18ാമത് IDSFFK: "സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചിട്ടില്ല"; വിശദീകരണവുമായി കേന്ദ്ര സർക്കാർ

ശശി തരൂർ എംപി പങ്കുവച്ച എക്സ് പോസ്റ്റ് റീ ഷെയർ ചെയ്തുകൊണ്ടാണ് വാർത്ത വിതരണ മന്ത്രാലയത്തിന്റെ വിശദീകരണം
ഐ.ഡി.എസ്.എഫ്.എഫ്.കെ
ഐ.ഡി.എസ്.എഫ്.എഫ്.കെ
Published on
Updated on

18ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയിൽ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഒരു സിനിമയ്ക്കും പ്രദർശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ആറ് സിനിമകളുടെ കൂടുതൽ വിശദമായ സംഗ്രഹം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രമേയത്തെ മുൻനിർത്തി, ചില സിനിമകൾ പരിശോധനയ്ക്കായി വിവിധ മേഖലകളിലെ ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഐ.ഡി.എസ്.എഫ്.എഫ്.കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങള്‍ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നൽകിയില്ലെന്ന റിപ്പോർട്ട് വലിയ വിവാദമായതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ഐ.ഡി.എസ്.എഫ്.എഫ്.കെ സിനിമകൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചുവെന്ന പത്രവാർത്തയ്‌ക്കൊപ്പം ശശി തരൂർ എംപി പങ്കുവച്ച എക്സ് പോസ്റ്റ് റീ ഷെയർ ചെയ്തുകൊണ്ടാണ് വാർത്ത വിതരണ മന്ത്രാലയം വിശദീകരണം നൽകിയത്.

ശശി തരൂരിന്റെ പോസ്റ്റ്: അടുത്ത ആഴ്ച തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന അഭിമാനകരമായ 18ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയിലേക്ക് (IDSFFK) തിരഞ്ഞെടുക്കപ്പെട്ട 31 സിനിമകൾക്ക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചെന്ന വാർത്ത കണ്ട് ഞാൻ ഞെട്ടിപ്പോയി. ലോക സിനിമയിലെ മികച്ച ചിത്രങ്ങൾക്ക് അഭയസ്ഥാനമൊരുക്കുന്ന ഇന്ത്യയുടെ അഭിമാനകരമായ പാരമ്പര്യത്തോടുള്ള വഞ്ചന മാത്രമല്ല ഇത്, മറിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആസ്തികളിലൊന്നായ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണ്.

സർഗാത്മക കലാകാരന്മാർ, ചലച്ചിത്രപ്രവർത്തകർ, എഴുത്തുകാർ, അവരുടെ സൃഷ്ടികളെ സ്നേഹിക്കുന്നവർ എന്നിവർക്കിടയിൽ ആഗോളതലത്തിൽ നമ്മുടെ രാജ്യത്തിനുള്ള, ഇതിനകം തന്നെ മങ്ങിയ പ്രതിച്ഛായയെ ഇല്ലാതാക്കാനേ സർക്കാരിന്റെ ഈ നടപടി സഹായിക്കൂ. അശ്വിനി വൈഷ്ണവ് ദയവായി ഇത്തരം ഭയാനകമായ തീരുമാനമെടുത്ത ഉദ്യോഗസ്ഥരെ തിരുത്തിക്കൊണ്ട് ഇതിൽ ഇടപെടണം!

സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ ഒൻപത് ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ 31 ചിത്രങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പ്രദര്‍ശനാനുമതി കിട്ടിയില്ലെന്നാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി പറയുന്നത്. 'ഗ്‌ളോബ്' എന്ന മലയാള ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു.

ഐ.ഡി.എസ്.എഫ്.എഫ്.കെ
TIFFൽ ചരിത്രമെഴുതി നാഗാലാൻഡ് ചിത്രം 'അങ്'; പ്ലാറ്റ്‌ഫോം പുരസ്കാരവും ഓസ്കാർ എൻട്രിയും സ്വന്തമാക്കി

ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ക്ക് ഉള്‍പ്പെടെ പ്രദര്‍ശനാനുമതി ലഭിക്കാത്തത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ചലച്ചിത്ര അക്കാദമി കത്ത് അയച്ചിരുന്നു. കേന്ദ്രത്തിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥും ആവശ്യപ്പെട്ടിരുന്നു.

News Malayalam 24x7
newsmalayalam.com