

കൊച്ചി: 'കിഷ്കിന്ധാ കാണ്ഡം', 'എക്കോ' എന്നിങ്ങനെ വ്യത്യസ്തമായി കഥ പറഞ്ഞ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് ദിൻജിത്ത് അയ്യത്താൻ. കഴിഞ്ഞ വർഷത്തെ മികച്ച മലയാള സിനിമകളിൽ ഒന്നായി പ്രേക്ഷകരും നിരൂപകരും ഒരുപോലെ വിലയിരുത്തിയ 'എക്കോ'യ്ക്ക് കേരളത്തിന് പുറത്തും ആരാധകർ ഏറെയാണ്. നിരവധി പ്രമുഖർ സിനിമയേയും അണിയറപ്രവർത്തകരേയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ദിൻജിത്തിന്റെ ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ സംസാരവിഷയം.
പ്രഭാസിന് ഒപ്പമുള്ള ചിത്രമാണ് ദിൻജിത്ത് അയ്യത്താൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. "സൂപ്പർസ്റ്റാർ പ്രഭാസിനെ കണ്ടു. മനോഹരമായ സംഭാഷണങ്ങളും ചിരിയും രുചികരമായ അത്താഴവും നിറഞ്ഞ അത്ഭുതകരമായ ഒരു വൈകുന്നേരം. ചെമ്മീൻ ബിരിയാണി ശരിക്കും ഇഷ്ടപ്പെട്ടു! പ്രിയപ്പെട്ട പ്രഭാസ് സാർ, നിങ്ങളുടെ സ്നേഹനിർഭരമായ ആതിഥ്യത്തിനും ഈ വൈകുന്നേരം ഇത്രയും ഹൃദ്യവും മറക്കാനാവാത്തതുമാക്കി മാറ്റിയതിനും ഒത്തിരി നന്ദി. വിജയ് സാറിനും ഹോംബാലെ ഫിലിംസിനും നന്ദി," എന്ന കുറിപ്പിനൊപ്പമാണ് ദിൻജിത്ത് ചിത്രം പങ്കുവച്ചത്. ഈ പോസ്റ്റിന് പിന്നാലെ 'എക്കോ' സംവിധായകന്റെ അടുത്ത ചിത്രം ഹോംബാലെയുടെ ബാനറിൽ പ്രഭാസിനെ നായകനാക്കിയാണോ എന്ന സംശയത്തിലാണ് സോഷ്യൽ മീഡിയ.
നേരത്തെ, തമിഴ് താരം ധനുഷിനൊപ്പമുള്ള ചിത്രവും ദിൻജിത്ത് പങ്കുവച്ചിരുന്നു. "ഇന്നലെ ധനുഷ് സാറിനെ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു.'എക്കോ', 'കിഷ്കിന്ധാ കാണ്ഡം' എന്നീ സിനിമകളിലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ച രീതിയും അദ്ദേഹത്തിന്റെ വിനയവും എന്നെ സ്പർശിച്ചു. മ്ലാത്തിച്ചേട്ടത്തിയുടെ പ്രകടനം അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടു. 'അത്ഭുതപ്പെടുത്തുന്ന കലാകാരി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, "എങ്ങനെയാണ് അവരെ ഇതിലേക്ക് കൊണ്ടുവന്നത്?" എന്നാണ് ധനുഷിന്റെ ചിത്രത്തിനൊപ്പം ദിൻജിത്ത് കുറിച്ചത്.
ദിൻജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'എക്കോ' തിയേറ്ററുകളിലും ഒടിടിയിലും മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. ബാഹുൽ രമേശ് ആയിരുന്നു സിനിമയുടെ തിരക്കഥയും ഛായാഗ്രഹണവും. സന്ദീപ് പ്രദീപ്, വിനീത്, നരേൻ ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മുജീബ് മജീദ് ആണ് സംഗീതം. സൂരജ് ഇ.എസ് - എഡിറ്റിങ്, കലാസംവിധാനം - സജീഷ് താമരശേരി, ഓഡിയോയോഗ്രാഫി - വിഷ്ണു ഗോവിന്ദ്.