

ചെന്നൈ: തൊണ്ണൂറുകളില്‍ ദക്ഷിണേന്ത്യയിൽ വലിയ തോതില്‍ ഫാൻ ബേസ് ഉണ്ടായിരുന്ന താരമാണ് റോജ സെൽവമണി. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി സിനിമാരംഗത്തിലേക്ക് തിരിച്ചെത്തുന്നു. ഡി.ഡി ബാലചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'ലെനിൻ പാണ്ഡ്യൻ' എന്ന ചിത്രത്തിലൂടെയാണ് റോജയുടെ തിരിച്ചുവരവ്.
'സന്താനം' എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ റോജ അവതരിപ്പിക്കുന്നത്. ഗംഗൈ അമരൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ശിവാജി ഗണേശന്റെ ചെറുമകൻ ദർശൻ ഗണേശനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
നടി ഖുശ്ബു എക്സ് പോസ്റ്റിലൂടെ റോജയ്ക്ക് ആശംസകള്‍ നേർന്നു. "വെൽക്കം ബാക്ക് ഡിയർ, വർഷങ്ങള്‍ക്ക് ശേഷം സന്താനം എന്ന കഥാപാത്രമായി നിന്നെ സ്ക്രീനില്‍ കാണാനാകുന്നതിൽ സന്തോഷം. ലെനിൻ പാണ്ഡ്യന് എല്ലാവിധ ആശംസകളും," ഖുശ്ബു കുറിച്ചു.
രാഷ്ട്രീയത്തിൽ സജീവമാകുന്നതിനായാണ് റോജ സെൽവമണി സിനിമയില്‍ നിന്ന് വിട്ടുനിന്നത്. നിലവിൽ ജഗൻ മോഹൻ റെഡ്ഡിയുടെ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയിൽ (വൈഎസ്ആർസിപി) അംഗമാണ്. നേരത്തെ തെലുങ്ക് ദേശം പാർട്ടിയിലും കോണ്‍ഗ്രസിലും റോജ പ്രവർത്തിച്ചിരുന്നു. അഞ്ച് തവണ (2004, 2009, 2014, 2019, 2024) ആണ് റോജ ജനവിധി തേടിയത്. എന്നാൽ, രണ്ട് തവണ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. രണ്ട് വിജയങ്ങളും വൈഎസ്ആർസിപി ടിക്കറ്റിലായിരുന്നു. കഴിഞ്ഞ സർക്കാരിൽ ആന്ധ്രപ്രദേശിലെ ടൂറിസം, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് സിനിമയിലേക്കുള്ള തിരിച്ചുവരവ്.
2015ല്‍ ആണ് റോജ അവസാനമായി സിനിമയില്‍ അഭിനയിച്ചത്. 'കില്ലാടി’, ‘പുലൻ വിസാരണൈ 2’, ‘എൻ വഴി തനി വഴി’ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് ആ വർഷം നടിയുടേതായി പുറത്തിറങ്ങിയത്.