

ഏഥൻസ്: സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായി. തമിഴ് സിനിമാ ലോകവും ആരാധകരും ഒരുപോലെ ആകാംക്ഷയോടെയാണ് ഈ താര വിവാഹത്തിനായി കാത്തിരുന്നത്. ഗ്രീസിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരുടേയും വിവാഹം നടന്നത്.
"ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്, എന്നാൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത് ❤️ 11.11", എന്ന അടിക്കുറിപ്പോടെയാണ് അനിരുദ്ധ് രവിചന്ദര്‍ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസയറിയിച്ച് ചിത്രത്തിന് താഴെ കമൻ്റിടുന്നത്. ഒരു മണിക്കൂറിനകം 1.4 മില്യൺ ലൈക്കാണ് വിവാഹ ഫോട്ടോയ്ക്ക് ലഭിച്ചത്.
നവംബർ 10ന് ഗ്രീസിൽ വച്ച് പരമ്പരാഗത രീതിയിലുള്ള വിവാഹനിശ്ചയ ചടങ്ങും നടന്നിരുന്നു. ഇന്നത്തെ വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ നവംബർ 21ന് ചെന്നൈയിൽ വച്ച് താരനിബിഡമായ വിവാഹ സൽക്കാരവും സംഘടിപ്പിക്കുന്നുണ്ട്.
സിനിമ, രാഷ്ട്രീയം, കായികം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെല്ലാം ഗ്രീസിലെ വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. രജിനികാന്ത്, എം.കെ. സ്റ്റാലിൻ എന്നിവരുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ദമ്പതികളുടെ ചിത്രങ്ങളും പുറത്തുവന്നു.
കഴിഞ്ഞ ദിവസം രജിനികാന്ത് ഗ്രീസിലേക്ക് യാത്രയായിരുന്നു. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരൻ്റേയും കാവേരി മാരൻ്റേയും മകളാണ് കാവ്യ. സൺ ടിവി നെറ്റ്വർക്കിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ കാവ്യ, ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒ കൂടിയാണ്.
അനിരുദ്ധിൻ്റേയും കാവ്യാ മാരൻ്റേയും വിവാഹ വിശേഷങ്ങൾ അറിയാൻ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.