

മറാത്തി ത്രില്ലർ ചിത്രം 'ഗോന്ധൾ' 2027ലെ ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തതായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ . സന്തോഷ് ദാവഖർ സംവിധാനം ചെയ്ത ചിത്രം 99-ാമത് അക്കാദമി അവാർഡിലെ 'മികച്ച അന്താരാഷ്ട്ര ചിത്രം' വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. 2025ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രജതമയൂരം നേടിയ സംവിധായകനാണ് സന്തോഷ് ദാവഖർ.
പി. ശേഷാദ്രി, വിജയ് പട്കർ, ഹിതു കനോഡിയ, ശാന്തി കുമാർ, സന്ദീപ് പരാശർ, സഞ്ജയ് പാട്ടീൽ, സാബു ജോസഫ്, അനിൽ തോമസ്, വിവേക് വാസ്വാനി, ബിജോൺ ദാസ്ഗുപ്ത, ഹാസൻ, വാസൻ, തനിഷ്ഠ ചാറ്റർജി എന്നിവരടങ്ങിയ ജൂറി പാനലാണ് ചിത്രത്തെ ഓസ്കാർ എൻട്രിയായി തിരഞ്ഞെടുത്തത്.
ജൂറിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട 33 ചിത്രങ്ങളിൽ നിന്നാണ് 'ഗോന്ധൾ' തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 14 എണ്ണം ഹിന്ദിയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു. മറാത്തി, തെലുങ്ക്, ഗുജറാത്തി ഭാഷകളിൽ നിന്ന് നാല് വീതം ചിത്രങ്ങളും തമിഴിൽ നിന്ന് മൂന്നും മലയാളം, നാഗാമിസ് ഭാഷകളിൽ നിന്ന് ഒറ്റ ചിത്രം വീതവുമാണ് ജൂറിയ്ക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടിരുന്നത്. ഒരു നിശബ്ദ ചിത്രവും പരിഗണനയിലുണ്ടായിരുന്നു.
സന്തോഷ് ദാവഖർ തന്നെയാണ് 'ഗോന്ധൾ' സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ഇളയരാജയാണ് സംഗീതം. അമലേന്ദു ചൗധരിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് - ആശിഷ് മാഹ്ത്രെ.
ലോസ് ഏഞ്ചലസിലെ ഡോൾബി തിയേറ്ററിൽ 2027 മാർച്ച് 14നാണ് 99-ാമത് അക്കാദമി അവാർഡ് ചടങ്ങ് നടക്കുന്നത്.