

മമ്മൂട്ടിയേക്കാൾ ഇളപ്പമാണ് കേരളം. 1956ൽ ആണ് ഐക്യകേരളം രൂപീകരിച്ചത്. മമ്മൂട്ടി ജനിച്ചത് 1951ലും. ഒരു മനുഷ്യൻ ഒരു ദേശത്തെ വരയ്ക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നടനും നാടും തമ്മിലുള്ള ബന്ധം. മലയാളിയുടെ ആസ്വാദനത്തെ ഇത്ര കണ്ട് സ്വാധീനിച്ച മറ്റൊരു നടൻ ഉണ്ടെന്ന് തോന്നുന്നില്ല.
മലയാളിയിലെ സിനിമാ ക്രിട്ടിക്കിനെ വളർത്തിയതിൽ മമ്മൂട്ടിക്കും പങ്കുണ്ട്. മമ്മൂട്ടി ഒരിക്കലും ഒരു ഴോണറിലോ ഒരു ചട്ടകൂടിലോ ഒതുങ്ങി നിന്നില്ല. വേഷപ്പകർച്ചയിലൂടെ സ്വയം വെല്ലുവിളിച്ചുകൊണ്ടിരുന്നു. അതിനായി തെരഞ്ഞെടുത്ത വഴികളാണ് മലയാള സിനിമയെ കാലാനുസൃതമായി പുതുക്കി പണിതത്. മമ്മൂട്ടിക്ക് ആക്ഷനും കട്ടും പറഞ്ഞ കെ.എസ്. സേതുമാധവൻ മുതൽ ജിതിൻ കെ. ജോസ് വരെയുള്ള സംവിധായകർ മലയാളത്തിന് നൽകിയത് പുതിയ മമ്മൂട്ടിഭാവങ്ങളാണ്. അതിനൊപ്പിച്ച് നമ്മളിലെ കാഴ്ചക്കാരും പരിണമിച്ചു എന്ന് പറയാം.
ആദ്യം മലയാളികളുടെ ഇഷ്ട സംവിധായകരിലൂടെ നമ്മൾ മമ്മൂട്ടി എന്ന നടനെ അറിഞ്ഞു. പിന്നെ, മമ്മൂട്ടിയിലൂടെ പുതിയ സംവിധായകരെയും നവഭാവുകത്വത്തെയും. നല്ല സിനിമ ഉള്ളിലുള്ളവരെ തെരഞ്ഞിറങ്ങാൻ ആ താരത്തിന് ഒരു മടിയും ഉണ്ടായിട്ടില്ല. കൊച്ചിൻ ഹനീഫ, കെ. മധു, ലാൽ ജോസ്, സഞ്ജീവ് ശിവൻ, ബ്ലെസി, അൻവർ റഷീദ്, ആഷിഖ് അബു, വൈശാഖ്, മാർട്ടിൻ പ്രക്കാട്ട്, അമൽ നീരദ്, ശങ്കർ രാമകൃഷ്ണൻ, സേതു, രത്തീന, ഡിനു ഡെന്നീസ്, ജോഫിൻ ടി. ചാക്കോ, റോബി വർഗീസ് രാജ്, ഡിന്നു ഡെന്നിസ് എന്നിങ്ങനെ നിരവധി സംവിധായകരും അതിന് സാക്ഷ്യം പറയും. ഡെന്നീസ് ജോസഫ്, ലോഹിതദാസ് എന്നിവരെപ്പോലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുക്കളുടെയും ആദ്യ ചിത്രം മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. ഇവരാരെയും മമ്മൂട്ടി അവതരിപ്പിക്കുക ആയിരുന്നില്ല. മറിച്ച്, തന്നെ പുതിയ വെളിച്ചത്തിൽ അവതരിപ്പിക്കാൻ ഇവർക്ക് മുന്നിൽ നടൻ നിന്നുകൊടുക്കുകയായിരുന്നു.
അതുകൊണ്ട് കൂടിയാണ്, 'മികച്ച നടൻ' എന്നൊരു ചർച്ച വരുമ്പോൾ മമ്മൂട്ടിയെ ഒഴിവാക്കാൻ സിനിമാപ്രേമികൾക്ക് സാധിക്കാത്തത്. ഇത് ഏഴാം തവണയാണ് സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയെ തേടി എത്തുന്നത്. 1981ൽ മികച്ച രണ്ടാമത്തെ നടനുള്ള (അഹിംസ) അവാർഡ് നേടിയ മമ്മൂട്ടി മൂന്ന് വർഷങ്ങൾക്ക് ശേഷം (1984) മികച്ച നടനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കി. ഐ.വി. ശശിയുടെ 'അടിയൊഴുക്കുകൾ' എന്ന ചിത്രത്തിലെ കരുണൻ എന്ന മുരടനായ കഥാപാത്രമാണ് അവാർഡ് നേടിക്കൊടുത്തത്. എം.ടി. ആയിരുന്നു തിരക്കഥ. തൊട്ടടുത്ത വർഷം, 1985, തന്നെ അടുത്ത പുരസ്കാരം. ബാലു മഹേന്ദ്രയുടെ 'യാത്ര'യിലേയും ജോഷിയുടെ 'നിറക്കൂട്ടി'ലേയും പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശം.
1989 മമ്മൂട്ടിയുടെ വർഷമായിരുന്നു. ഒരു വടക്കൻ വീരഗാഥ (ഹരിഹരൻ), മൃഗയ (ഐ.വി. ശശി), മഹായാനം (ജോഷി) എന്നീ ചിത്രങ്ങളിലെ ഒന്നിന് ഒന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മികച്ച നടനുള്ള പുരസ്കാരം രണ്ടാമതും തേടിയെത്തി. 1990ൽ മലയാള സിനിമയുടെ പെരുന്തച്ചൻ, തിലകനായിരുന്നു മികച്ച നടൻ. മികച്ച രണ്ടാമത്തെ നടൻ മുരളിയും. 'അമര'ത്തിലെ മമ്മൂട്ടിയുടെ അച്ചൂട്ടിക്ക് ഒപ്പം മത്സരിച്ച് അഭിനയിച്ച കൊച്ചുരാമൻ എന്ന വേഷത്തിനായിരുന്നു അവാർഡ്. സിനിമയിലെ ഭാർഗവി എന്ന കഥാപാത്രം ചെയ്ത കെപിഎസി ലളിത സംസ്ഥാന-ദേശീയ തലത്തിൽ മികച്ച രണ്ടാമത്തെ നടിയുമായി. സിനിമ അവാർഡുകൾ തൂത്തുവാരിയപ്പോൾ അച്ചൂട്ടിയെ ആരും കാണാതെ പോയത് എന്തുകൊണ്ട് എന്നത് ഇന്നും കുഴയ്ക്കുന്ന ചോദ്യമാണ്.
1993ൽ പൊന്തൻമാട (ടി.വി. ചന്ദ്രൻ), വിധേയൻ (അടൂർ ഗോപാലകൃഷ്ണൻ), വാത്സല്യം (കൊച്ചിൻ ഹനീഫ) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ വീണ്ടും മികച്ച നടനുള്ള അവാർഡിന് മമ്മൂട്ടി അർഹനായി. എങ്ങനെ ഒരു മനുഷ്യനിൽ ഇത്ര കഥാപാത്രങ്ങൾക്ക് ഇടം ഒരുക്കാൻ സാധിക്കുന്നു എന്ന് ജൂറി അത്ഭുതപ്പെട്ടിരിക്കണം. ഭാസ്കര പട്ടേലർ എന്ന 'വിധേയനി'ലെ ജന്മി ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. 'വാത്സല്യ'ത്തിലെ 'ഏട്ടൻ' ഒരു വാർപ്പുമാതൃകയും. 11 വർഷത്തോളം മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയിൽ നിന്ന് അകന്നുനിന്നു. എന്നാൽ, 2004ൽ ബ്ലെസിയുടെ 'കാഴ്ച'യിലൂടെ നടൻ വീണ്ടും അഭിനയത്തിൽ ഒരു ബെഞ്ച്മാർക്കിട്ടു. കാഴ്ചയിലെ 'മാധവൻ' എന്ന ഗ്രാമീണൻ സ്ക്രീനിൽ വിങ്ങിയപ്പോൾ പ്രേക്ഷകരുടെ ഉള്ളുലഞ്ഞുപോയി. അഞ്ചു വർഷത്തിന് ശേഷമാണ് അടുത്ത പുരസ്കാരം. രഞ്ജിത്തിന്റെ 'പാലേരി മാണിക്യ ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യിൽ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി എത്തിയത്. അതിൽ മുരിക്കുംകുന്നത് അഹ്മദ് ഹാജിയിൽ മുൻപ് ചെയ്ത ഒരു കഥാപാത്രത്തിന്റെയും നിഴൽ പതിക്കാതിരിക്കാൻ ആ നടൻ ബദ്ധശ്രദ്ധനായിരുന്നു.
2020ന് ശേഷം സിനിമ ആഗോളതലത്തിൽ മാറി. കൊറോണ മഹാമാരി ഇങ്ങ് കൊച്ചു കേരളത്തിലേയും സിനിമാ കാണലിനെ ബാധിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തിയ കാണികൾ സിനിമയെ മറ്റൊരു രീതിയിൽ സമീപിക്കാൻ തുടങ്ങി. ഇൻസ്റ്റഗ്രാം റീലുകളിൽ അഭിരമിച്ചിരുന്ന സമൂഹത്തെ 30 സെക്കൻഡിന് അപ്പുറം പിടിച്ചിരുത്താൻ പലരും എഡിറ്റിങ്ങിന്റെ വേഗതകൂട്ടി. എല്ലാവരും 'കെജിഎഫ്' മോഡൽ കട്സിന് വേണ്ടി നിലകൊണ്ടു. അപ്പോഴതാ, ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രവുമായി വീണ്ടും മമ്മൂട്ടി അവതരിച്ചു. കാണികളെ ചെവിക്ക് പിടിച്ച് തിയേറ്ററിലിരുത്തി. സ്റ്റാറ്റിക്കായ ലോങ് ഷോട്ടുകളിൽ നടിച്ച് കാണിച്ചുകൊടുത്തു. 2023ൽ 'കാതൽ ദ കോർ' എന്ന ചിത്രത്തിൽ ഹോമോസെക്ഷ്വൽ കഥാപാത്രമായി എത്തി 'പാട്രിയാർക്ക്' എന്ന മാറാപ്പ് തോളിൽ നിന്ന് ഇറക്കിവച്ച് പൊളിറ്റിക്കലി കറക്ടായി ചിരിച്ചുനിന്നു. ആ വർഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'കാതിലി'ലെ പ്രകടനത്തിന് അവസാനം റൗണ്ടിൽ വരെ മമ്മൂട്ടി മത്സരരംഗത്ത് ഉണ്ടായിരുന്നു. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജ് സുകുമാരന് ആയിരുന്നു അവാർഡ്.
2024ൽ ഹൊറർ ഴോണറിനെ പുനർനിർവചിച്ച ഒരു ചിത്രത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്, 'ഭ്രമയുഗം'. ഉന്മാദത്തിന്റെ കാലം (Age of Madnes) എന്നാണ് സംവിധായകൻ രാഹുൽ സദാശിവൻ ഈ സിനിമയ്ക്ക് നൽകിയ ടാഗ്‍ലൈൻ. മോണോക്രോമിൽ ചിത്രീകരിച്ച് സിനിമയിൽ ടി.ഡി. രാമകൃഷ്ണൻ എന്ന എഴുത്തുകാരൻ സംഭാഷണങ്ങൾ പിശുക്കി കാഴ്ചയിലേക്ക് പ്രേക്ഷകരെ വഴിതിരിച്ചുവിട്ടു. വേണ്ടത് മാത്രം പറഞ്ഞു. അവരുടെ ആത്മവിശ്വാസം മമ്മൂട്ടി ആയിരുന്നിരിക്കണം. 'കൊടുമൺ പോറ്റി'യായി കറുപ്പിലും വെളുപ്പിലും എത്തിയ മമ്മൂട്ടിയുടെ നോട്ടവും ചിരിയും പല കാര്യങ്ങളും പറയാതെ പറഞ്ഞു. ഈ മനയുടെ ഉടയോൻ താൻ ആണെന്ന് അയാളുടെ ശരീരഭാഷ അലറിക്കൊണ്ടിരുന്നു. കൊടുമൺ പോറ്റിയുടെ വന്യമായ ചിരിയിലൂടെ ഏഴാം വട്ടവും മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനായി.
അപ്പോഴും ഒരു ചോദ്യം ബാക്കി നിൽക്കുന്നു. ഈ നടൻ വേണ്ട വിധം അംഗീകരിക്കപ്പെട്ടിട്ടുണ്ടോ? ഏഴ് സംസ്ഥാന അവാർഡുകൾ, മൂന്ന് ദേശീയ പുരസ്കാരങ്ങൾ, പദ്മശ്രീ, ഡീ ലിറ്റ്, കേരള പ്രഭ എന്നിങ്ങനെ നിരവധി അവാർഡുകൾ ഉള്ള ഒരു വ്യക്തിയെ ഇനി എന്ത് നൽകിയാണ് ആദരിക്കുക എന്നാകും സമാന്തരമായി ഉണ്ടായേക്കാവുന്ന സംശയം. "മമ്മൂട്ടിയോ? അതാര്?" എന്ന് അജ്ഞത നടിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയിൽ ആ സംശയം അവസാനിക്കും. വന്നവരും നിന്നവരും അതാത് സർക്കാരുകളുടെ പിന്നാലെ നടക്കുന്നവരും പദ്മ ആവാർഡുകളുടെ പ്രഭയിൽ കുളിച്ചു നിൽക്കുമ്പോൾ മമ്മൂട്ടി എന്ന നടനെ മറവിയിൽ നിർത്തുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. ഒന്ന്, പ്രൊപ്പഗണ്ടാ സിനിമകളുടെ രുചി നടന് പിടിക്കില്ല. രണ്ട്, മനസിൽ തോന്നിയത് പറഞ്ഞെന്നിരിക്കും. മൂന്ന്, കലയുടെയും കലാകാരന്റെയും സാമൂഹിക സ്ഥാനം എവിടെയാണെന്ന ഉത്തമ ബോധ്യം. നാല്, രാഷ്ട്രീയപരമായ തിരിച്ചറിവ്. അങ്ങനെ അക്കമിട്ട് നിരത്തിയാൽ ഇതിന് ഒരുപാട് കാരണങ്ങൾ കണ്ടെത്താൻ സാധിക്കും.
മമ്മൂട്ടി എന്ന പേര് കാണുന്നിടത്ത് വിറളിപിടിക്കുന്നവരുടെ ഭാഷയിൽ നിന്നും ഇത്തരം ഒഴിച്ചുനിർത്തലുകൾക്ക് മറ്റൊരു മാനവും നമുക്ക് കാണാൻ സാധിക്കും- മതം. വെള്ളിയാഴ്ചകളിൽ നിസ്കരിക്കുന്ന, നോമ്പ് നോൽക്കുന്ന മുഹമ്മദ്കുട്ടിയെ അംഗീകരിക്കാൻ ഇന്നും മടിച്ചുനിൽക്കുന്നവർ നിരവധിയാണ്. മുഖമില്ലാത്ത ഈ കൂട്ടരുടെ നിലവളി സോഷ്യൽ മീഡിയയിൽ വളർന്നുവരികയാണ്. കലിയുഗത്തിന്റെ ഒരു അപഭ്രംശം അത്ര തന്നെ!