

കൊച്ചി: സെൻസർ പ്രശ്നങ്ങളെ തുടർന്ന് വിജയ് ചിത്രം 'ജന നായകൻ' റിലീസ് മാറ്റിവച്ചതിൽ അഭിപ്രായം വ്യക്തമാക്കി സംവിധായകൻ കാർത്തിക് സുബ്ബരാജ്. തമിഴ് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനും സിനിമയെ സംരക്ഷിക്കാനും ചലച്ചിത്ര പ്രവർത്തകർ കൈകോർക്കാൻ സംവിധായകൻ ആഹ്വാനം ചെയ്തു. സെൻസർ ബോർഡിന്റെ കർശനമായ സമയക്രമങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും കാർത്തിക് സുബ്ബരാജ് അഭിപ്രായപ്പെട്ടു.
സിനിമാ മേഖലയിലെ പ്രതിന്ധിക്ക് മൂന്ന് കാരണങ്ങളാണ് സംവിധായകൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നത്. ചെറിയ സിനിമകളോടുള്ള അവഗണന, സെൻസർ തടസങ്ങൾ, പ്രായോഗികമല്ലാത്ത നിയമങ്ങൾ എന്നിവയെപ്പറ്റിയാണ് സംവിധായകൻ പരാമർശിക്കുന്നത്. ജനുവരി 10ാം തീയതി റിലീസ് ചെയ്യേണ്ട 'പരാശക്തി' എന്ന ചിത്രത്തിന്റെ ബുക്കിങ്ങും പലയിടത്തും തുടങ്ങാനായിട്ടില്ലെന്നും കാർത്തിക് എടുത്തുപറയുന്നു.
ആരാധകർക്കിടയിലെ പോരുകൾ , രാഷ്ട്രീയ കാരണങ്ങൾ, വ്യക്തിപരമായ അജണ്ടകൾ, വിദ്വേഷ പ്രചാരണങ്ങൾ എന്നിവയെല്ലാം മാറ്റിവച്ച് സിനിമ എന്ന കലാരൂപത്തെ സംരക്ഷിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം. വലിയ സിനിമകൾ ഉത്സവ സീസണുകളിൽ റിലീസ് ചെയ്യാൻ കഴിയാതെ വരുന്നത് സിനിമാ വ്യവസായത്തെ തകർക്കുമെന്നും കാർത്തിക് സുബ്ബരാജ് മുന്നറിയിപ്പ് നൽകുന്നു.
ഒരു സിനിമാ പ്രേമി എന്ന നിലയിൽ ചില ചിന്തകൾ!!
'സല്ലിയാർകൾ' എന്ന ചെറിയ ബജറ്റ് ഇൻഡി സിനിമയ്ക്ക് തിയേറ്ററുകൾ ലഭിക്കുന്നില്ല.
നാളെ റിലീസ് ചെയ്യാനിരുന്ന വിജയ് സാറിന്റെ 'ജനനായകൻ' എന്ന ബിഗ് ബജറ്റ് ചിത്രം സെൻസർ തടസങ്ങൾ കാരണം മാറ്റിവയ്‌ക്കേണ്ടി വന്നു.
മറ്റന്നാൾ റിലീസ് ചെയ്യേണ്ട മറ്റൊരു വലിയ ചിത്രമായ 'പരാശക്തി'ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പലയിടത്തും ബുക്കിങ് ഇതുവരെ തുടങ്ങിയിട്ടില്ല.
സിനിമയെ സംബന്ധിച്ചിടത്തോളം ഇത് കഠിനമായ കാലമാണ്!!
ചെറിയ ബജറ്റ് സിനിമകളോട് തിയേറ്ററുകൾ കുറച്ചുകൂടി അനുഭാവം കാണിക്കേണ്ടതുണ്ട്. കാരണം വലിയ സാറ്റലൈറ്റ്, ഒടിടി കമ്പനികൾ ഇത്തരം ചിത്രങ്ങൾ വാങ്ങാൻ താല്പര്യം കാണിക്കാറില്ല. അതുകൊണ്ടുതന്നെ തിയേറ്ററുകൾ മാത്രമാണ് അവർക്കുള്ള ഏക വരുമാനമാർഗം. ചെറിയ സിനിമകൾക്ക് തിയേറ്റർ നൽകാതിരിക്കുക എന്നാൽ അക്ഷരാർത്ഥത്തിൽ സിനിമയെ കൊല്ലുക എന്നാണ് അർത്ഥം.
വലിയ ബജറ്റ് സിനിമകളുടെ കാര്യമെടുത്താൽ, ഇന്ത്യയിലെയും വിദേശത്തെയും സെൻസർ സമയക്രമ നിയമങ്ങൾ പാലിക്കുക എന്നത് വളരെ പ്രയാസകരമാണ്. റിലീസ് തീയതി നേരത്തെ പ്രഖ്യാപിക്കുന്ന ബിഗ് ബജറ്റ് സിനിമകളുടെ അവസാനഘട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സംവിധായകർക്ക് ഇത് വലിയ സമ്മർദമുണ്ടാക്കുന്നു. നിലവിലെ സമയക്രമമനുസരിച്ച്, ഇന്ത്യയിലെയും വിദേശത്തെയും സെൻസർ ബോർഡുകളുടെ നിയമങ്ങൾ പാലിക്കണമെങ്കിൽ ഒരു സിനിമ റിലീസിന് മൂന്ന് മാസം മുമ്പെങ്കിലും പൂർണമായും തയ്യാറായിരിക്കണം. പല കാരണങ്ങളാൽ ഇത് പ്രായോഗികമല്ല. സെൻസർ ബോർഡും നിർമാതാക്കളും താരങ്ങളും ഒത്തുചേർന്ന് ഈ സംവിധാനം കുറച്ചുകൂടി ലളിതമാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ, ഉത്സവ സീസണുകളിൽ വലിയ സിനിമകൾ മാറ്റിവയ്‌ക്കേണ്ടി വരുന്നത് ചലച്ചിത്ര വ്യവസായത്തെ തകർക്കും.
ദയവായി, സിനിമാ മേഖലയിലുള്ളവരെല്ലാം ആരാധകർക്കിടയിലെ തർക്കങ്ങളും, രാഷ്ട്രീയ കാരണങ്ങളും, വ്യക്തിപരമായ അജണ്ടകളും, വിദ്വേഷ പ്രചാരണങ്ങളും മാറ്റിവച്ച് ഈ കലാരൂപത്തെ സംരക്ഷിക്കാനായി ഒന്നിച്ച് നിൽക്കുക... സിനിമയെ രക്ഷിക്കുക.