

ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്. ഫോട്ടോകൾ, കോൾ ലോഗ്, ഗ്രാൻഡ് ജൂറി സാക്ഷ്യപ്പെടുത്തലുകൾ, അഭിമുഖ ട്രാൻസ്ക്രിപ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പല രേഖകളും വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെങ്കിലും പലതും ഇതിനകം തന്നെ പുറത്തേക്ക് വന്നു കഴിഞ്ഞു.
എപ്സ്റ്റീന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻറണുമായുള്ള ബന്ധമടക്കം സൂചിപ്പിക്കുന്ന വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ട്രംപുമായി നല്ല ബന്ധത്തിലായിരുന്നുവെങ്കിലും പുറത്ത് വന്ന വിവരങ്ങളിൽ ട്രംപിനെക്കുറിച്ചുള്ള വിവരങ്ങൾ കുറവാണ്.
മുൻ രാജകുമാരൻ ആൻഡ്രൂ , സംഗീതജ്ഞരായ മൈക്കൽ ജാക്‌സൺ , മിക്ക് ജാഗർ എന്നിവരുടെ ഫോട്ടോകൾ ഉൾപ്പെടെ നിരവധി പ്രമുഖരുടെ ചിത്രങ്ങൾ രേഖകളിലുണ്ട്. ചില ഫോട്ടോകളിലും ട്രാൻസ്ക്രിപ്റ്റുകളിലും എപ്സ്റ്റീനും അദ്ദേഹത്തിൻ്റെ ദീർഘകാല വിശ്വസ്തയും ബ്രിട്ടീഷ് സാമൂഹിക പ്രവർത്തകയുമായ ഗിസ്ലെയ്ൻ മാക്സ്വെല്ലും ഉൾപ്പെടുന്നുണ്ട്.
എപ്സ്റ്റീനുവേണ്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ റിക്രൂട്ട് ചെയ്ത കുറ്റത്തിന് 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നിലവിൽ മാക്സ്വെൽ. കഴിഞ്ഞ ദിവസം ബിൽഗേറ്റ്സും, നോം ചോസ്കിയും അടക്കമുള്ളവരുടെ എപ്സ്റ്റീൻ എസ്റ്റേറ്റിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
എപ്സ്റ്റീൻ പീഡിപ്പിച്ച 1200 ഓളം ഇരകളെ നീതി ന്യായ വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരകളെ തിരിച്ചറിയുന്ന ഭാഗങ്ങൾ രേഖകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുറത്തു വന്ന ചിത്രങ്ങളിലെ സ്ത്രീകളുടെ ചിത്രങ്ങളും മുഖം മറച്ച രീതിയിലാണ്. എസ്റ്റേറ്റിൽ എത്തിച്ചിരുന്ന പെൺകുട്ടികളിലേറെയും യുക്രെയ്ൻ , റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് ഇവരുടെ പാസ്പോർട്ട് വിവരങ്ങളിൽ നിന്നും മനസ്സിലാവുന്നത്. വർഷാവസാനത്തോടെ ഇത് സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നാണ് വിവരം.