

പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ്, ചലച്ചിത്ര രംഗത്തെ പ്രമുഖരായ രാജ സെൻ, ഡോ. എസ്. കൃഷ്ണസ്വാമി, ടോണി ഗാറ്റ്‌ലിഫ്, കെൻ ജേക്കബ്, എന്നിവർക്കുള്ള ആദരവായി 18ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ ഹോമേജ് പാക്കേജ്.
ആധുനിക ഫോട്ടോ ജേർണലിസത്തിലെ ഇതിഹാസതുല്യനായ പ്രതിഭയായിരുന്ന രഘു റായ്‌യുടെ കലാജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'രഘു റായ്: ആൻ അൺഫ്രെയിംഡ് പോർട്രെയ്റ്റ്'. ഒരു ജീവചരിത്രത്തിനപ്പുറം ഭോപ്പാൽ വാതക ദുരന്തം, ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ തുടങ്ങിയ ചരിത്ര സംഭവങ്ങളെയും ചിത്രത്തിന്റെ സംവിധായികയും അദ്ദേഹത്തിന്റെ മകളുമായ ആവണി റായ് ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു.
രാജ സെൻ സംവിധാനം ചെയ്ത 'ഫിൽമേക്കർ ഫോർ ഫ്രീഡം' എന്ന ഡോക്യുമെന്ററിയാണ് ഈ പാക്കേജിൽ പ്രദർശിപ്പിക്കുന്നത്. പ്രശസ്ത ഇന്ത്യൻ സംവിധായകനായ തപൻ സിഹ്നയുടെ ജീവിതത്തെയും ചലച്ചിത്ര സപര്യയെയും ആസ്പദമാക്കിയുള്ള ബിയോഗ്രഫിക്കൽ ഡോക്യുമെന്ററിയാണിത്. ബംഗാളി സാഹിത്യത്തിൽ വേരൂന്നിയ, മൂന്ന് തവണ ദേശീയ അവാർഡ് നേടിയിട്ടുള്ള പ്രമുഖ ഇന്ത്യൻ സംവിധായകനാണ് അദ്ദേഹം.
പ്രശസ്തനായ ഇന്ത്യൻ ഡോക്യുമെന്ററി ചലച്ചിത്രകാരനും, എഴുത്തുകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. എസ്. കൃഷ്ണസ്വാമിയുടെ 'ത്രൂ എ ഡിഫറന്റ് ലെൻസ്' എന്ന ഡോക്യുമെന്ററി ബ്രിട്ടീഷ് കാലഘട്ടത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ കാണികളിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ചർച്ചചെയ്യുന്നു.
ആഗോള സിനിമയിലെ റോമാ സംസ്കാരത്തിന്റെ പ്രധാന വക്താവായിരുന്ന ഫ്രഞ്ച്-അൾജീരിയൻ-റോമാ സംവിധായകനും തിരക്കഥാകൃത്തുമായി ടോണി ഗാറ്റ്‌ലിഫിന്റെ പ്രശസ്തമായ 'ദി ഔട്ട്‌റേജ്ഡ്' എന്ന ചിത്രമാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2011ലെ യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രക്ഷോഭങ്ങളെ ഒരു അനധികൃത കുടിയേറ്റക്കാരന്റെ കാഴ്ചപ്പാടിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നു.
അമേരിക്കൻ അവന്റ്-ഗാർഡ് ചലച്ചിത്രകാരന്മാരിൽ പ്രമുഖനായ കെൻ ജേക്കബിന്റെ ഒരു തുരങ്കപാതയിലൂടെ കടന്നുപോകുന്ന ട്രെയിനിലൂടെയുള്ള ദൃശ്യങ്ങളെ ആസ്പദമാക്കിയുള്ള 'ലെറ്റ് തേർ ബി വിസിൽബ്ലോവർസ്'എന്ന ഡോക്യൂമെന്ററിയും പ്രദർശനത്തിലുണ്ട്.
മേളയില്‍ പങ്കെടുക്കുന്നതിന് https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഡെലിഗേറ്റായി രജിസ്റ്റര്‍ ചെയ്യാം. പൊതുവിഭാഗത്തിന് ജി.എസ്.ടി. ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്‍ മുഖേന ഓഫ്‌ലൈനായും രജിസ്‌ട്രേഷന്‍ നടത്താം.