
ആലപ്പുഴ: ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാൽ സലാം' പരിപാടിക്കെതിരെ വിമർശനവുമായി നടൻ ജയൻ ചേർത്തല. 'ലാൽസലാം' എന്ന് പേരിട്ടതിന് പിന്നില്‍ ആ പാർട്ടിയുടെ തത്ത്വങ്ങളുമായി ചേർത്തു കൊണ്ടുപോകാൻ സാധിക്കും എന്ന അതിബുദ്ധിയാണെന്നാണ് വിമർശനം. ബിജെപി അധികാരത്തിൽ വന്ന കാലം തൊട്ടാണ് ഇന്ത്യയിലെ സാംസ്കാരിക കാഴ്ചപ്പാടുകൾക്ക് മാറ്റം സംഭവിച്ചതെന്നും ജയൻ ചേർത്തല ചൂണ്ടിക്കാട്ടി.
കേരളത്തിലെ എൽഡിഎഫ് സർക്കാർ എവിടെ പരിപാടി സംഘടിപ്പിച്ചാലും ഏറ്റവും കൂടുതൽ സ്റ്റേജിൽ കാണുന്നത് സിനിമാ നടന്മാരെയാണെന്നും ജയന്‍ ചേർത്തല പറഞ്ഞു. കേന്ദ്ര സർക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. ഇവർ അനുഷ്ഠിച്ചു വരുന്ന ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ഒരു പരിപാടി പ്ലാൻ ചെയ്യുമ്പോഴും പേരിടുമ്പോഴും അത് പ്രകടമാണ്. മുൻകാലങ്ങളിൽ ഒന്നും കലയെയോ കലാകാരന്മാരെയോ ചേർത്തുവയ്ക്കുന്ന പ്രസ്ഥാനങ്ങൾ ഇത്ര ശക്തിയായി ഇത് ചെയ്തിരുന്നില്ലെന്നും ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനും ശേഷമാണ് ഈ മാറ്റമെന്നും ജയന്‍ ചേർത്തല കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ്, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാര ജേതാവ് മോഹന്‍ലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചത്. 'മലയാളം വാനോളം, ലാൽസലാം' എന്ന് പരിപാടിക്ക് പേരിട്ട ഘട്ടത്തില്‍ തന്നെ വിമർശനങ്ങള്‍ ഉയർന്നിരുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയില്‍ ശിൽപ്പവും കവി പ്രഭാവർമ രചിച്ച കാവ്യപത്രവും നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിച്ചു. 'ഇന്ത്യൻ സിനിമയുടെ സമുന്നതപീഠത്തിന് അധിപനായ ഇതിഹാസ താരം' എന്നാണ് മോഹന്‍ലാലിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രഭാവർമ മോഹൻലാലിനെ കുറിച്ച് രചിച്ച കവിത ഡോ. ലക്ഷ്മി ദാസ് ആലപിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. 10,000 പേർക്ക് ഇരിക്കാൻ സൗകര്യവും, അല്ലാതെ 10,000 പേർക്കുള്ള സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു.