ഇന്ത്യൻ ടൂറിന്റെ ഭാഗമായി മുംബൈയിൽ എത്തിയ മെസിക്കും സംഘത്തിനും വാങ്കഡെ സ്റ്റേഡിയത്തിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ അവിസ്മരണീയമായ പല മുഹൂർത്തങ്ങളും അരങ്ങേറി. ഇന്ത്യയുടെ സൂപ്പർ ഫുട്ബോൾ താരം സുനിൽ ഛേത്രിക്ക് തന്റെ 10ാം നമ്പർ അർജന്റീന ജേഴ്സി മെസി കൈമാറിയതും സച്ചിൻ തന്റെ 10ാം നമ്പർ കുപ്പായം ഫുട്ബോൾ ഇതിഹാസത്തിന് സമ്മാനിച്ചതും കാണികളെ ആവേശത്തിലാഴ്ത്തി. സച്ചിന്റെ സ്നേഹ സമ്മാനത്തിന് പകരമായി ലോകകപ്പിലെ ഫുട്ബോളാണ് മെസി നൽകിയത്. എന്നാൽ, ഇത്തരം മനോഹര നിമിഷങ്ങൾക്കിടയിൽ സിനിമാ താരങ്ങളെ വേദിയിലേക്ക് വിളിച്ച് ആദരിച്ചത് കാണികൾക്ക് രസിച്ചില്ല.
കൊൽക്കത്തയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത മുന്നൊരുക്കങ്ങളോടെയാണ് വാങ്കഡെ സ്റ്റേഡിയത്തിൽ പരിപാടി സംഘടിപ്പിച്ചത്. ഗ്രൗഡിൽ ഇറങ്ങിയ മെസിക്കൊപ്പം വിവിഐപികൾ ആരുമുണ്ടായിരുന്നില്ല. ബോഡി ഗാർഡുകളുടെ അകമ്പടിയോടെ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലെത്തിയ മെസി ഗ്യാലറിയിലേക്ക് പന്ത് അടിച്ചുനൽകി. തുടർന്ന് വനിതാ ഫുട്ബോൾ താരങ്ങൾക്കൊപ്പം കുറച്ചു നേരം പന്ത് പാസ് ചെയ്തു. റോഡ്രിഗോ ഡി പോൾ, ലൂയി സുവാരസ് എന്നിവരും മെസിക്ക് ഒപ്പം ഉണ്ടായിരുന്നു.
ഇതിനു ശേഷമാണ് വിവിഐപികൾ ഓരോന്നായി മെസിയുമായി ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിൽ കൂടിക്കാഴ്ച നടത്തിയത്. മെസിയെ കാണാൻ എത്തിയ സച്ചിൻ ടെണ്ടുൽക്കറിനേയും സുനിൽ ഛേത്രിയേയും കയ്യടികളോടെ സ്വീകരിച്ചപ്പോൾ സിനിമാ താരങ്ങളായ അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവരോട് നേർ വിപരീതമായാണ് കാണികൾ പെരുമാറിയത്.
വേദിയിലേക്ക് എത്തിയ ടൈഗർ ഷ്റോഫിനെ 'യൂത്ത് ഐക്കൺ' എന്നും 'ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആക്ഷൻ താരം' എന്നുമാണ് പരിചയപ്പെടുത്തിയത്. മഹാരാഷ്ട്രയിലുടനീളമുള്ള യുവ ഫുട്ബോൾ പ്രതിഭകളെ വളർത്തുന്നതിനും സ്കൗട്ടിങ്, പരിശീലനം എന്നിവ ലഭ്യമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രോജക്ട് മഹാദേവയുടെ മുഖമെന്ന നിലയിലാണ് താരത്തെ വേദിയിലേക്ക് ക്ഷണിച്ചത്. നടനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആദരിക്കുമ്പോൾ ഗ്യാലറിയിൽ നിന്നും ഉച്ചത്തിലുള്ള കൂവലുകൾ ഉയർന്നു. ഇത് അന്തരീക്ഷത്തെ അസ്വസ്ഥമാക്കി.
അജയ് ദേവ്ഗൺ വന്നപ്പോഴും ഇത് ആവർത്തിച്ചു. അച്ചടക്കവും ലക്ഷ്യബോധവുമുള്ള നടൻ എന്നായിരുന്നു പരിചയപ്പെടുത്തൽ. ഇന്ത്യയുടെ ഇതിഹാസ ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിന്റെ ജീവിതം പറഞ്ഞ 'മൈദാൻ' എന്ന ചിത്രത്തിലെ അജയ്‌യുടെ പ്രകടനത്തെ എടുത്തുകാണിച്ചിട്ടും ജനക്കൂട്ടത്തിന്റെ പ്രതികരണത്തിന് വലിയ മാറ്റമുണ്ടായില്ല. നടനെ ആദരിക്കുമ്പോഴും കാണികൾ ബഹളം തുടർന്നു.
എക്സിൽ ഈ വീഡിയോ വൈറൽ ആണ്. മെസിയെ കാണാനാണ് എത്തിയതെന്നും അല്ലാതെ സിനിമാ താരങ്ങളെ ആദരിക്കുന്നത് കാണാനല്ലെന്നുമാണ് വീഡിയോ പങ്കുവച്ച ഫുട്ബോൾ ആരാധകരിൽ ഭൂരിഭാഗവും കുറിച്ചത്. കാണികൾ ബഹളം വയ്ക്കുമ്പോഴും രണ്ട് നടന്മാരും സംയമനം പാലിക്കുന്നതും അഭിനേതാക്കളെ ഹ്രസ്വമായി അഭിവാദ്യം ചെയ്ത ശേഷം ലയണൽ മെസിയും സംഘവും സ്റ്റേഡിയത്തിലെ ശബ്ദം അടങ്ങാൻ നിശബ്ദമായി അരികിൽ കാത്തുനിൽക്കുന്നതും വീഡിയോയിൽ കാണാം.