'എമ്പുരാനേ' സ്റ്റൈൽ പാട്ടുകളിൽ നിന്ന് 'മജക്കോ മല്ലിക'യിലേക്ക്; ആനന്ദ് ശ്രീരാജ് അഭിമുഖം

'എമ്പുരാൻ എനിക്കൊരു പാൻ ഇന്ത്യൻ സ്വീകാര്യത തന്നു'
ആനന്ദ് ശ്രീരാജ് അഭിമുഖം
ആനന്ദ് ശ്രീരാജ് അഭിമുഖംSource: News Malayalam 24x7
Published on
Updated on

ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി പോൾ ജോർജ് ഒരുക്കിയ 'കാട്ടാളൻ' സിനിമയിലെ ഡാൻസ് നമ്പർ 'മജക്കോ മല്ലിക' അടുത്തിടെയാണ് പുറത്തിറങ്ങിയത്. 'പുഷ്പ', 'ജയിലര്‍' തുടങ്ങിയ വമ്പന്‍ പാന്‍ ഇന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധ നേടിയ സുനില്‍ വിസ്മയിപ്പിക്കുന്ന ചുവടുകളുമായി അടിത്തിമിർക്കുന്ന ഗാനം. ഇതിലെ പുരുഷ ശബ്ദം അരുടേതാണ് എന്നറിയുമ്പോൾ ആരും ഒന്ന് അത്ഭുതപ്പെടും. ഇത് അയാൾ തന്നെയാണോ എന്ന് ചോദിച്ചു പോയേക്കും.

ഒരു വർഷം മുൻപ്, 'എമ്പുരാൻ' സിനിമയുടെ ട്രെയ്‌ലർ ഇറങ്ങിയ പാതിരാവിൽ നമ്മളെ അയാൾ ഞെട്ടിച്ചിരുന്നു. മോഹൻലാലിന്റെ ഇൻട്രോയിൽ കേട്ട ആ ഘനമുള്ള ശബ്ദം - ആനന്ദ് ശ്രീരാജ്.

"പിതാവിന്റെയും പുത്രന്റെയും ഇടയിൽ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്. തമോഗോളങ്ങളുടെ എമ്പുരാൻ" എന്ന ഡയലോഗ്. അതിനു ശേഷം വരുന്ന ആ 'കില്ലർ വോയിസ്' ആരും മറക്കില്ല. ഇപ്പോഴും ട്രെയ്‌ലറിലെ ആ ഭാഗം തരുന്ന രോമാഞ്ചത്തിനായി ആരാധകർ യൂട്യൂബിലേക്ക് ഇരച്ചെത്തുന്നു. 2026ൽ ഇതിൽ നിന്ന് വേറിട്ട ഒരു ഗാനവുമായ ആനന്ദ് എത്തിയിരിക്കുന്നു. 'കാട്ടാളനിൽ' ഭദ്രയ്ക്ക് ഒപ്പം പാടിയ പാട്ടിന്റെ വിശേഷങ്ങളുമായി ആനന്ദ് ശ്രീരാജ്.

'മജക്കോ മല്ലിക' - ട്രയൽ നോക്കിയതാണ്

'കാട്ടാളൻ' എന്ന സിനിമയിലെ ഈ പാട്ടിന്റെ ജോലികൾ കുറച്ച് നാൾ മുൻപ് തന്നെ തുടങ്ങിയിരുന്നു. ഇതിനു മുൻപ് അജനീഷ് ലോക്‌നാഥ് കംപോസ് ചെയ്ത ഒരു കന്നഡ പാട്ടിന് ഞാൻ ഡബ്ബ് പാടിയിട്ടുണ്ട്. ഒരു ദിവസം ആർട്ടിസ്റ്റ് കോർഡിനേറ്റർ കെ.ബി. വിൻസെൻ്റ് എന്നെ വിളിച്ചു. അദ്ദേഹമാണ് ഈ പാട്ടിന് വേണ്ടി അജനീഷിന് മ്യൂസിഷ്യൻസിനെ കോർഡിനേറ്റ് ചെയ്ത് കൊടുത്തിരുന്നത്. അദ്ദേഹം ഒന്ന് ശ്രമിച്ചു നോക്കാൻ പറഞ്ഞു. ഒരു ട്രയൽ. എന്റെ അറിവ് ശരിയാണെങ്കിൽ കുറഞ്ഞത് ഒരു അഞ്ചാറ് പേരെങ്കിലും ഈ പാട്ട് പാടിയിട്ടുണ്ടാവും.

എനിക്കാണെങ്കിൽ ഇതൊരു പുതിയ പരിപാടി. ഞാൻ ഇതുവരെ ഇങ്ങനത്തെ ഒരു പെപ്പി നമ്പർ ചെയ്തിട്ടില്ല. 'എമ്പുരാൻ' പോലത്തെ പരിപാടികളാണ് ഞാൻ മൊത്തം ചെയ്തിട്ടുള്ളത്. ഞാൻ ട്രൈ ചെയ്തു. പിന്നെ അങ്ങോട്ട് ഇതിനെക്കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. ഒരു ട്രയൽ ആയിരുന്നല്ലോ, വേറെ ആരെയെങ്കിലും കൺഫേം ആക്കിയിരിക്കും എന്ന് വിചാരിച്ചു. പക്ഷേ, അവിചാരിതമായി സോങ്ങ് റിലീസിന് മൂന്ന് ദിവസം മുൻപ് ഒരു കോൾ വന്നു - "ആനന്ദേ, നിന്റെ ട്രാക്കാണ് കൺഫേം ചെയ്തിരിക്കുന്നത്," എന്നാണ് പറഞ്ഞു.

ചെറിയ രണ്ട്-മൂന്ന് കറക്ഷൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് പരിഹരിച്ച് വാലന്റൈൻസ് ഡേയുടെ അന്ന് സോങ്ങ് റിലീസ് ചെയ്യുകയായിരുന്നു.

അജനീഷ് ലോക്നാഥ് ചിൽ ആണ്!

ഞാനും അജനീഷും ഫോണിലൂടെയാണ് സംസാരിച്ചിട്ടുള്ളത്. നേരിട്ട് കണ്ടിട്ടില്ല. ഓൺലൈനിലൂടെയാണ് പാട്ടിനെപ്പറ്റി ഒക്കെ പറഞ്ഞുതരിക. 'മജക്കോ മല്ലിക' ട്രയൽ പാടുമ്പോഴും നേരിട്ട് സൂപ്പർവിഷൻ ഉണ്ടായിരുന്നില്ല. പാട്ട് കേട്ടുകഴിഞ്ഞപ്പോൾ ഭയങ്കര ഇഷ്ടപ്പെട്ടു, എനിക്ക് ഇത്തരം പാട്ടുകളും ചെയ്യാൻ പറ്റും എന്നും പറഞ്ഞു.

നേരിട്ട് സംസാരിക്കുമ്പോൾ മനസിലാകും - ആള് ചിൽ ആണ്! കന്നഡയാണെങ്കിലും അത്യാവശ്യം നല്ല മലയാളം പറയും.

ഗായകൻ ആനന്ദ് ശ്രീരാജ്
ഗായകൻ ആനന്ദ് ശ്രീരാജ്Source: Arranged

കരിയർ മാറ്റിയ, 'എമ്പുരാനേ...'

'ബിഫോർ ക്രൈസ്റ്റ്, ആഫ്റ്റർ ഡെത്ത്' എന്ന് പറയും പോലെ എനിക്ക് 'ബിഫോർ എമ്പുരാനും ആഫ്റ്റർ എമ്പുരാനും' ആണ്. എന്റെ ജീവിതം ആകെ മാറി. 'എമ്പുരാന്' മുൻപും ഞാൻ കുറച്ച് പാട്ടുകൾ ചെയ്തിട്ടുണ്ട്. പക്ഷെ, അതൊന്നും അങ്ങനെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 'എമ്പുരാൻ'

എനിക്കൊരു പാൻ ഇന്ത്യൻ സ്വീകാര്യത തന്നു. രവി ബസ്രൂറിന്റെ കസിൻ സച്ചിൻ ബസ്രൂറിന് വേണ്ടി ഒരു കന്നഡ സിനിമയിൽ ഞാൻ പാടി. എന്റെ കന്നഡ അരങ്ങേറ്റമാണത്. ഒരു തമിഴ് സിനിമ ചെയ്തു. അടുത്തിടെ ഹനുമാൻ കൈൻഡും, വിശാൽ ദഡ്ലാനിയും സുഷിൻ ശ്യാമും ഒരുമിച്ച തമ്പ്സ് അപ്പിന്റെ ഒരു പരസ്യം പുറത്തിറങ്ങിയില്ലേ? അതിൽ വിശാൽ ദഡ്ലാനിക്ക് കൊടുക്കാനുള്ള ട്രാക്ക് സുഷിൻ എന്നെക്കൊണ്ടാണ് പാടിപ്പിച്ചത്.

'എമ്പുരാന്' ശേഷം എന്റെ മ്യൂസിക് ബാൻഡ്, വില്ലിങ്ടൺ ഐലൻഡിനും നല്ല ഹൈപ്പാണ് ലഭിച്ചത്. നിരവധി ഷോകൾ ലഭിക്കുന്നുണ്ട്. ആളുകൾ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി.

ആനന്ദ് ശ്രീരാജ് അഭിമുഖം
"മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടൂ"; 'പ്രതിഛായ' പിആർ രാഷ്ട്രീയത്തിന്റെ കഥയോ?

'വില്ലിങ്ടൺ ഐലൻഡ്' തിരക്കിലാണ്

വില്ലിങ്ടൺ ഐലൻഡ് എന്ന ബാൻഡ് ഞങ്ങൾ തുടങ്ങിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. അതിന് മുൻപ് ഞങ്ങൾ വെവ്വേറെ ബാൻഡുകളിലായിരുന്നു. പക്ഷേ പരസ്പരം അറിയാം. അങ്ങനെ പല ബാൻഡുകളിൽ നിന്ന് ഞങ്ങൾ ഒന്നിക്കുകയായിരുന്നു.

ഞാനാണ് ലീഡ് സിംഗർ. പിന്നെ സോനു മിൾട്ടൺ കീബോർഡിസ്റ്റ്, അരുൺ കൃഷ്ണ ഗിറ്റാറിസ്റ്റ്, എൽബിൻ ബയർ ബേസ് ഗിറ്റാർ, രാഹുൽ രാജേഷ് ഡ്രമ്മറും, സുബിൻ ജേഴ്സൺ ആണ് ഫ്ലൂട്ടും സാക്സോഫോണും വായിക്കുന്നത്. കഴിഞ്ഞ മാസം ഞങ്ങൾ ആദ്യ ആൽബം പുറത്തിറക്കി - 'റോഡ് ടു ദ ഐലൻഡ്'. ഇന്ത്യ മുഴുവൻ ഞങ്ങൾ ഷോസ് നടത്തുന്നുണ്ട്.

വില്ലിങ്ടൺ ഐലൻഡ് ബാൻഡ്
വില്ലിങ്ടൺ ഐലൻഡ് ബാൻഡ്Source: Arranged

ഇൻഡിപെൻഡന്റ് മ്യൂസിക്, അതും ഹിപ്ഹോപ് ആണ് ഇപ്പോ കൂടുതൽ ആൾക്കാർ കേൾക്കുന്നത്. റോക്ക് മ്യൂസിക് ഒന്നുകൂടി ഒന്ന് ബിൽഡ് ചെയ്ത് കൊണ്ടുവരാൻ ആഗ്രഹമുണ്ട്. ഞങ്ങളുടെ രണ്ടാമത്തെ ആൽബം ഹിപ്ഹോപ്പും കൂടി ചേർത്താണ് പ്ലാൻ ചെയ്തിരിക്കുന്നത്. അടുത്ത വർഷം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഭാവി, ഇൻഡിപെൻഡന്റ് മ്യൂസിക്കിന്റേതാണ്.

ദീപക് ദേവ് - 'എന്റെ ഗോഡ് ഫാദർ'

ദീപക് ഏട്ടൻ എന്റെ ഗോഡ് ഫാദർ ആണെന്ന് തന്നെ പറയാം. ഒന്നുമല്ലാതിരുന്ന എന്നെ'എമ്പുരാൻ' പോലെ ഒരു സിനിമ വിശ്വസിച്ച് ഏൽപ്പിച്ചു. അതിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനാണ്.

"നിന്റെ ശബ്ദത്തിന് ഒരു ടെക്സ്ചർ ഉണ്ട്, വോയിസിന് ഒരു പവർ ഉണ്ട്. അത് മാറ്റുന്ന രീതിയിൽ ഒന്നും തന്നെ ചെയ്യേണ്ട ആവശ്യമില്ല. യു ഗോ വിത്ത് ഇറ്റ്. അതിനെ ബെസ്റ്റ് ആക്കിക്കൊണ്ടിരിക്കുക," എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

'എമ്പുരാൻ' ട്രാക്ക് പാടുമ്പോഴും, ഒറിജിനൽ പാടുമ്പോഴാണെങ്കിലും അദ്ദേഹം അടുത്തുണ്ടായിരുന്നു. സൗണ്ടിന്റെ കാര്യത്തിൽ ഒരു മാസ്റ്റർ മൈൻഡാണ് ദീപക് ദേവ്. ഒന്നും പറയാനില്ല. ഒരു ബാക്ക് എങ്ങനെ സൗണ്ട് ചെയ്യണം, ഒരു സിംഗർ എങ്ങനെ പാടണം, എല്ലാ കാര്യങ്ങളും എനിക്ക് ഡീറ്റെയിൽ ആയിട്ട് പറഞ്ഞുതന്നിരുന്നു. ഒരു പ്രാക്ടിക്കൽ ക്ലാസ്സ് പോലെയായിരുന്നു. എനിക്ക് അതിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ടായിരുന്നു. ആ സ്റ്റുഡിയോ സെഷൻസ് പിന്നീടുള്ള പാട്ടുകളിൽ എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. ഞാൻ നേരത്തെ പറഞ്ഞ തമിഴ്, കന്നഡ സിനിമകളുടെ എല്ലാം റെക്കോർഡിങ് കൊച്ചിയിൽ തന്നെയായിരുന്നു. സംഗീത സംവിധായകർ എല്ലാം ഓൺലൈൻ വഴിയാണ് ബന്ധപ്പെട്ടത്. പക്ഷേ, ദീപക്കേട്ടന്റെ പ്രാക്ടിക്കൽ ക്ലാസ് എനിക്ക് ഉപകാരപ്പെട്ടു. സ്റ്റുഡിയോയിൽ എങ്ങനെ പാടാം, ഓരോ മൈക്കുകൾ എങ്ങനെയാണ്, ഓരോ ആംബുകൾ എങ്ങനെയാണെന്നെല്ലാം ഞാൻ മനസിലാക്കിയത് അദ്ദേഹത്തിൽ നിന്നാണ്.

പാൻ ഇന്ത്യൻ ആണ് റേഞ്ച്...

തമിഴിൽ ആര്യ നായകനായ 'മിസ്റ്റർ എക്സ്' എന്ന സിനിമ ചെയ്തിട്ടുണ്ട്. പിന്നെ കന്നഡയിൽ, 'കരവല്ലി' എന്ന സിനിമ. ഇതൊക്കെയാണ് വരാനിരിക്കുന്ന റിലീസുകൾ. പിന്നെ ഞാൻ പാടിയ നാല് പാട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയിരുന്നു - 'ചത്താ പച്ച', 'സ്പാ', 'പ്രകമ്പനം', പിന്നെ 'കാട്ടാളനും'.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com