

സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുമ്പോൾ ഇന്ത്യൻ സിനിമയും തെക്ക് വടക്ക് എന്ന് ഇത്രമാത്രം വേർപെടുമെന്ന് ആരും വിചാരിച്ചുകാണില്ല. ഭാഷ രാഷ്ട്രീയ മാനം നേടിയപ്പോൾ ഹിന്ദി സിനിമ അപ്രമാദിത്വം സ്ഥാപിച്ചു. മുകളിലിൽ നിന്ന് താഴോട്ട് ഒരു ഘടന രൂപപ്പെട്ടു. പണം, പ്രശസ്തി, മാർക്കറ്റ് എന്നിവ ബോളിവുഡിന് മേൽക്കൈ നൽകിയപ്പോൾ ഇങ്ങ് ദക്ഷിണ പ്രദേശത്ത് വളർന്നുവന്ന കലാസാനുക്കളെ മുകളിൽ നിന്ന് നോക്കിക്കാണാൻ മാത്രമാണ് അവർ ശ്രമിച്ചത്. ഇന്ത്യൻ സിനിമയ്ക്ക്, ഹിന്ദിയിൽ പാടുന്ന പറയുന്ന നിരവധി വല്യച്ഛന്മാരും ഇളയച്ഛന്മാരും ഉണ്ടായി. ദക്ഷിണേന്ത്യൻ സിനിമകൾ മികവ് പുലർത്തുമ്പോൾ, പഴയകാല ജന്മികൾ അടിയാന്മാര നോക്കി പറയുമ്പോലെ അവർ പോലും എന്നൊരു പറച്ചിൽ ഉടലെടുത്തു. സത്യന്റെയും പ്രേം നസീറിന്റെയും എംജിആറിന്റെയും ശിവാജി ഗണേശന്റെയും എൻടിആറിന്റെയും വലിപ്പം ഇന്ത്യ ശരിയാംവിധം അറിഞ്ഞില്ല. എന്നാൽ, ഒരു പരമക്കുടിക്കാരൻ പാർഥസാരഥി എല്ലാം മാറ്റിമറിച്ചു. അയാൾ വടക്ക് കാണും വിധം എഴുന്നേറ്റു നിന്നു. തലയെടുപ്പ് കാട്ടി. കമൽ ഹാസൻ എന്ന് പേരെടുത്തു. ആ ചെറുപ്പക്കാരന് ഇന്ന് 71 വയസ് തികയുന്നു.
ഡി. ശ്രീനിവാസന്റെയും രാജലക്ഷ്മിയുടേയും നാലാമത്തെ മകനായിട്ടാണ് കമൽ ഹാസന്റെ ജനനം. ശ്രീനിവാസൻ ഒരു ക്രിമിനൽ വക്കീൽ ആയിരുന്നു. കലാകാരനാകാൻ ആഗ്രഹിച്ച മനുഷ്യൻ. എന്നാൽ സാഹചര്യങ്ങൾ അതിന് സമ്മതിച്ചില്ല. ചെറുപ്പത്തിലെ ശ്രീനിവാസന്റെ പിതാവ് മരിച്ചു. മരണക്കിടക്കയിൽ തന്റെ ഭാര്യാപിതാവിനോട് അയാൾ ഒന്നേ ആവശ്യപ്പെട്ടുള്ളു. തന്റെ ആറ് മക്കളേയും നല്ല വഴിക്ക് നടത്തണം. അത് അദ്ദേഹം അക്ഷരംപ്രതി അനുസരിച്ചു. തന്നെപ്പോലെ അവരെയെല്ലാം അഭിഭാഷകരാക്കാനായിരുന്നു പിന്നങ്ങോട്ട് അദ്ദേഹത്തിന്റെ ശ്രമം.
എന്നാൽ, ശ്രീനിവാസന് ഒരു പാട്ടുകാരൻ ആകണമെന്നായിരുന്നു ആഗ്രഹം. ആരും അറിയാതെ അയാൾ സംഗീത ക്ലാസുകൾക്ക് പോയി. പക്ഷേ ഒരുനാൾ പിടിക്കപ്പെട്ടു. തല്ലുംപിടിയും വലിയ കോലാഹലങ്ങളും ഒന്നുമുണ്ടായില്ല. ശ്രീനിവാസൻ ഒളിപ്പിച്ചുവച്ചിരുന്ന സംഗീത ക്ലാസിലെ നോട്ടുകൾ എല്ലാം മുത്തച്ഛൻ കീറിക്കളഞ്ഞു. അന്ന് ശ്രീനിവാസൻ ഒരു പ്രതിജ്ഞ എടുത്തു. ഒരിക്കൽ എനിക്കും കുട്ടികളുണ്ടാകും, അവരെ ഞാൻ പാട്ടുകാരും കലാകാരരും ആക്കും. ചാരുഹാസൻ മുതൽ നളിനി വരെയുള്ള മൂന്ന് മക്കളെ കലാമേഖലയിലേക്ക് കൊണ്ടുവരാൻ ശ്രീനിവാസൻ ഇടപെട്ടു. അവർ കലയിൽ വാസന വളർത്തിയെടുക്കുകയും ചെയ്തു. അപ്പോഴാണ് പരമക്കുടി മറക്കാത്ത ആ അതിശയപ്പിറവി സംഭവിക്കുന്നത്.
രാജലക്ഷ്മിയുടെയും ശ്രീനിവാസന്‍റെയും വിവാഹം കഴിഞ്ഞ് 25 വർഷങ്ങൾക്ക് ശേഷമാണ് കമല്‍ ഹാസൻ ജനിക്കുന്നത്. രാജലക്ഷ്മി ഒരു പ്രമേഹരോഗിയായിരുന്നു. ശ്വാസതടസവും അമിതവണ്ണവും അവരെ വലച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രസവത്തെ ഭയത്തോടെയാണ് അവർ കണ്ടത്. ഈ പേടി കാരണമാണ് തന്റെ മൂത്ത മകൻ ചാരുഹാസനെ, മദ്രാസില്‍ നിന്നുള്ള അഭ്യസ്തവിദ്യയായ യുവതിയേക്കൊണ്ട് അവർ പെട്ടെന്ന് വിവാഹം കഴിപ്പിക്കുന്നത്.
ഒടുവിൽ ആ ദിവസം വന്നെത്തി. 1954 നവംബർ ഏഴ്. പരമക്കുടിയിലെ ഒരു ലോക്കല്‍ ആശുപത്രിയിലായിരുന്നു പ്രസവം. അത്ര പരിചയസമ്പന്നന്‍ അല്ലാത്ത അവിടുത്തെ ഡോക്ടർ ആകെ പകച്ചുപോയി. സ്വാഭാവിക പ്രസവം സാധ്യമല്ലെന്ന് അയാള്‍ ശ്രീനിവാസനെ അറിയിച്ചു. നീണ്ട നേരത്തെ പ്രാണവേദനയ്ക്കും നിലവിളിക്കും ഒടുവില്‍ രാജലക്ഷ്മി ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. തടിച്ച പൊക്കിൾക്കൊടിയുമായി കമൽ എന്ന പാർഥസാരഥി കരഞ്ഞുകൊണ്ട് വരവ് അറിയിച്ചു.
രാജലക്ഷ്മിയെ കൂടുതൽ നിരീക്ഷണത്തിനായി മാറ്റിയതോടെ കുഞ്ഞിനെ നോക്കേണ്ട ചുമതല ചേച്ചി നളിനിക്കായി. ആ എട്ടു വയസുകാരി അതിശത്തോടെ തന്റെ കുഞ്ഞ് സഹോദരനെ പരിപാലിച്ചു. അത് പിന്നീടുള്ള നാളുകളിലും തുടർന്നു. ശബ്ദങ്ങളോടാണ് ആ കുഞ്ഞ് ആദ്യം പ്രതികരിച്ച് തുടങ്ങിയത്. ചുറ്റുപാടും അവന്റെ നിരീക്ഷണം എത്തി. മൂന്ന് ദിവസം മാത്രം പ്രായമുള്ളപ്പോള്‍ നളിനിയുടെ വിരലുകളുടെ ചലനം അവന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു.
പരമക്കുടിക്കാർക്ക് ആ പ്രസവം ഒരു അതിശയമായിരുന്നു. മരണത്തിൽ നിന്ന് തിരിച്ചെത്തിയ രാജക്ഷ്മിയെ അവർ അത്ഭുതത്തോടെയാണ് നോക്കിയത്. സമീപ ദേശങ്ങളില്‍ നിന്ന് പോലും ആ അമ്മയുടെ അനുഗ്രഹം തേടി ഗർഭിണികള്‍ എത്തിയിരുന്നു. ദൈവവിശ്വാസിയല്ലാത്ത കമലിന്റെ പിറവിയുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു അതിശയകഥ കൂടിയുണ്ട്.
പാട്ടുകാരൻ ആകാൻ ആഗ്രഹിച്ച ശ്രീനിവാസന്റെ മകൻ നാടറിയുന്ന നടനും ഗായകനും സംവിധായകനും നർത്തകനും എഴുത്തുകാരനുമായി. 250ന് മുകളിൽ സിനിമകളിൽ അഭിനയിച്ചു. അഞ്ച് പടങ്ങൾ സംവിധാനം ചെയ്തു. മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ സജീവമായി. രാജ്യസഭാംഗമായി. ഉലകനായകൻ എന്ന് ലോകം വിശേഷിപ്പിച്ചപ്പോൾ ആ വിളി ഇനി വേണ്ട എന്ന് പറഞ്ഞു. മതം രാജ്യം കീഴടക്കുമ്പോൾ താൻ ഒരു യുക്തിവാദിയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു. ശ്രീനിവാസന്റെ ഭീഷ്മപ്രതിജ്ഞയുടെ അനുരണനമാണ് കമലിന്റെ സർഗ ജീവിതം. അച്ഛൻ കലാകാരനാക്കാൻ ആഗ്രഹിച്ചു മകൻ സകലകലാവല്ലഭനായി.
(കടപ്പാട്: കെ. ഹരിഹരൻ എഴുതിയ 'കമൽ ഹാസൻ: എ സിനിമാറ്റിക് ജേണി എന്ന ഗ്രന്ഥം)