വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല, കുട്ടികളെ അടിക്കുന്നത് കണ്ട് സങ്കടം തോന്നിയിട്ട പോസ്റ്റ്: മേജർ രവി

വിസ്‌മയയുടെ പോസ്റ്റിനെ കോക്രോച്ച് ജനതാ പാർട്ടിക്ക് നൽകിയ പിന്തുണയായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് മേജർ രവി
മേജർ രവി, വിസ്മയ മോഹൻലാൽ
മേജർ രവി, വിസ്മയ മോഹൻലാൽ
Published on
Updated on

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണവും വിമർശനങ്ങളുമായി നടി വിസ്മയ മോഹൻലാൽ നേരിടുന്നത്. 'ഒരു ജനാധിപത്യ രാജ്യം സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?' എന്ന ചോദ്യം ഉന്നയിക്കുന്ന ഒരു കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചാണ് നടി സമരത്തിന് പിന്തുണയറിയിച്ചത്. 'വിൽ മേക് ഇറ്റ് എസ്കെ' എന്ന പേജിലെ പോസ്റ്റ് പങ്കുവച്ചായിരുന്നു വിസ്മയയുടെ ഐക്യദാര്‍ഢ്യം. നടിയെ പിന്തുണച്ചും എതിർത്തും നിരവിധി പേർ രംഗത്തെത്തി. ഇപ്പോഴിതാ, ഈ വിഷയത്തിൽ സംവിധായകൻ മേജർ രവി പ്രതികരിച്ചിരിക്കുകയാണ്.

കുട്ടികളെ അടിക്കുന്നത് കണ്ട് സങ്കടം തോന്നിയപ്പോൾ വിസ്മയ ഇട്ട പോസ്റ്റാണിതെന്നും അല്ലാതെ കോക്രോച്ച് ജനതാ പാർട്ടിക്ക് നൽകിയ പിന്തുണയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് മേജർ രവി പറയുന്നത്. വിസ്മയയ്ക്ക് രാഷ്ട്രീയ വിവരം ഇല്ലെന്നും പഠിച്ചത് വിയറ്റ്നാമിലാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ സംവിധായകൻ പറഞ്ഞു.

"എനിക്ക് മായ (വിസ്മയ) എന്ന കുട്ടിയെ കുട്ടിക്കാലം മുതൽ അറിയാം. ആ കുട്ടിക്ക് രാഷ്ട്രീയപരമായ അറിവൊന്നുമില്ല. കുട്ടിക്കാലത്ത് ഒരു നാൽക്കാലിയെ, ഒരു തെരുവുപട്ടിയെ കണ്ടാലും അതിന്റെ പുറകേ കരഞ്ഞു നടന്നിരുന്ന മായയെ ഞാൻ കണ്ടിട്ടുണ്ട്. ഈ കുട്ടി പഠിച്ചതും വളർന്നതുമെല്ലാം വിയറ്റ്നാമിലായിരുന്നു. അവിടെയുള്ള ഒരു തെരുവുനായയെ ആരോ ആക്രമിക്കുന്നത് കണ്ട് അതിനെ ദത്തെടുത്ത് ഇന്ത്യൻ സർക്കാരിന്റെ അനുവാദം വാങ്ങി ഇങ്ങോട്ട് കൊണ്ടുവന്ന് വളർത്തുകയാണ് ഇപ്പോൾ. ഇതാണ് ആ കുട്ടിയുടെ മനസ്. ഒരു ബ്ലോക്കിനകത്ത് ഒരു കുട്ടിയെ അടിക്കുന്നത് കണ്ട് അതിന്റെ പേരിൽ ഒരു പോസ്റ്റിട്ടു. നിങ്ങൾ അതിനെ കോക്രോച്ച് പാർട്ടിക്കുള്ള പിന്തുണയായി കാണേണ്ട. ഞാൻ അറിയുന്ന മായയ്‌ക്ക് ഈ സംഭവം എന്താണെന്ന് അറിയില്ല. കുട്ടികളെ അടിക്കുന്നത് കണ്ടപ്പോൾ ഒരു പോസ്റ്റിട്ടു. അത് ഇത്രയും വലിച്ചു നീട്ടേണ്ട കാര്യമില്ല," മേജർ രവി പറഞ്ഞു.

മേജർ രവി, വിസ്മയ മോഹൻലാൽ
"ഡൽഹി മെട്രോ സ്റ്റേഷൻ ഉച്ചയ്ക്ക് മുൻപ് തുറന്നില്ലെങ്കിൽ നേരിട്ട് ഇടപെടും"; കടുത്ത നിലപാടുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

വിദേശ ഫണ്ടിങ്ങിലാണ് വിദ്യാർഥി സമരം നടക്കുന്നതെന്നും സർക്കാരിനെ താഴെയിടാനാണ് ശ്രമിക്കുന്നതെന്നും മേജർ രവി ആരോപിച്ചു. സമരത്തിന് പിന്തുണ അറിയിച്ച കലാകാരന്മാർക്ക് വേറെ പണിയൊന്നുമില്ലെന്നും ബിഗ് ബോസിലേക്ക് എൻട്രി കിട്ടാൻ വേണ്ടി കാര്യമില്ലാതെ ഒച്ചയും ബഹളവും ഉണ്ടാക്കുന്നതാകുമെന്നും സംവിധായകൻ പരിഹാസ രൂപേണ പറഞ്ഞു.

News Malayalam 24x7
newsmalayalam.com