
'ഇന്ത്യയുടെ വാനമ്പാടി' ലത മങ്കേഷ്കറിന്റെ ജന്മദിനമാണ് ഇന്ന്. 2022ല്‍ ഗായിക വിടവാങ്ങിയിട്ടും അനശ്വരമായ ഗാനങ്ങളിലൂടെ ആ സുവർണ ശബ്ദം ഇന്നും ആസ്വാദക ഹൃദയങ്ങളിലേക്ക് പടർന്നുകയറുന്നു. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ വേരുകളുള്ള ലതാ മങ്കേഷ്കർ രാജ്യം കണ്ട ഏറ്റവും മികച്ച ഗായകരില്‍ ഒരാളാണ്. ഇന്ത്യയുടെ സാസ്കാരിക ചിഹ്നം.
സംഗീതത്തിന് അപ്പുറവും ഒരുപാട് ഇഷ്ടങ്ങളുണ്ടായിരുന്ന വ്യക്തിയാണ് ലതാ മങ്കേഷ്കർ. ലതയുടെ കാർ പ്രേമം പ്രസിദ്ധമാണ്. തന്റെ ചാരനിറത്തിലുള്ള ഹിൽമാനും നീല ഷെവർലെയും, ക്രൈസ്ലറും, മെഴ്‌സിഡസും വിലപ്പെട്ട നിധികളായാണ് ആ ഇതിഹാസ ഗായിക കണ്ടിരുന്നത്.
ക്രിക്കറ്റ് ആയിരുന്നു ലതയുടെ മറ്റൊരു ഇഷ്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി വൈകാരിക ബന്ധമാണ് ഉണ്ടായിരുന്നത്. 'ആയ്' (മറാത്തിയില്‍ അമ്മ) എന്നാണ് ലതാ മങ്കേഷ്കറെ സച്ചിന്‍ വിളിച്ചിരുന്നത്. ക്രിക്കറ്റിന്റെയും ഇന്ത്യൻ ടീമിന്റെയും അഭ്യുദയകാംക്ഷി എന്ന നിലയിൽ അവർ നല്‍കിയ പിന്തുണയെപ്പറ്റി അധികം പറഞ്ഞുകേട്ടിട്ടില്ല.
സുപ്രധാന മത്സര വിജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിക്കാന്‍ അവർ പലപ്പോഴും ശ്രമിക്കാറുണ്ടായിരുന്നു. നാല് പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ടീമിന്റെ ഭരണതലത്തില്‍ പ്രവർത്തിച്ച രത്നാകർ ഷെട്ടി അത്തരം ചില സന്ദർഭങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
2004ല്‍ ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനത്തിലായിരുന്നു ഒരു സംഭവം. റാവല്‍പിണ്ടിയില്‍ ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയതിനു ശേഷം ആദ്യം വന്ന ഫോണ്‍ ലതാ മങ്കേഷ്കറിന്റെയാണ്. ഏതൊരു ക്രിക്കറ്റ് പ്രേമിയേയും പോലെ അവർ ആവേശത്തോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചു.
2005ല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യന്‍ പര്യടനത്തിന് എത്തിയപ്പോള്‍ ലത 'തന്റെ ' ടീമിനൊപ്പമുണ്ടായിരുന്നു. അന്ന് ബിസിസിഐ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന രത്നാകർ ഷെട്ടിയോട് ടെസ്റ്റ് മത്സരം സമനിലയിലായ വിവരം വിളിച്ചുപറയുന്നത് തന്നെ ലതാ മങ്കേഷ്കറാണ്. പിന്നാലെ ധോണിയോട് സംസാരിക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ നമ്പർ വാങ്ങിയതായും ഷെട്ടി ഓർക്കുന്നു.
2007ൽ ഇന്ത്യ ആദ്യ ട്വന്റി 20 ലോകകപ്പ് നേടിയതിന് ശേഷം മുംബൈയില്‍ നടന്ന വിജയ റാലി പെദ്ദാർ റോഡിലെ തന്റെ വീടിന് മുന്നിലൂടെ കടന്നുപോയപ്പോള്‍ ലത ഒരു കുട്ടിയുടെ ആവേശത്തില്‍ കളിക്കാരെ കൈവീശി കാണിച്ചുകൊണ്ടിരുന്നു. ഇത് കണ്ട് കുറച്ചുനേരം ആ വീടിന് മുന്നില്‍ വാഹനം നിർത്തിയിട്ടു. താമര നൂലില്‍ കൊരുത്ത ശബ്ദസൗന്ദര്യത്തിനുടമയായ തങ്ങളുടെ ആരാധികയോടുള്ള ഇന്ത്യന്‍ ടീമിന്റെ ആദരവായിരുന്നു അത്.
ഈ ആരാധനയ്ക്കും അപ്പുറം ഇന്ത്യന്‍ ടീമിനെ പുതിയ തലത്തിലേക്ക് ഉയർത്തുന്നതിന് സാമ്പത്തികമായും ലതാ മങ്കേഷ്കർ സഹായിച്ചിട്ടുണ്ട്. 1983ൽ കപിലിന്റെ ചെകുത്താന്മാർ പ്രുഡന്‍ഷ്യല്‍ ലോകകപ്പ് ഉയർത്തുമ്പോള്‍ ടീമിന് പ്രതിഫലം നല്‍കാന്‍ മതിയായ ഫണ്ട് ബിസിസിഐയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഫണ്ട് സ്വരൂപിക്കാനായി ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാടാന്‍ ലതാ മങ്കേഷ്കർ സന്നദ്ധയായി. കച്ചേരിയിൽ നിന്ന് ലഭിച്ച 21 ലക്ഷം രൂപയിൽ നിന്നാണ് ബിസിസിഐ 14 ടീം അംഗങ്ങൾക്കും മാനേജർ പി.ആർ. മാൻ സിംഗിനും ഓരോ ലക്ഷം രൂപ നല്‍കിയത്. ബാക്കി വന്ന ആറ് ലക്ഷം രൂപ നെഹ്‌റു സ്റ്റേഡിയം നവീകരിക്കാനും ഉപയോഗിച്ചു. അതിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന എല്ലാ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും മങ്കേഷ്കർ കുടുംബത്തിന് ബിസിസിഐ രണ്ട് ടിക്കറ്റുകള്‍ വീതം നല്‍കുന്നുണ്ട്. മാത്രമല്ല, മങ്കേഷ്‌കർ കുടുംബം പൂനെയിൽ സ്ഥാപിച്ച ആശുപത്രിക്ക് ഫണ്ട് സ്വരൂപിക്കാനായി 1998ൽ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ഇലവനും ശ്രീലങ്കൻ ഇലവനും തമ്മിൽ ഒരു ചാരിറ്റി മത്സരത്തിനും ബിസിസിഐ സൗകര്യമൊരുക്കി.
റെക്കോർഡിങ്ങുകള്‍ക്കിടയില്‍ ടെസ്റ്റ് കാണാന്‍ സമയം കണ്ടെത്തിയിരുന്ന ലതാ മങ്കേഷ്കർ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ ഓട്ടോഗ്രാഫ് അഭിമാനത്തോടെയാണ് സൂക്ഷിച്ചിരുന്നത്. സച്ചിനെ മകനായിട്ടാണ് കണ്ടിരുന്നത്. 2022 ഫെബ്രുവരി ആറിന് ലതാ മങ്കേഷ്കർ മരിച്ചപ്പോള്‍ "തന്റെ ഒരു ഭാഗം നഷ്ടമായപോലെ തോന്നുന്നു" എന്നാണ് സച്ചിന്‍ പറഞ്ഞത്. 30,000ന് മുകളില്‍ പാട്ടുകള്‍ പാടിയ ശേഷമാണ് ആ 92 വയസുകാരി കോവിഡിന് മുന്നില്‍ കീഴടങ്ങിയത്. എന്നാല്‍, ലത മങ്കേഷ്കർ എന്ന ഗായികയെ കീഴ്പ്പെടുത്താന്‍ ആ മഹാമാരിക്കും സാധിച്ചില്ല. അവർ ഇന്നും പാടുകയാണ്. ഒരു വാനമ്പാടിയെപ്പോലെ...