"കേരള സ്റ്റോറിയുടെ ടീസർ പിൻവലിക്കുമോ?" സിനിമ ഹൈക്കോടതി കാണും, ശേഷം തീരുമാനം

സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് തീരുമാനം
'ദ കേരള സ്റ്റോറി 2' പോസ്റ്റർ, കേരള ഹൈക്കോടതി
'ദ കേരള സ്റ്റോറി 2' പോസ്റ്റർ, കേരള ഹൈക്കോടതിSource: X
Published on
Updated on

എറണാകുളം: 'കേരള സ്‌റ്റോറി 2' റിലീസിന് മുൻപ് കാണാൻ ഹൈക്കോടതി. നാളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായി ബെഞ്ച് സിനിമ കണ്ട് വിലയിരുത്തും. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് തീരുമാനം. വിവാദമായ ടീസർ പിൻവലിക്കുമോയെന്ന് നിർമാതാക്കളോട് ചോദിച്ച കോടതി സിനിമ പ്രദർശനയോഗ്യമാണോയെന്ന് മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ടീസർ നീക്കുന്ന കാര്യത്തിൽ, ഉച്ചയ്ക്ക് 1.45ന് തീരുമാനം അറിയിക്കാമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിനും നിർമാതാക്കൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഏതെങ്കിലും മത വിഭാഗത്തെ ബാധിക്കുന്ന ഭാഗങ്ങള്‍ സിനിമയിലില്ലെന്നായിരുന്നു നിർമാതാക്കളുടെ മറുപടി.

മതേതരത്വത്തിന്റെ നാടാണ് കേരളമെന്ന് കോടതി പറഞ്ഞു. സൗഹാര്‍ദപരമായാണ് എല്ലാവരും ഇവിടെ ജീവിക്കുന്നത്. ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്ന 'ഹാൽ' എന്ന ചിത്രത്തിലെ രംഗങ്ങള്‍ കട്ട് ചെയ്തിരുന്നു. അതേ മാനദണ്ഡം 'കേരള സ്റ്റോറി'ക്കും ബാധകമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമാണ് ' ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്'. 'യുഎ' സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്. സാധാരണ ഇത്തരം സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾക്ക് 'എ' സർട്ടിഫിക്കറ്റാണ് അനുവദിക്കുന്നത്. എന്നിട്ടും മതവിദ്വേഷം പരത്തുന്നു എന്ന ആരോപണം നേരിടുന്ന ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് അനുവദിച്ച സിബിഎഫ്‌സി നടപടി വലിയ വിമർശനം നേരിടുന്നുണ്ട്.

'ദ കേരള സ്റ്റോറി 2' പോസ്റ്റർ, കേരള ഹൈക്കോടതി
"പെൺകുട്ടികളെ മതം മാറ്റാൻ വേണ്ടി ബീഫ് കഴിപ്പിക്കുന്നുണ്ട്, അനുരാഗിന് മാനസിക പ്രശ്നം"; 'കേരള സ്റ്റോറി 2' സംവിധായകൻ

വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ സിനിമയുടെ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. പ്രത്യേകിച്ച്, ഒരു മലയാളി യുവതി ബീഫ് കഴിക്കാൻ വിസമ്മതിക്കുന്നതും അവരെ ബലം പ്രയോഗിച്ച് കഴിപ്പിക്കുകയും ചെയ്യുന്ന രംഗം വലിയ ചർച്ചകൾക്ക് ഇടയാക്കി.

ഇന്ത്യ വൈകാതെ മുസ്ലീം രാഷ്ട്രമാകും എന്ന് പറഞ്ഞു കൊണ്ടാണ് ഈ ട്രെയ്‌ലർ ആരംഭിക്കുന്നത്. രാജ്യത്ത് പ്രണയം നടിച്ച് മതപരിവർത്തനം നടക്കുന്നുവെന്ന തീവ്ര വലതുപക്ഷ ആഖ്യാനമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അതിരൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയെ വിമർശിച്ചത്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളാ മാതൃകയെ ഭയക്കുന്നവരാണ് വിദ്വേഷ പ്രചാരണത്തിന് പിന്നിലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് എങ്ങനെയെന്നത് ആശ്ചര്യകരമാണെന്നും കൂട്ടിച്ചേർത്തു.

'ദ കേരള സ്റ്റോറി 2' പോസ്റ്റർ, കേരള ഹൈക്കോടതി
പേര് 'കേരള സ്റ്റോറി', 'ഇരകളായി' വേദിയിൽ എത്തിച്ചത് 37 ഉത്തരേന്ത്യൻ സ്ത്രീകളെ; ചോദ്യങ്ങളിൽ കുഴങ്ങി അണിയറപ്രവർത്തകർ

ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് 'ദി കേരള സ്റ്റോറി 2'ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സംവിധാനം ചെയ്തിരിക്കുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com