

കൊച്ചി: മോഹൻലാലിനെ നായകനാക്കി റാഫി-മെക്കാർട്ടിൻ ഒരുക്കിയ 'ഹലോ' എന്ന ബ്ലോക്ക്ബസ്റ്റർ കോമഡി ചിത്രത്തിന്റെ ഷൂട്ടിങ് ഓർമ പങ്കുവച്ചിരിക്കുകയാണ് മുതിർന്ന പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. സിനിമയുടെ ആദ്യ ദിവസത്തെ ലൊക്കേഷൻ സ്റ്റിൽ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. നർമത്തിൽ തുടങ്ങുന്ന കുറിപ്പ് വേദനയ്ക്കുന്ന ഒരു ഓർമ കൂടി പങ്കുവച്ചാണ് സിദ്ധു അവസാനിപ്പിക്കുന്നത്.
സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച അഡ്വക്കേറ്റ് ശിവരാമൻ എന്ന കഥാപാത്രത്തിന്റെ വീടായി സെറ്റിട്ടിരുന്നത് വരിക്കാശേരി മനയിലാണ്. അവിടെയായിരുന്ന ആദ്യ ദിവസത്തെ ഷൂട്ടിങ്. പൂജയൊക്കെ കഴിഞ്ഞ് ആദ്യത്തെ ഷോട്ട് എടുത്ത് കഴിയുമ്പോഴേക്കും സിനിമാ സംഘത്തെ തേടി ആ വാർത്തയെത്തി. മോഹൻലാലിന്റെ പിതാവിന്റെ ആരോഗ്യനില വഷളാണ്! ഉടൻ ഷൂട്ടിങ് നിർത്തിവച്ച് നടന് മടങ്ങേണ്ടി വന്നു. ആ ദിവസം തന്നെ അദ്ദേഹത്തിന്റെ പിതാവ് വിശ്വനാഥൻ നായർ അന്തരിച്ചുവെന്നും സിദ്ധു പനയ്ക്കൽ ഓർക്കുന്നു.
ഹലോ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങിന്റെ ഫോട്ടോകളിൽ ഒന്നാണിത്. വരിക്കാരിശേരി മനയാണ് ലൊക്കേഷൻ. സാധാരണ എന്റെ സുഹൃത്തുക്കളൊക്കെ ഞാനുമായി ഫോണിൽ സംസാരിക്കുമ്പോൾ ഏതാണ് അടുത്ത പടം എന്നൊക്കെ ചോദിക്കാറുണ്ട് ഞാൻ പടത്തിന്റെ പേരും പറയും. ഈ പടം വന്നപ്പോൾ ഇതേ ചോദ്യത്തിന് ഞാൻ ഹലോ എന്ന് മറുപടി പറയും. ഉടനെ അവിടെനിന്ന് ഹലോ എന്ന് തിരിച്ച് പറയും. അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കുന്നില്ല എന്ന രീതിയിലാണ് അവർ ഹലോ എന്ന് പറയുന്നത് ഹലോ എന്ന് രണ്ടോ മൂന്നോ തവണ അങ്ങോട്ടും ഇങ്ങോട്ടും ആവർത്തിച്ച ശേഷമാണ് ഇത് സിനിമയുടെ പേരാണെന്ന് അവർക്ക് മനസിലാകുന്നത്.
ഒറ്റപ്പാലം ഊട്ടി തിരുവനന്തപുരം ഇവിടങ്ങളിൽ ഒക്കെയായിരുന്നു ലൊക്കേഷൻ. ജിതിൻ ആർട്സിന്റെ ബാനറിൽ ജോയ് ശക്തികുളങ്ങര നിർമ്മിച്ച ഈ ചിത്രം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തത് റാഫി മെക്കാർട്ടിനാണ്. വലിയ ഹിറ്റായിരുന്നു ഈ സിനിമ. എല്ലാവർക്കും സന്തോഷം നൽകിയ ഈ വിജയത്തോടൊപ്പം ഷൂട്ടിംഗ് തുടങ്ങി ഒന്നാമത്തെ ദിവസം ദുഃഖകരമായ ഒരു സംഭവം കൂടി നടന്നു. പൂജയൊക്കെ കഴിഞ്ഞ് ആദ്യത്തെ ഷോട്ട് എടുത്ത് കഴിയുമ്പോഴേക്കും വാർത്തയെത്തി. ലാലേട്ടന്റെ അച്ഛന് അസുഖം കൂടുതലാണ്. വിവരം അറിഞ്ഞ ഉടൻ ഷൂട്ടിങ് നിർത്തിവെച്ച് ലാലേട്ടൻ മടങ്ങി. ദുഃഖകരമായ വസ്തുത ആ ദിവസം തന്നെ ഈ ലോകത്തിലെ എല്ലാ കടമകളും പൂർത്തിയാക്കിയശേഷം ലാലേട്ടന്റെ അച്ഛനും ദൈവത്തിനടുത്ത് മടങ്ങി എന്നതാണ്.