

കൊച്ചി: സുമതി വളവ് സിനിമാ വിവാദത്തില്‍ നിര്‍മാതാവിന്റെ വാദങ്ങള്‍ തള്ളി അണിയറപ്രവര്‍ത്തകര്‍. ഏഴ് കോടി രൂപ പറ്റിച്ചു എന്ന മുരളി കുന്നുംപുറത്തിന്റെ ആരോപണം പിന്‍വലിക്കണമെന്ന് സംവിധായകന്‍ അഭിലാഷ് പിള്ള ആവശ്യപ്പെട്ടു. സിനിമയുടെ ചെലവ് പബ്ലിക് ഓഡിറ്റിന് വിധേയമാക്കാന്‍ തയ്യാറാണെന്നും 15-20 കോടി ബജറ്റ് ആകുമെന്ന് മുന്നേ പറഞ്ഞിരുന്നെന്നും അഭിലാഷ് പിള്ള വിശദീകരണവുമായി രംഗത്തെത്തി.
വിഷയം ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ വരെ ബാധിച്ചു തുടങ്ങിയെന്നും വീഡിയോ വന്നു തുടങ്ങിയ ശേഷം താന്‍ മുരളി കുന്നുംപുറത്തെ കണ്ടുവെന്നും തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് മറുപടി കിട്ടിയതെന്നും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു.
'സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ വിചാരിച്ചാല്‍ കൂട്ടാന്‍ കഴിയുന്നതല്ല. മുരളി കുന്നുംപുറത്തിനെ ഞങ്ങള്‍ സമീപിക്കുക ആയിരുന്നു. വേറൊരു കഥയാണ് ആദ്യം പറഞ്ഞത്. എനിക്കും സംവിധായകനും 5 ലക്ഷം രൂപ വീതം അഡ്വാന്‍സ് നല്‍കി. സിനിമ ചെയ്യാന്‍ മുരളിയുടെ കയ്യില്‍ പണം ഉണ്ടായില്ല. സിനിമക്കായി നിക്ഷേപകരെ പരിചയപ്പെടുത്തിയത് ഞങ്ങള്‍ തന്നെ ആണ്. പിന്നീടാണ് സുമതി വളവിന്റെ കഥ പറഞ്ഞത്. അത് ചെയ്യാന്‍ പിന്നീട് തീരുമാനിച്ചു,' അഭിലാഷ് പിള്ള പറഞ്ഞു.
ഷൂട്ടിങ് തുടങ്ങാന്‍ സമയം അക്കൗണ്ടില്‍ 25 ലക്ഷം രൂപ മാത്രമേ ഉള്ളൂ എന്ന് മുരളി കുന്നുംപുറം പറഞ്ഞു. സിനിമയുടെ പകുതി ബജറ്റ് (6 കോടി) നല്‍കാന്‍ ഒരു കമ്പനി തയ്യാറായി. അവര്‍ ഷൂട്ടിനു മുന്‍പ് ഒരു കോടി രൂപ നല്‍കിയെന്നും അഭിലാഷ് പിള്ള പറയുന്നു.
മുരളിക്കൊപ്പം സിനിമ ചെയ്യരുത് എന്ന് പലരും പറഞ്ഞിരുന്നു. സിനിമയുടെ ബജറ്റ് 15-20 കോടി ബജറ്റ് ആകുമെന്ന് ഞങ്ങള്‍ അന്ന് തന്നെ പറഞ്ഞിരുന്നു. വീണ്ടും പണം ചോദിച്ചപ്പോള്‍ സഹ നിര്‍മാണത്തിന് ഇല്ലെന്നും ഫൈനാന്‍സ് ചെയ്യാമെന്നും പലിശ സഹിതം തരാം എന്നും പറഞ്ഞു. അതും മുരളി കുന്നുംപുറം സമ്മതിച്ചുവെന്നും അഭിലാഷ് പറഞ്ഞു.
സിനിമയില്‍ അഭിനയിച്ച പലര്‍ക്കും പ്രതിഫലം പൂര്‍ണമായും നല്‍കിയിട്ടില്ല. സംഗീത സംവിധായകന്‍, ക്യാമറമാന്‍ എന്നിവര്‍ പണം നല്‍കാത്തതിന് കേസ് കൊടുത്തിട്ടുണ്ട്. ഗോകുലം ഗ്രൂപ്പ് നിര്‍മാണത്തില്‍ പങ്കാളി ആയ ശേഷം ആണ് സിനിമ റിലീസ് ചെയ്യാന്‍ കഴിഞ്ഞത്. സിനിമയുടെ ചെലവ് പബ്ലിക് ഓഡിറ്റിന് വിധേയമാക്കാന്‍ തയ്യാറാണ്. ആകെ തന്റെ അക്കൗണ്ടില്‍ വന്നത് 17 ലക്ഷം രൂപയാണ്. 3 ലക്ഷം രൂപ തന്റെ കയ്യില്‍ നിന്ന് വാങ്ങിയെന്നും ആ പണം ഇപ്പോഴും തന്നിട്ടില്ലെന്നും അഭിലാഷ് പിള്ള പറഞ്ഞു.
ഏഴ് കോടി രൂപ പറ്റിച്ചു എന്ന ആരോപണം പിന്‍വലിക്കണം. ഇത് ആദ്യമായല്ല ഇദ്ദേഹം ഇത്തരം വീഡിയോ ചെയ്യുന്നത്. വെള്ളം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ നായകനു കഴിഞ്ഞ ദിവസം അഡ്വാന്‍സ് കൊടുത്തിട്ടുണ്ടല്ലോ. പണം ഇല്ലെങ്കില്‍ ഇതെങ്ങനെ സാധിക്കുമെന്നും അഭിലാഷ് പിള്ള ചോദിക്കുന്നു.