

ചെന്നൈ: പത്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍. തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തിട്ടില്ലെങ്കിലും സംഘകാലത്തെ ചോളരാജാവ് കൊപ്പെരുംചോളനെയും പാണ്ഡ്യ രാജവംശത്തിലെ കവി പിസിരാന്തൈയാറെയും പോലെ നീണ്ട സൗഹൃദമാണ് തങ്ങള്‍ തമ്മില്‍ ഉള്ളതെന്നും കമല്‍ഹാസന്‍ പറഞ്ഞു.
ഇരുവരും പരസ്പരം ആരാധിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരാണെന്നും പുരസ്‌കാര നിറവില്‍ കുറച്ചുകൂടി വ്യക്തിപരമായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു.
'എന്റെ പ്രിയ സുഹൃത്ത് മമ്മൂക്കയ്ക്ക് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരിക്കലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പക്ഷെ എപ്പോഴും സംഘകാലത്തെ ചോളരാജാവ് കൊപ്പെരുംചോളനെയും പാണ്ഡ്യ രാജവംശത്തിലെ കവി പിസിരാന്തൈയാറെയും പോലെ ആഴമുള്ള സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. ഞങ്ങള്‍ ഇരുവരും പരസ്പരം ആരാധിക്കുന്നവരും വിമര്‍ശിക്കുന്നവരുമാണ്. ഇപ്പോള്‍ നമുക്ക് രണ്ട് പേര്‍ക്കും ഒരു അടുത്ത് കാണേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു. ഒരു മമ്മൂട്ടി ഫാന്‍ എന്ന നിലയില്‍ ഞാന്‍ കരുതുന്നത്, എന്റെ ആരാധകരെല്ലാം അദ്ദേഹത്തിന്റെയും വലിയ ആരാധകരാണെന്നാണ്. എന്റെ സുഹൃത്ത് മമ്മൂട്ടി ഇപ്പോള്‍ പത്മഭൂഷണ്‍ മമ്മൂട്ടി ആയിരിക്കുന്നു. അഭിനന്ദനങ്ങള്‍,' കമല്‍ഹാസന്‍ കുറിച്ചു.
പത്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ മമ്മൂട്ടിയെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇപ്പോഴെങ്കിലും അദ്ദേഹത്തിന് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നതിനിടെ പറഞ്ഞു.