'ഇത് കുറ്റകൃത്യം'; നേതാജിയെ പ്രഭാസിന്റെ മാസ് ഡയലോഗിനായി ഉപയോഗിച്ചു; 'ഫൗജി' ടീസർ പിൻവലിക്കണമെന്ന ആവശ്യവുമായി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം

ഒക്ടോബർ 23-ന് പുറത്തിറങ്ങിയ ടീസറിന്റെ തുടക്കത്തിൽ, 1942-ൽ ബെർലിനിൽ വെച്ച് നേതാജി സുഭാഷ് ചന്ദ്രബോസും ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
Netaji's Family Demands Prabhas' Fauzi Teaser Pulled Over Hitler Scene
Netaji's Family Demands Prabhas' Fauzi Teaser Pulled Over Hitler SceneNews Malayalam 24x7
Published on: 
Updated on: 

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം 'ഫൗജി'യുടെ ടീസറിനെതിരെ രൂക്ഷവിമർശനവുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം രംഗത്ത് . ചരിത്രപുരുഷനായ നേതാജിയെയും അഡോൾഫ് ഹിറ്റ്‌ലറെയും സിനിമയിലെ നായക കഥാപാത്രത്തെ പുകഴ്ത്താനുള്ള വെറുമൊരു ഉപകരണമാക്കി മാറ്റി ചരിത്രത്തെ വികലമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നേതാജിയുടെ സഹോദരപൗത്രൻ ചന്ദ്ര കുമാർ ബോസ് രംഗത്തെത്തി. വിവാദ ടീസർ ഉടനടി പിൻവലിക്കണമെന്നും, ഇന്ത്യൻ ജനതയോടും സ്വാതന്ത്ര്യസമരത്തെ വിലമതിക്കുന്നവരോടും സംവിധായകൻ ഹനു രാഘവപുഡി പരസ്യമായി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബർ 23-ന് പുറത്തിറങ്ങിയ ടീസറിന്റെ തുടക്കത്തിൽ, 1942-ൽ ബെർലിനിൽ വെച്ച് നേതാജി സുഭാഷ് ചന്ദ്രബോസും ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗത്തിൽ, ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തെ തകർത്ത അതിശക്തനായ ചാരനും തന്ത്രജ്ഞനുമായ പോരാളിയെന്ന നിലയിൽ പ്രഭാസിന്റെ സാങ്കൽപ്പിക കഥാപാത്രത്തെ നേതാജി നേരിട്ട് ഹിറ്റ്‌ലർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. യഥാർത്ഥ ചരിത്രപുരുഷനായ നേതാജിയെക്കൊണ്ട് ഒരു സാങ്കൽപ്പിക സിനിമയിലെ നായകനെ പുകഴ്ത്തിപ്പറയിക്കുന്ന ഈ രംഗമാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

Netaji's Family Demands Prabhas' Fauzi Teaser Pulled Over Hitler Scene
‘ഫയൽ നമ്പർ 25’ ; പ്രഭാസ് - ഹനു രാഘവപുടി ചിത്രം "ഫൗസി" ഗ്ലിംപ്സ് വീഡിയോ

"ചരിത്രത്തെ സിനിമാ ഭാവനകളുമായി കൂട്ടിക്കലർത്തുന്നത് കുറ്റകൃത്യമാണ്. സംവിധായകൻ ഹനു രാഘവപുഡിയും അദ്ദേഹത്തിന്റെ ടീമും ഈ ടീസർ പിൻവലിക്കുമെന്നും, ചരിത്രത്തെ വളച്ചൊടിക്കാത്ത പുതിയൊരു ടീസർ പുറത്തിറക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. പ്രഭാസും ഇത് കാണുമെന്ന് കരുതുന്നു," എന്ന് ചന്ദ്ര കുമാർ ബോസ് എക്സിൽ കുറിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും നേതാക്കളെയും സിനിമകളിൽ ചിത്രീകരിക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് അവകാശമുണ്ടെങ്കിലും ചരിത്രപരമായ വസ്തുതകളിൽ വെള്ളം ചേർക്കരുതെന്ന് ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

ദേശീയ നായകന്മാരെ വെച്ച് സിനിമയെടുക്കുമ്പോൾ വസ്തുതകൾ വളച്ചൊടിക്കുന്നത് അവരുടെ മഹത്വത്തെ ഇടിച്ചുതാഴ്ത്തുന്നതിന് തുല്യമാണ്. 1942-ൽ ഫാസിസത്തെ ശക്തമായി എതിർത്തിരുന്ന ജനാധിപത്യവാദിയായ നേതാജി, അന്നത്തെ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ജർമ്മനിയുടെയും ജപ്പാന്റെയും സൈനിക സഹായം തേടുകയെന്ന ഭൗമരാഷ്ട്രീയ തന്ത്രം മാത്രമാണ് പയറ്റിയത്. എന്നാൽ സിനിമയിൽ ഒരു സിനിമാ ഹീറോയ്ക്ക് ബിൽഡ്-അപ്പ് കൊടുക്കാനുള്ള ഡയലോഗുകൾ നേതാജിയുടെ വായിൽ തിരുകിക്കയറ്റിയത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Netaji's Family Demands Prabhas' Fauzi Teaser Pulled Over Hitler Scene
'സ്പിരിറ്റ്' വൈകും; പ്രഭാസ് - സന്ദീപ് റെഡ്ഡി വാങ്ക ചിത്രത്തിന്റെ റിലീസ് തീയതിയിൽ മാറ്റം

സമൂഹമാധ്യമങ്ങളിലും ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത് "പ്രഭാസിനെ ഹൈപ്പ് ചെയ്യാൻ നേതാജിയെ ഉപയോഗിക്കുന്നത് എന്തിനാണ്?" എന്നും അണിയറപ്രവർത്തകർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ആരാധകർ രോഷം കൊള്ളുന്നു. മൈത്രി മൂവി മേക്കേഴ്‌സും ടി-സീരീസും ചേർന്ന് നിർമ്മിച്ച് 2027 മാർച്ച് 19-ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ വിവാദങ്ങളോട് നിർമ്മാതാക്കളോ പ്രഭാസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

News Malayalam 24x7
newsmalayalam.com