
എറണാകുളം: താരസംഘടനയായ 'അമ്മ' ഭരണസമിതിയിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിനിറങ്ങിയതിന് പിന്നാലെ കുക്കു പരമേശ്വരന് എതിരെ ഗുരുതര ആരോപണങ്ങളുമായി പൊന്നമ്മ ബാബു. അമ്മയിലെ സ്ത്രീകൾ ദുരനുഭവങ്ങൾ പങ്കുവയ്‌ക്കുന്നതിൻ്റെ വീഡിയോ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് ആരോപണം. മെമ്മറി കാർഡ് ദുരുപയോഗം ചെയ്തോ എന്നതിൽ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറയുന്നു.
ഹേമ കമ്മിറ്റിക്ക് മുൻപ് 'അമ്മ'യിലെ സ്ത്രീകൾ ഒരുമിച്ചു കൂടി സിനിമയിലെ ദുരനുഭവങ്ങൾ പങ്കുവെച്ചിരുന്നു. കുക്കു പരമേശ്വരനാണ് ഇതിന് നേതൃത്വം നൽകിയത്. യോഗം വീഡിയോയിൽ പകർത്തിയിരുന്നുവെന്നും യോഗശേഷം ക്യാമറയിൽ നിന്നും മെമ്മറി കാർഡ് കുക്കു പരമേശ്വരൻ വാങ്ങിക്കൊണ്ടുപോയിയെന്നുമാണ് പൊന്നമ്മ ബാബു പറയുന്നത്.
ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്നാണ് മെമ്മറി കാർഡ് സൂക്ഷിച്ചിരുന്നതെന്നും ഇവർ മെമ്മറി കാർഡ് ഹേമാ കമ്മിറ്റിക്ക് മുൻപാകെ നൽകാൻ തയ്യാറായില്ലെന്നും പൊന്നമ്മ ബാബു ആരോപിക്കുന്നു. ഇപ്പോൾ മെമ്മറി കാർഡ് കയ്യിൽ ഇല്ലെന്നാണ് ഇരുവരും പറയുന്നത്. മെമ്മറി കാർഡ് പുറത്തുകൊണ്ടുവരണം. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു.
കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ അംഗങ്ങളെ ഇതുവച്ച് ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്. കുക്കുവിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്നും നടി കൂട്ടിച്ചേർത്തു.