

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ സന്തോഷ് കെ. നായർ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വാഹനാപകടത്തിൽ നടനും ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.
നിസാര പരിക്കുകളുള്ള ഭാര്യ ശുഭശ്രീ ആശുപത്രിയിൽ ചികിത്സയിലാണ്. കാറുമായി കൂട്ടിയിടിച്ച ലോറിയിലെ ഡ്രൈവറും പരുക്കേറ്റ് ചികിത്സയിലാണ്.
വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനാണ് സന്തോഷ് കെ. നായർ. ഇതിനോടകം നൂറിലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വൻ വിജയമായ 'മോഹിനിയാട്ടം' ആയിരുന്നു അവസാനമായി അഭിനയിച്ച സിനിമ.
എ.ടി.അബു സംവിധാനം ചെയ്ത 'രാഗം താനം പല്ലവി' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്ക് എത്തുന്നത്. 'ഇതു ഞങ്ങളുടെ കഥ' എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് സന്തോഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടർന്നിങ്ങോട്ട് നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കൊതി തീരും വരെ, ഇത് നല്ല തമാശ എന്നീ സിനിമകളിൽ നായകവേഷം ചെയ്തു. യുവജനോത്സവത്തിലെ നിസാർ, ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയുടെ വലംകയ്യായ ലോറൻസ് തുടങ്ങിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. രാപാർക്കാം, കമ്മത്ത് ആൻഡ് കമ്മത്ത് എന്നീ സിനിമകളിൽ കോമഡി വേഷങ്ങളും ചെയ്തിട്ടുണ്ട്. ചില ടെലിവിഷൻ പരമ്പരകളിലും സന്തോഷ് അഭിനയിച്ചിട്ടുണ്ട്.
1960 നവംബർ 12ന് തിരുവനന്തപുരത്ത് സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. എം.ജി കോളേജിൽ നടൻ മോഹൻലാലിൻ്റെ ജൂനിയറായിരുന്നു.