'കൗരവരി'ലെ മൂന്ന് പെൺകുട്ടികളിൽ മമ്മൂട്ടിയുടെ മകൾ ആര്? മൂന്ന് പതിറ്റാണ്ടിന് ശേഷം വെളിപ്പെടുത്തി ജോഷി

മമ്മൂട്ടിക്ക് പോലും അറിയാത്ത രഹസ്യം 34 വർഷത്തിന് ശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ
'കൗരവരി'ലെ മൂന്ന് പെൺകുട്ടികളിൽ മമ്മൂട്ടിയുടെ മകൾ ആര്? മൂന്ന് പതിറ്റാണ്ടിന് ശേഷം വെളിപ്പെടുത്തി ജോഷി
Published on
Updated on

കൊച്ചി: ലോഹിതദാസിന്റെ തിരക്കഥയിൽ ജോഷി ഒരുക്കിയ ചിത്രമാണ് 'കൗരവർ'. 1992ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് മമ്മൂട്ടിയാണ്. കന്നഡ സൂപ്പർതാരം വിഷ്ണുവർധനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം അവതരിപ്പിച്ചിരുന്നു. സിനിമയിലെ തിലകന്റെ അലിയാർ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'സമ്മർ ഇൻ ബെത്‌ലഹേമി'ലെ 'പൂച്ചയെ അയച്ച കസിനെ'പ്പോലെ ഈ ചിത്രത്തിലും സിനിമാപ്രേമികളെ കുഴയ്ക്കുന്ന ഒരു രഹസ്യം ഒളിഞ്ഞുകിടക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ മകൾ ആരാണ്?

പൊലീസ് ഉദ്യോഗസ്ഥനായ ഹരിദാസ് (വിഷ്ണുവർദ്ധൻ) കാരണം ജയിൽ ശിക്ഷ അനുഭവിച്ചവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ആന്റണി (മമ്മൂട്ടി), അലിയാർ (തിലകൻ), ബാബു ആന്റണി (ഹംസ), ഭീമൻ രഘു (രാമയ്യൻ) എന്നിവർ. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ആന്റണിയും സംഘവും ഹരിദാസിനോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ, മരിച്ചു എന്ന് കരുതിയ തന്റെ മകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും, അവളെ ശത്രുവായ ഹരിദാസാണ് വളർത്തുന്നതെന്നും ആന്റണി തിരിച്ചറിയുന്നിടത്ത് കഥ സുപ്രധാനമായ വഴിത്തിരിവിലേക്ക് കടക്കുന്നു.

മൂന്ന് പെൺകുട്ടികളെയാണ് ഹരിദാസ് വളർത്തുന്നത്. ഇതിലൊരാളാണ് ആന്റണിയുടെ മകൾ. ഇതാരാണെന്ന് വെളിപ്പെടുത്തും മുൻപ് ഹരിദാസ് മരിക്കുന്നതോടെ ഈ പെൺകുട്ടികളുടെ സംരക്ഷണച്ചുമതല ആന്റണി ഏറ്റെടുക്കുന്നു. ഇതോടെ, ഇയാൾ അലിയാരും സുഹൃത്തുക്കളുമായി തെറ്റുന്നു. അവരോട് എതിർത്ത് പെൺകുട്ടികളെ സംരക്ഷിക്കുന്നു.

'കൗരവരി'ലെ മൂന്ന് പെൺകുട്ടികളിൽ മമ്മൂട്ടിയുടെ മകൾ ആര്? മൂന്ന് പതിറ്റാണ്ടിന് ശേഷം വെളിപ്പെടുത്തി ജോഷി
ഗൺസ്, റോസസ് & വേടൻ! 'ഡിസി'യിലെ അനിരുദ്ധിന്റെ പുതിയ ഗാനം പുറത്ത്

ക്ലൈമാക്സിനോട് അടുത്ത്, മുരളി അവതരിപ്പിക്കുന്ന കഥാപാത്രം ആശുപത്രി രേഖകളിൽ നിന്ന് ആന്റണിയുടെ മകൾ ആരെന്ന് കണ്ടെത്തുന്നുണ്ട്. എന്നാൽ, ഇത് ആരെന്ന് വെളിപ്പെടുത്താൻ ആന്റണി അനുവദിക്കുന്നില്ല. മൂന്ന് പെൺകുട്ടികളും തനിക്ക് ഒരുപോലെയാണെന്ന് ആന്റണി പ്രഖ്യാപിക്കുന്നിടത്താണ് സിനിമയുടെ ക്ലൈമാക്സ്.

സിനിമയിൽ, 'ആന്റണിയുടെ മകൾ' എന്ന് ഒരാളെ ചൂണ്ടി വ്യക്തമായി പറയുന്നില്ലെങ്കിൽ സംവിധായകനും തിരക്കഥാകൃത്തും ഏതാണ് മമ്മൂട്ടിയുടെ മകൾ എന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. അങ്ങനെയായിരുന്നു ഈ പെൺകുട്ടികളുടെ കാസ്റ്റിങ്. പെൺകുട്ടികളുടെ രൂപത്തിൽ നിന്ന് തന്നെ പ്രേക്ഷകർക്ക് അത് മനസിലാകും എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ.

ശ്രീക്കുട്ടി, നന്ദിനിക്കുട്ടി, പാറുക്കുട്ടി എന്നിങ്ങനെയാണ് ഈ പെൺകുട്ടികളുടെ പേര്. ഇതിൽ ആദ്യത്തെയും അവസാനത്തേയും കുട്ടിക്ക് നീണ്ട മുഖവും നടുവിലുള്ള കുട്ടിക്ക് വട്ടമുഖവുമാണുള്ളത്. അതെ, നന്ദിനിക്കുട്ടിയാണ് ആന്റണിയുടെ മകൾ. ഇക്കാര്യം മമ്മൂട്ടിയോട് പോലും പറഞ്ഞിരുന്നില്ല എന്നാണ് ജോഷിയുടെ വെളിപ്പെടുത്തൽ. ആന്റണിയെപ്പോലെ ഈ കാര്യത്തിൽ മമ്മൂട്ടിയും ഇരുട്ടിലാണ്. അതുകൊണ്ട് കൂടിയാകാം ആ കഥാപാത്രം മൂവരിലും തന്റെ മകളെ തിരയുന്നതായി നമുക്ക് അനുഭവപ്പെടുന്നത്.

News Malayalam 24x7
newsmalayalam.com