ഒരു സുഹൃത്ത് മാത്രമല്ല ശ്രീനിവാസൻ, അതിലും വലിയ ബന്ധമായിരുന്നു: മോഹൻലാൽ
കൊച്ചി: വെള്ളിത്തിരയിലും പുറത്തും പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണ് മോഹൻലാലും ശ്രീനിവാസനും തമ്മിലുണ്ടായിരുന്നത്. ശ്രീനിവാസന്റെ വിയോഗത്തിൽ പ്രതികരിക്കുമ്പോൾ, എത്ര ആഴമേറിയ ബന്ധമാണ് അവർ പങ്കിട്ടതെന്നത് മോഹൻലാലിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ഒരു സുഹൃത്ത് മാത്രമല്ല ശ്രീനിവാസനെന്നും അതിലും വലിയ ബന്ധമായിരുന്നുവെന്നും നടൻ അനുസ്മരിച്ചു. 'മലയാളത്തിന്റെ ശ്രീനിവാസൻ' എന്ന് തന്നെ പറയാമെന്നും മോഹൻലാൽ പറഞ്ഞു.
"വളരെ സങ്കടകരമായ കാര്യമാണ്. ഒരുപാട് വർഷത്തെ സൗഹൃദം... നിരവധി വൈകാരിക മുഹൂർത്തങ്ങൾ അദ്ദേഹവുമായി ഉണ്ട്. ഒരു സുഹൃത്ത് മാത്രമല്ല ശ്രീനിവാസൻ. അതിലും വലിയ ബന്ധമായിരുന്നു. പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെടുമ്പോഴുള്ള വേദനയിലാണ് ഞാൻ," മോഹൻലാൽ പറഞ്ഞു. തന്റെ സിനിമകളിൽ നല്ലത് എന്ന വിശേഷിപ്പിക്കാവുന്നതിൽ ശ്രീനിവാസന്റെ നിരവധി സിനിമകളുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാവിലെയോടെയായിരുന്നു ശ്രീനിവാസന്റെ വിയോഗം. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ ചികിത്സയിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സത്യൻ അന്തിക്കാട് സിനിമകളിലെ മോഹൻലാൽ-ശ്രീനിവാസൻ കോംബോ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായാണ് വിലയിരുത്തുന്നത്. 'സന്മനസുള്ളവർക്ക് സമാധാനം' (1986) എന്ന ചിത്രത്തിലൂടെ സത്യൻ അന്തിക്കാട് ആണ് ഈ കൂട്ടുകെട്ടിലെ മാജിക്ക് കണ്ടെത്തുന്നത്. പിന്നീടങ്ങോട്ട് നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, പവിത്രം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചു. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത 'ഒരു നാൾ വരും' (2010) എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും സ്ക്രീനിൽ ഒരുമിച്ച് എത്തിയത്.
