
കൊച്ചി: മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ ഇഷ്ടം എന്ന ചോദ്യം പ്രായഭേദമന്യേ മലയാളികള്‍ കാലങ്ങളായി ചോദിച്ചും മറുപടി പറഞ്ഞും നമ്മുടെ ഭാഗമായ ഒന്നാണ്. എന്നാല്‍, ഇസാന എന്ന കുട്ടിയോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ ഒരു പേരു കൂടി അച്ഛന്‍ കൂട്ടിച്ചേർത്തു. മമ്മൂട്ടി ചേട്ടനെയാണോ മോഹന്‍ലാല്‍ ചേട്ടനെയാണോ ബേസില്‍ ചേട്ടനെയാണോ ഇഷ്ടം? ഇസാനയുടെ മറുപടി ഉടന്‍ വന്നു.
"ബേസില് ചേട്ടനോ, അതാരാ പപ്പാ? അത് സിനിമാ നടനൊന്നും അല്ല?
പിന്നീടങ്ങോട്ട് ബേസില്‍ ജോസഫ് എന്നൊരു നടന്‍ ഉണ്ട് എന്ന് സ്ഥാപിക്കാനായി ഇസാനയുടെ അച്ഛന്റെ ശ്രമം. ഗൂഗിളില്‍ നിന്ന് ബേസിലിന്റെ ഒരു നല്ല പടം എടുത്ത് കാട്ടി. "ഈ നടനെ കണ്ടിട്ടില്ലേ" എന്ന് ചോദിച്ചു. അപ്പോള്‍ കണ്ടിട്ടുണ്ടെന്നായി ഇസാന. പക്ഷേ സിനിമയില്‍ അല്ല. അത് വീട്ടില്‍ മീന്‍ വില്‍ക്കാന്‍ വരുന്ന യൂസഫ് കാക്കയാണ്. ഇസാന തറപ്പിച്ചു പറഞ്ഞു. സ്കൂട്ടറിന്റെ പുറകില്‍ പെട്ടിയും വച്ചാണ് മീന്‍ വില്‍ക്കാന്‍ വരുന്നതെന്നും ഇങ്ങനെ ഒരു നടന്‍ ഇല്ലെന്നും കുട്ടി തറപ്പിച്ചു പറഞ്ഞു.
ഇപ്പോള്‍ തന്നെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്. കമന്റുകളുടെ പെരുമഴയും. "ടൊവിനോയുടെ ആള്‍ക്കാരാണെന്ന് തോന്നുന്നു" എന്നായിരുന്നു ഒരു പ്രതികരണം. "ഈ വീഡിയോ ടൊവിനോ കാണരുതേ" എന്ന് പ്രാർഥിക്കുന്നവരേയും കാണാം.
വൈറല്‍ വീഡിയോയ്ക്ക് ബേസില്‍ ജോസഫും കമന്റ് ചെയ്തിട്ടുണ്ട്. "എടി മോളെ, നീ കേരളത്തിലോട്ട് വാ കാണിച്ചു തരാം. രണ്ടു കിലോ മത്തിയും കൊണ്ടുവരാം എന്നായിരുന്നു ബേസിലിന്റെ കമന്റ്. എന്തായാലും 'ഷെയ്ക്ക് ഹാന്‍ഡ്' യൂണിവേഴ്സിന് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളെ ബേസിലിലേക്ക് തിരിച്ചിരിക്കുകയാണ് കുട്ടി ഇസാന.