

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയായി രംഗത്തെത്തിയത് മുതൽ സൊഹ്‌റാൻ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിലാണ് ലോകശ്രദ്ധ. മേയറായി തെരഞ്ഞെടുക്കപ്പെട്ടതോടെ കരുത്തുറ്റ രാഷ്ട്രീയ ശബ്ദമായി ഈ ഇന്ത്യൻ വംശജൻ മാറി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് രാഷ്ട്രീയപരമായി നേർക്കുനേർ നിൽക്കുന്ന മംദാനി സംവിധായിക മീരാ നായരുടെ ഏകമകനാണ്. ഇപ്പോഴിതാ മകനെപ്പറ്റി സംസാരിക്കുകയാണ് മീരാ നായർ.
മീരയുടെ 'മൺസൂൺ വെഡ്ഡിങ്' എന്ന ചിത്രത്തിന്റെ 25ാം വർഷികത്തോട് അനുബന്ധിച്ച് ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് സംവിധായിക മകനെപ്പറ്റി വാചാലയായത്. 'മൺസൂൺ വെഡ്ഡിങ്ങി'ന്റെ 25ാം വർഷികത്തെപ്പറ്റിയാണ്, സൊഹ്റാനെപ്പറ്റിയല്ല എന്ന് പറഞ്ഞതുകൊണ്ടാണ് താൻ സംസാരിക്കാൻ തയ്യാറായത് എന്ന് പറഞ്ഞു കൊണ്ടാണ് മീര സംഭാഷണത്തിന് തുടക്കമിടുന്നത്. എന്നാൽ ഒടുവിൽ അഭിമുഖം സൊഹ്റാനിലേക്ക് തന്നെ എത്തി.
കമ്പാല, ഡൽഹി, ന്യൂയോർക്ക് എന്നിങ്ങനെ മൂന്ന് നഗരങ്ങളിലായാണ് മീരയും കുടുംബവും ജീവിക്കുന്നത്. "എന്റെ വീട്ടിൽ എപ്പോഴും ഹിന്ദുസ്ഥാനിയിലാണ് സംസാരിച്ചിരുന്നത്. ഫായിസ് അഹ്മദ് ഫായിസിന്റെ കവിതകളും ഗസലുകളും കേട്ടാണ് ഞാൻ വളർന്നത്. മഹ്മൂദും (പങ്കാളി) അങ്ങനെ തന്നെ. ഞങ്ങളുടെ വീടുകളിൽ സംഗീതം നിറഞ്ഞിരുന്നു. എന്നെ സിനിമയെടുക്കാൻ പ്രേരിപ്പിക്കുന്നതും മഹ്മൂദിനെ തന്റെ പുസ്തകങ്ങൾ എഴുതാൻ പ്രേരിപ്പിക്കുന്നതും ഇതാണ്...," മീര പറയുന്നു. സംസ്കാരം, സംഗീതം, കവിത, നൃത്തം, ഊഷ്മളമായ കുടുംബജീവിതം എന്നിവ നിറഞ്ഞ ഇത്തരം ഒരു സാഹചര്യത്തിലാണ് മംദാനി വളർന്നത്. ചെറുപ്പത്തിൽ കസിൻസിനെ കാണുന്നതും കണ്ടെത്തുന്നതും സൊഹ്റാന് ഇഷ്ടമായിരുന്നു എന്ന് മീര ഓർക്കുന്നു.
'സോറു' എന്നാണ് മീരാ നായര്‍ മകനെ വാത്സല്യത്തോടെ വിളിക്കുന്നത്. ബോളിവുഡ് ചിത്രങ്ങൾ കണ്ടാണ് സൊഹ്റാൻ വളർന്നത്. അതാണ് പ്രചരണ വീഡിയോകളിൽ കണ്ടത്. അതെല്ലാം മംദാനിയുടെ സ്വന്തം നിർമിതികളാണെന്നും തനിക്കതിൽ പങ്കില്ലെന്നും മീര പറയുന്നു. ഹംനെ ദസ്-ഹസാർ ദർവാസെ ഖത്-ഖതായെ ഹെയ്ൻ (ഞാൻ 10,000 വാതിലുകളിൽ മുട്ടിയിട്ടുണ്ട്) എന്നിങ്ങനെ കട്ടിയുള്ള ചില വാചകങ്ങളുടെ ഉച്ചാരണം ശരിയാക്കാൻ മാത്രമാണ് താൻ സഹായിച്ചിട്ടുള്ളത്. 'മുന്നാ ഭായ് എംബിബിഎസ്' ആണ് സൊഹ്റാൻ മംദാനിയുടെ ഇഷ്ട ചിത്രമെന്നും മീര പറയുന്നു. 16 തവണയാണ് രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത ചിത്രം സൊഹ്റാൻ കണ്ടത്. സോയ അക്തർ സംവിധാനം ചെയ്ത 'ലക്ക് ബൈ ചാൻസ്' ആണ് ന്യൂയോർക്ക് മേയർക്ക് ഇഷ്ടപ്പെട്ട മറ്റൊരു ചിത്രം. ആ സിനിമയിലെ സംഭാഷണങ്ങൾ തിരിച്ചും മറിച്ചും പറയാൻ സൊഹ്റാന് സാധിക്കുമെന്നും മീര പറഞ്ഞു.
'ഹാരി പോട്ടർ' ഫ്രാഞ്ചൈസിയിലെ ചിത്രം ഒഴിവാക്കാൻ കാരണം സൊഹ്റാൻ മംദാനിയാണെന്നും മീര പറഞ്ഞു. 'ദ നെയിംസേക്ക്' എന്ന ചിത്രവും 'ഹാരി പോട്ടറും' സംവിധാനം ചെയ്യാനുള്ള അവസരം ഒരുമിച്ചാണ് മീരയെ തേടി വരുന്നത്. ഏത് തെരഞ്ഞെടുക്കണമെന്ന് അവർ സൊഹ്റാനോട് അഭിപ്രായം തേടി. "അമ്മേ, ഹാരി പോട്ടര്‍ സംവിധാനം ചെയ്യാന്‍ ഒരുപാട് പേര്‍ വേറെയുണ്ട്. പക്ഷേ ദി നെയിംസേക്ക് നിങ്ങള്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കൂ" എന്നാണ് ആ 14കാരൻ പറഞ്ഞത്.
'ദ സ്യൂട്ടബിൾ ബോയ്' എന്ന സീരീസിൽ പ്രധാന വേഷത്തിൽ മീര കണ്ടിരുന്നതും സൊഹ്റാനെയാണ്. "ആ വേഷം അവന്‍ ചെയ്യണമെന്ന് ശരിക്കും ഞാന്‍ ആഗ്രഹിച്ചിരുന്നു. 'ഇത്തരം ഓഫറുകള്‍ കിട്ടാനായി മരിക്കാന്‍ വരെ തയ്യാറാകുന്ന ആളുകളുണ്ട്. പക്ഷേ ഞാന്‍ ആ കൂട്ടത്തിൽപെട്ടയാളല്ല' എന്നായിരുന്നു അവന്റെ മറുപടി. അഭിനയിക്കാന്‍ വിമുഖതയുള്ള നടനായിരുന്നു അവന്‍," മീരാ നായര്‍ പറഞ്ഞു.