കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'അതിരടി' സിനിമയ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. മെയ് 14നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. മെയ് 13ന് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സിനിമയുടെ പെയ്‌ഡ് പ്രീമിയറും ഉണ്ടായിരുന്നു. പ്രീമിയർ കഴിഞ്ഞപ്പോൾ മുതൽ സമൂഹ മാധ്യമങ്ങളിൽ 'അതിരടി'യാണ് ട്രെൻഡിങ്.
ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യ ദിനം 6.05 കോടി രൂപയാണ് ചിത്രം നെറ്റ് കളക്ഷനായി നേടിയത്. പെയ്ഡ് പ്രിവ്യൂ കളക്ഷൻ ഉൾപ്പെടെയാണ് ഈ കണക്ക്. ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ 7.04 കോടി രൂപയാണ്. ഇതിനൊപ്പം വിദേശത്തുനിന്നുള്ള 3.50 കോടി രൂപ (ഏകദേശ കണക്ക്) കളക്ഷൻ കൂടിയായപ്പോൾ ആഗോള ഗ്രോസ് കളക്ഷൻ 10.50 കോടി രൂപയിലെത്തി. 2026ൽ ഒരു മലയാള ചിത്രത്തിന്റെ മൂന്നാമത്തെ വലിയ ഓപ്പണിങ് ആണിത്. 'എമ്പുരാൻ' (18.60 കോടി), 'പേട്രിയറ്റ്' (10 കോടി) എന്നീ ചിത്രങ്ങളാണ് മുന്നിൽ.
രണ്ടാം ദിനം പിന്നിടുമ്പോൾ ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 12.09 കോടി രൂപയായി ഉയർന്നിട്ടുണ്ട്. 10.42 കോടി രൂപയാണ് ഇന്ത്യയിൽ നിന്നുള്ള സിനിമയുടെ നെറ്റ് കളക്ഷൻ.
ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്‌മാൻ എന്നിവരുടെ പ്രകടനം തന്നെയാണ് 'അതിരടി'യുടെ ഹൈലൈറ്റ്. സർപ്രൈസ് ക്യാമിയോയും പ്രേക്ഷകരുടെ കയ്യടി ഏറ്റുവാങ്ങി. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് സിനിമയുടെ സംവിധാനം. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് 'അതിരടി' നിർമിച്ചിരിക്കുന്നത്.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മല്ലു സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് 'അതിരടി'യുടെ സംവിധായകൻ അരുണ്‍. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംവിധായകനും ഛായാഗ്രഹകനുമായ സമീർ താഹിറും ടൊവിനോ തോമസും 'അതിരടി'യുടെ സഹനിർമാതാക്കളാണ്. 'മിന്നല്‍ മുരളി'ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'അതിരടി'ക്കുണ്ട്. നിവിൻ പോളിയുടെ 'സർവ്വം മായ' എന്ന ചിത്രത്തിലെ ഡെലുലു എന്ന കഥാപാത്രമായി കയ്യടി നേടിയ റിയാ ഷിബുവും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.
ഛായാഗ്രഹണം - സാമുവൽ ഹെൻറി, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആന്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ - സുകു ദാമോദർ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം.