കൊച്ചി: രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറെ' പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. പ്രണവ് മോഹന്‍ലാലിന്റെ 'റോഹൻ' എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സെക്ഷ്വൽ ടെന്‍ഷൻ നിറഞ്ഞു നിൽക്കുന്ന ആദ്യ സീനിൽ തന്നെ ഈ കഥാപാത്രത്തിന്റെ പല തലങ്ങളും സംവിധായകൻ പറഞ്ഞുവയ്ക്കുന്നുണ്ട്. നടി അതുല്യ ചന്ദ്രയാണ് ഈ സീനിൽ പ്രണവിനൊപ്പം എത്തുന്നത്.
പ്രണവിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ ആയിരുന്നില്ലെന്നും ആ സീൻ മനോഹരമാക്കാനാണ് ശ്രമിച്ചതെന്നും അതുല്യ ന്യൂസ് മലയാളത്തോട് പറഞ്ഞു. "ആ സീൻ ചെയ്യുമ്പോൾ ടെൻഷൻ ആയിരുന്നില്ല. സീൻ ഭംഗി ആയി വരിക എന്നതിലായിരുന്നു ശ്രദ്ധ. അത് കുറേ നാളായി ഡേറ്റ് ചെയ്യുന്ന ഗേൾഫ്രണ്ട്-ബോയ്‌ഫ്രണ്ട്, അല്ലെങ്കിൽ ഹസ്ബൻഡ്-വൈഫ് കെമിസ്ട്രി അല്ല ആ സീൻ ആവശ്യപ്പെടുന്നത്. ഇവർ തമ്മിലുളളത് ഫ്ലിങ് ആണ്. അതിന്റെ ഒരു എക്സൈറ്റ്‌മെന്റും വൈൽഡ്നെസും വരുന്ന സീന്‍ ആണത്. ഓണസ്റ്റ് ആയി ആ സീന്‍ ചെയ്യാനാണ് ശ്രമിച്ചത്," അതുല്യ പറഞ്ഞു. ഡാൻസ്, ഫൈറ്റ് സീനുകൾ പോലെ കൃത്യമായി കൊറിയോഗ്രഫി ചെയ്ത സീൻ ആയിരുന്നു അതെന്നും നടി കൂട്ടിച്ചേർത്തു.
'മാതു വടലാര' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര അഭിനയരംഗത്തേക്ക് വരുന്നത്. എന്നാല്‍, രമേഷ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഗാനഗന്ധർവൻ' ആണ് ആദ്യം റിലീസ് ആയ സിനിമ. രത്നകുമാർ സംവിധാനം ചെയ്ത 'ഗുലു ഗുലു' എന്ന ചിത്രത്തിലും അതുല്യ ഒരു പ്രധാന വേഷം അവതരിപ്പിച്ചു. പദ്മകുമാർ- റോഷന്‍ മാത്യൂ ചിത്രം, ആസിഫ് അലിക്കൊപ്പം 'ടിക്കി ടാക്ക' എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.