് മാറ്റിയത്. ഇന്ന് ഉച്ചയോടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്.
അപകടം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിംഗ് ലീഗിൻ്റെ സംഘാടകർ പരിപാടി മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിംഗ് ലീഗിൻ്റെ സ്ഥാപകനായ ഈഷാൻ ലോഖണ്ഡേ ദുരന്തത്തിൽ അനുശോചനമറിയിച്ചു.
അതുപോലെ തന്നെ ജൂൺ 13ന് ഇൻഡോറിൽ നടക്കാനിരുന്ന കണ്ണപ്പ സിനിമയുടെ ട്രെയിലർ ലോഞ്ചും മാറ്റി വച്ചു. സിനിമയിൽ അഭിനയിച്ച താരങ്ങളായ അക്ഷയ് കുമാർ, വീഷ്ണു മഞ്ചു, പ്രഭാസ്, മോഹൻലാൽ എന്നിവർ പരിപാടിയിൽ പങ്കെടുക്കേണ്ടവർ ആയിരുന്നു. രണ്ട് പരിപാടികൾക്കും സംഘാടകർ തീയതി മാറ്റിനിശ്ചയിക്കും.
ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് അഞ്ച് മിനിറ്റിനുളളിൽ തകർന്നു വീഴുകയായിരുന്നു. 230 യാത്രക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചുവെന്നാണ് ഗുജറാത്ത് പൊലീസ് അറിയിച്ചിരിക്കുന്നത്. വിമാനം തകർന്ന് വീണ മേഘാനി പ്രദേശത്ത് നിന്നുളള ദൃശ്യങ്ങളിൽ ആകാശത്ത് കട്ടിയുളള കറുത്ത പുക ഉയരുകയാണ്.
ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയതെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മെഡിക്കൽ കോളേജാണ് ഇത്. അപകടത്തിൽ അഞ്ച് വിദ്യാർഥികൾ മരിച്ചതായി സൂചന. പരിക്കേറ്റ 31 വിദ്യാർഥികളെ ബിജെ മെഡിക്കൽ കോളേജ് സിവിൽ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു.