

വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുള്ള 'എപ്സ്റ്റീൻ ഫയൽസ്' ഘട്ടങ്ങളായി പുറത്തുവിടുകയാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്. വെള്ളിയാഴ്ച പുറത്തുവിട്ട ആദ്യഘട്ട രേഖകളിൽ യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഉൾപ്പെടെ നിരവധി പേരുടെ ചിത്രങ്ങളും പരമാർശങ്ങളുമുണ്ട്. ഇതിൽ ഒരാൾ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ അടുത്ത വൃത്തത്തിൽ പെട്ട വ്യക്തിയാണ്. മറ്റാരുമല്ല, മെലാനിയയെ കേന്ദ്രീകരിച്ച് ഒരുക്കിയ ഡോക്യുമെന്ററിയുടെ സംവിധായകൻ ബ്രെറ്റ് റാറ്റ്നർ.
ഡിസംബർ 19 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു ഫോട്ടോയിൽ, അന്തരിച്ച ഫ്രഞ്ച് മോഡൽ ഏജന്റും എപ്സ്റ്റീന്റെ അസോസിയേറ്റുമായ ജീൻ-ലൂക്ക് ബ്രൂണലിനൊപ്പം റാറ്റ്നർ പോസ് ചെയ്യുന്നത് കാണാം. ചിത്രത്തിൽ, ഷർട്ട് ധരിക്കാത്ത ബ്രൂണലിനേയും കെട്ടിപിടിച്ചിരിക്കുന്ന റാറ്റ്നറിനെയാണ് കാണാൻ സാധിക്കുന്നത്. ഫോട്ടോയിൽ തീയതിയോ സ്ഥലമോ പോലുള്ള അധിക വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് പാരിസിൽ തടവിൽ കഴിഞ്ഞിരുന്ന ബ്രൂണൽ, ജയിൽ മുറിയിൽ വച്ച് ജീവനൊടുക്കുകയായിരുന്നു.
യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിനെ കേന്ദ്രീകരിച്ച് ഒരുക്കിയ ഡോക്യുമെന്ററിയുടെ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആമസോൺ എംജിഎം സ്റ്റുഡിയോസ് റിലീസ് ചെയ്തത്. 'മെലാനിയ' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും മെലാനിയ ട്രംപ് തന്നെയാണ്.
2025ൽ ഡൊണാൾഡ് ട്രംപ് രണ്ടാമതും പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്നതിന് മുൻപുള്ള 20 ദിവസങ്ങളാണ് ഡോക്യുമെന്ററിയിൽ ആവിഷ്കരിക്കുന്നത്. സുപ്രധാനമായ നിരവധി അണിയറ ദൃശ്യങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതുവരെ പരസ്യമാക്കാത്ത നിർണായകമായ കൂടിക്കാഴ്ചകൾ, സ്വകാര്യ സംഭാഷണങ്ങൾ എന്നിവയുടെ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ 'മെലാനിയ'യിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ട്രംപിന്റെ 19കാരൻ മകൻ ബാരൺ ട്രംപും ട്രെയ്‌ലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
'റഷ് അവർ', 'ദ റവനന്റ്' എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിയായ ബ്രെറ്റ് റാറ്റ്നർ ആണ് 'മെലാനിയ'യുടെ സംവിധാനം. ആറ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ആരോപണം നേരിട്ട വ്യക്തിയാണ് റാറ്റ്നർ. 2017ൽ ലോസ് ഏഞ്ചലസ് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് റാറ്റ്നർക്ക് എതിരെ ഇത്തരം ഒരു ആരോപണം ഉയർന്നുവന്നത്. എന്നാൽ, സംവിധായകൻ ഇത് നിഷേധിച്ചു. അടുത്തിടെ, റാറ്റ്നർ സംവിധാനം ചെയ്ത 'റഷ് അവർ 4' വിതരണം ചെയ്യണമെന്ന് പാരമൗണ്ടിനോട് ട്രംപ് അഭ്യർഥിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
2026 ജനുവരി 30ന് ആണ് ആഗോളതലത്തിൽ 'മെലാനിയ' റിലീസ് ചെയ്യുന്നത്. മ്യൂസ് ഫിലിംസ്, ന്യൂ എലമെന്റ് മീഡിയ, റാറ്റ്പാക് എന്റർടൈൻമെന്റ് എന്നിവയുമായി സഹകരിച്ചാണ് ആമസോൺ എംജിഎം സ്റ്റുഡിയോ ഈ ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്.